ഫേസ്ബുക്ക് മലയാളിരാജ്യമേ, ഇനി പിരിഞ്ഞുപോകുക

Posted on: July 29, 2018 4:50 pm | Last updated: July 29, 2018 at 4:50 pm
SHARE

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മലയാളികളുടെ മാനസിക വൈകൃതങ്ങള്‍ വെളിപ്പെടുന്നത് ചില വാര്‍ത്തകള്‍ വൈറലാകുമ്പോഴാണ്. അത്തരമൊരു വാര്‍ത്തയായിരുന്നു എറണാകുളം നഗരത്തിലെ പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ നിന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. വൈകിട്ട് കോളജ് യൂനിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന ബിരുദ വിദ്യാര്‍ഥിനിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിശദാംശങ്ങളടങ്ങിയ വാര്‍ത്തയായിരുന്നു അത്. ജീവിതത്തിലെ വെല്ലുവിളികളെ ചിരിച്ചുകൊണ്ട് നേരിടുന്ന ഈ പെണ്‍കുട്ടിയെ ലോകരാഷ്ട്രങ്ങളിലുടനീളമുള്ള മലയാളികളും സോഷ്യല്‍ മീഡിയയും ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. വാര്‍ത്ത വൈറലായതോടെ ഹനാന്‍ എന്ന മിടുക്കിയെ അഭിനന്ദിച്ചും സഹായം വാഗ്ദാനം ചെയ്തും നിരവധി പേര്‍ മുന്നോട്ടുവന്നു.

എന്നാല്‍, മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഹനാന്‍ എന്ന താരത്തിന് വില്ലന്‍ പരിവേഷം ഉണ്ടാകുന്നത്. വ്യാജ വാര്‍ത്ത സൃഷ്ടിച്ച് ഈ പെണ്‍കുട്ടി മലയാളി സമൂഹത്തെ വഞ്ചിച്ചുവെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ചിലര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഇത്രമേല്‍ സ്മാര്‍ട്ട് ആയി ഒരാള്‍ക്കെങ്ങനെ ദാരിദ്ര്യത്തെ നേരിടാന്‍ കഴിയും എന്നതായിരുന്നു വിമര്‍ശകരുടെ പ്രധാന ചോദ്യം. പബ്ലിസിറ്റി കിട്ടാനായി ഹനാന്‍ തന്നെ മാധ്യമങ്ങളെ സംഘടിപ്പിച്ച് വാര്‍ത്തയുണ്ടാക്കി എന്നതായിരുന്നു പുതിയ കണ്ടെത്തല്‍. ഒപ്പം, ഈ പെണ്‍കുട്ടി അഭിനയിക്കാന്‍ പോകുന്നുവെന്നും പുതിയ സിനിമയുടെ പ്രചാരണത്തിന് വേണ്ടിയുണ്ടാക്കിയ കലാപരിപാടിയാണെന്നും വ്യാപക പ്രചാരണം നടന്നു. അതോടെ തെറിപ്പൂരവുമായി ഫേസ്ബുക്ക്‌രാജ്യത്തെ ‘പ്രബുദ്ധ സമൂഹം’ സടകുടഞ്ഞെഴുന്നേറ്റു. തങ്ങളെ തേച്ചവളെ വെറുതെ വിടരുതെന്നും പറഞ്ഞ് ഉറഞ്ഞുതുള്ളി. പിന്നീട് നടന്നത് സോഷ്യല്‍ മീഡിയയിലെ മല്ലു സാംസ്‌കാരിക പ്രകടനങ്ങള്‍. മലയാളത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത വിധം അധിക്ഷേപങ്ങള്‍. പച്ചത്തെറികളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയും ചിറപൊട്ടിയൊഴുകി. ‘തമ്മനത്ത് കാശിന് ശരീരം വില്‍ക്കുന്ന സ്ത്രീകള്‍ക്ക് അവളേക്കാള്‍ മാന്യതയുണ്ട്’, ‘ഈ കൂട്ടിക്കൊടുപ്പുകാരിയെ സഹായിക്കുന്നതിന് പകരം എറിഞ്ഞുകൊല്ലണം’ തുടങ്ങി കേട്ടാല്‍ അറക്കുന്ന മാരക പ്രയോഗങ്ങള്‍. ഒരു ശരാശരി മലയാളിയുടെ മാനസിക വിഭ്രാന്തികള്‍ വെളിപ്പെടുത്തുന്ന ആയിരക്കണക്കിന് കമന്റുകള്‍.

അതോടെ, എന്താണ് സത്യമെന്നറിയാതെ മല്ലൂസ് ആശങ്കയിലായി. ആദ്യം യൂനിഫോം ധരിച്ച ഒരു പെണ്‍കുട്ടി മീന്‍ വില്‍ക്കുന്നത് വാര്‍ത്തയാകുന്നു. ആഘോഷിക്കപ്പെടുന്നു. പിന്നീട് വാര്‍ത്ത തെറ്റാണെന്നും മീന്‍ വില്‍പ്പനയല്ല, സാമ്പത്തിക തട്ടിപ്പാണെന്നും മറ്റൊരു വാര്‍ത്ത വ്യാപകമായി പ്രചരിക്കപ്പെടുന്നു. തമ്മനം അങ്ങാടിയില്‍ ഹനാന്‍ മീന്‍ കച്ചവടം തുടങ്ങിയിട്ട് മൂന്ന് ദിവസമേ ആയുള്ളൂവെന്നും പെണ്‍കുട്ടി മലയാളി സമൂഹത്തെ പറ്റിക്കുകയാണെന്നും തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നും മലയാളികള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്ന് അലറി വിളിക്കുന്നു. എന്താണ് യാഥാര്‍ഥ്യമെന്നറിയാതെ സോഷ്യല്‍ മീഡിയയില്‍ സംഭവം കത്തിനില്‍ക്കുന്നു.
തൊട്ടുപിന്നാലെ, ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ വിശദീകരണം വന്നു. മാന്യമായി ജീവിക്കാനും പഠനം മുന്നോട്ടുകൊണ്ടുപോകാനുമാണ് തന്റെ മീന്‍ വില്‍പ്പനയെന്നും അഭിനയമല്ല, യാഥാര്‍ഥ്യം തന്നെയാണെന്നുമാണ് അവള്‍ വിശദീകരിച്ചത്. വിവാദങ്ങള്‍ വേണ്ടെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും സിനിമയുടെ പ്രചാരണത്തിനായി ഒപ്പിച്ച തട്ടിപ്പല്ലെന്നും അവള്‍ വിശദീകരിക്കുന്നു. തന്റെ ദയനീയത വിശദീകരിച്ച് സോഷ്യല്‍ മീഡിയ തന്നെ വേട്ടയാടുകയാണെന്ന് കരഞ്ഞുപറഞ്ഞാണ് ഹനാന്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. അതിനിടെ, ഹനാന്റെ പശ്ചാത്തലം ശരിവെച്ച് കോളജ് പ്രിന്‍സിപ്പലും രംഗത്തെത്തി. ഒപ്പം എച്ച് ഒ ഡിയും അധ്യാപകരും സഹപാഠികളും ഹനാന്റെ ജീവിതം വിശദീകരിക്കാന്‍ മുന്നോട്ടുവന്നു. അയല്‍വാസികളും നാട്ടുകാരും പറയുന്നു, അവള്‍ക്ക് ഫ്രോഡ് കളിക്കേണ്ട ഒരാവശ്യവുമില്ലെന്ന്.

തൃശൂര്‍ സ്വദേശിയാണ് ഹനാന്‍. മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞു. അതോടെ ഉമ്മ മാനസികമായി തളര്‍ച്ചയിലായി. പ്ലസ് ടു വരെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും മുത്തുമാലകള്‍ വിറ്റുമാണ് ഹനാന്‍ കുടുംബം നോക്കിയത്. ഇത്രയും നാള്‍ ഈ മിടുക്കിയെ കുറിച്ച് ആര്‍ക്കും പരാതിയില്ല. അതേസമയം, ഈ അതിജീവനകഥകള്‍ ശരിവെക്കുന്ന ധാരാളം തെളിവുകള്‍ ഉണ്ടുതാനും. ഇപ്പോള്‍ ഹനാന്‍ നടത്തിയിരിക്കുന്നത് അഭിനയമാണെങ്കില്‍ കണ്ടെത്താനും പൊളിക്കാനും ഒരു പ്രയാസവുമില്ല. ഹനാന്‍ പഠിക്കുന്ന കൊളജ്, കുടുംബാംഗങ്ങള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍, അധ്യാപകര്‍ തുടങ്ങി നിരവധി വാര്‍ത്താ ഉറവിടങ്ങളുണ്ട്.

ദാരിദ്ര്യം പിടിച്ച മലയാളി മനസ്സുകള്‍ക്ക് സത്യം മനസ്സിലാക്കാന്‍ ഇത്ര മേല്‍ വിശദീകരണം ആവശ്യമില്ല. പക്ഷേ ഇത്തരം വൈകാരിക വിഷയങ്ങളില്‍ അര്‍മാദിക്കുന്ന സോഷ്യല്‍ മീഡിയ ജീവികള്‍ക്ക് ചില നിര്‍ബന്ധങ്ങളുണ്ട്. പണിയെടുത്താന്‍ ഭക്ഷണത്തിനുള്ള പൈസ മാത്രം ഉണ്ടാക്കണം. സ്മാര്‍ട്ട് ആവരുത്. ദാരിദ്ര്യം പിടിച്ച് കരുവാളിച്ച മുഖം വേണം. നന്നായി വസ്ത്രം ധരിക്കരുത്. തെരുവില്‍ മീന്‍ വില്‍ക്കുമ്പോള്‍ മാളുകളിലുള്ള പോലെ ഗ്ലൗസും ക്യാപും ധരിക്കരുത്. ഇനി ഏതെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നാല്‍ അടങ്ങിയൊതുങ്ങി ഓച്ഛാനിച്ച് നില്‍ക്കണം. മൂന്ന് ദിവസം പോര, ഒരു വര്‍ഷമെങ്കിലും ഒരേ അങ്ങാടിയില്‍ മീന്‍ വില്‍ക്കണം. ഇങ്ങനെ പോകുന്നു, മലയാളികളുടെ മാനസിക വിഭ്രാന്തികള്‍.

ഇന്നലെ വരെ ജീവിത പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിട്ട ഒരു പാവം പെണ്‍കുട്ടിയെ കേരളം മുഴുവന്‍ കള്ളി എന്ന് വിളിച്ച് ആക്ഷേപിച്ചു. ‘എനിക്ക് സഹായം വേണ്ട, പക്ഷേ ഉപദ്രവിക്കരുത്’ എന്ന ആ പെണ്‍കുട്ടിയെ അപേക്ഷ മുഖവിലക്കെടുത്ത് ഇനിയെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങളും അസഹ്യമായ ആക്ഷേപങ്ങളും നിര്‍ത്തുക. ഫേസ്ബുക്ക് മലയാളി രാജ്യമേ ഇനി പിരിഞ്ഞുപോകുക.
.

LEAVE A REPLY

Please enter your comment!
Please enter your name here