Connect with us

Gulf

പൊതുമാപ്പ്: അവീറില്‍ വിപുലമായ സൗകര്യങ്ങള്‍; അനധികൃത താമസക്കാര്‍ക്കു ഭയം കൂടാതെ ഉദ്യോഗസ്ഥരെ സമീപിക്കാമെന്ന് മേജര്‍ ജനറല്‍

Published

|

Last Updated

ദുബൈ: അനധികൃത താമസക്കാരായ ആര്‍ക്കും ഭയം കൂടാതെ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്താമെന്ന് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി വ്യക്തമാക്കി. സിറാജ് ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദവി ശരിയാക്കാന്‍ അവീറിലെ താമസ കുടിയേറ്റ കേന്ദ്രത്തില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങണമെന്നുള്ളവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യും. ആരുടെയെങ്കിലും പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈവശമാണെങ്കില്‍ സ്‌പോണ്‍സറെ പൊതുമാപ്പ് കേന്ദ്രത്തിലേക്ക് വിളിപ്പിക്കും. പൊതുമാപ്പ് തേടുന്നയാള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നമുള്ളൂ. കുറ്റകൃത്യം ചെയ്തയാള്‍, അനധികൃത താമസക്കാര്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചാണ് നടപടിക്രമങ്ങള്‍.

പാസ്‌പോര്‍ട്ട് ഇല്ലാത്തയാള്‍ അതാത് നയതന്ത്ര കാര്യാലയത്തില്‍ നിന്ന് ഔട്പാസ് സംഘടിപ്പിക്കണം. അത്തരത്തില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കു യാത്രാ രേഖകളുമായി യു എ ഇ യില്‍ മടങ്ങി എത്തുന്നതിനു തടസ്സമുണ്ടാകില്ല. യാതൊരു പിഴയും ചുമത്തില്ല. അസാധാരണമായ ചില കേസുകള്‍ ലേബര്‍ വകുപ്പിന് വിടും. അവരാണ് അന്തിമ തീര്‍പ്പു കല്‍പ്പിക്കേണ്ടത്. ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കും. അതിന് താമസ കുടിയേറ്റ വകുപ്പില്‍ ഒരു വിഭാഗമുണ്ട്. ചില കേസുകളില്‍ അപേക്ഷകരുടെ സ്വകാര്യത മാനിക്കേണ്ടതുണ്ടാകും. അതിലും ശ്രദ്ധ ചെലുത്തും.

അനധികൃത താമസക്കാര്‍ ആരും ഇവിടെ പാടില്ലെന്ന് മാത്രമേ പൊതുമാപ്പ് കൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ. എല്ലാവര്‍ക്കും ജീവിക്കാന്‍ അനുയോജ്യമായ രാജ്യമായി യു എ ഇ മാറണം. എല്ലാവര്‍ക്കും സന്തുഷ്ടി ഉണ്ടാകണം.
അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്താന്‍ ആര്‍ ടി എ യോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊതുമാപ്പ് കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മേജര്‍ ജനറല്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോ 31 വരെയാണ് പൊതു മാപ്പ്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest