Connect with us

Vazhivilakk

സ്വര്‍ഗത്തിന്റെ താക്കോല്‍ കൊണ്ട് നരകം തുറക്കല്ലേ

Published

|

Last Updated

കമ്മിറ്റി കൂടുന്ന സമയത്ത് ഹുസൈന്‍ കുട്ടിക്ക ഇല്ലെന്നറിഞ്ഞാല്‍ മെമ്പര്‍മാര്‍ക്കെല്ലാം പെരുത്ത് സന്തോഷമാണ്. അപൂര്‍വമായേ മൂപ്പരുടെ അസാന്നിധ്യം കൊണ്ട് ഞങ്ങളുടെ മീറ്റിംഗുകള്‍ അനുഗ്രഹീതമാകാറുള്ളൂ. എന്താ പ്രശ്‌നമെന്ന് വെച്ചാല്‍ പരപരേയുള്ള വര്‍ത്തമാനം തന്നെ. എന്തെങ്കിലും ഒരജണ്ട എടുത്തിട്ട് ചര്‍ച്ച തുടങ്ങേണ്ടതും മറ്റൊരാള്‍ക്കും ഒരക്ഷരവും ഉരിയാടാന്‍ പറ്റാത്തവിധം മരമില്ലിലെ ഈര്‍ച്ചയൊച്ച പോലെ ഇയാള്‍ നാക്കിട്ടടി തുടങ്ങും. എന്നാല്‍ കുറെ പറഞ്ഞാലില്ലേ, ഒന്ന് നിര്‍ത്തിത്തരല്‍. അതില്ല. പിന്നെയും ആരെങ്കിലും ഒരഭിപ്രായം തുടങ്ങുമ്പോഴേക്ക് ഇയാള്‍ വീണ്ടും തുടങ്ങി വാചകമടി! എഴുതുന്നത് തെറ്റാണോ എന്നറിയില്ല, ആളുകള്‍ക്കിടയില്‍ “കത്തി” എന്ന ഓമനപ്പേരിലാണ് മൂപ്പര്‍ രഹസ്യമായി വിനിമയം ചെയ്യപ്പെട്ടത്.

ഇതു പറയുമ്പോള്‍ സാന്ദര്‍ഭികമായി പറയട്ടെ, “ഇന്‍ശാ അല്ലാഹ്” എന്ന് വിളിപ്പേരുള്ള ഒരാള്‍ ഉണ്ടായിരുന്നു. എന്റെ ഒരു സീനിയര്‍ സുഹൃത്താണ് എനിക്കത് പറഞ്ഞു തന്നത്. അദ്ദേഹം ജോലി ചെയ്യുന്ന മഹല്ലില്‍ ആളുകള്‍ പരസ്പരം പറയുക “ഇന്‍ശാഅല്ലാ വന്നോ”, “ഇന്‍ശാഅല്ലാ പോയോ”? “ഇന്ന് ഇന്‍ശാഅല്ലാ ഗള്‍ഫിലേക്ക് പോകുന്നുണ്ട്”… എന്നിങ്ങനെയാണത്രെ. എനിക്കത് കേട്ടിട്ട് കൗതുകമായി, കാര്യമന്വേഷിച്ചു. അപ്പോള്‍ ആള്‍ വാക്കില്‍ ഭയങ്കരമാണത്രെ. എന്ത് പറഞ്ഞാലും ഏറ്റെടുക്കും. പ്രോഗ്രാമിന് സംബന്ധിക്കല്‍, വിവാഹ സഹായം, ഭവനനിര്‍മാണ സഹായം, ചികിത്സാ സഹായം എന്നിങ്ങനെ എന്തും വലിയ ഓഫറോടെ സ്വയം ഏറ്റെടുക്കും. പക്ഷേ, എന്തിന്റെ പിന്നാലെയും ഒരു ഇന്‍ശാഅല്ലാഹ് ഘടിപ്പിക്കും. അത് ഒരു വിശ്വാസിയുടെ മെച്ചപ്പെട്ട മാനറിസത്തിന്റെ ഭാഗമല്ലേ, അതിലെന്താ തെറ്റ് എന്നാണ് ഞാനാദ്യം ചിന്തിച്ചത്. നോക്കുമ്പോള്‍ അങ്ങനെയല്ലത്രെ. ഈ ഏറ്റ കാര്യങ്ങള്‍ അതിന്റെ സമയമെത്തി ബന്ധപ്പെട്ട് നോക്കുമ്പോള്‍ പുള്ളിക്കാരന്റെ പുള്ളി പോലും കണ്ടുകിട്ടുകയില്ല. ഇങ്ങനെ വാക് ലംഘനത്തിന്റെ ഉസ്താദായി ആള്‍ മാറിയപ്പോള്‍ ഇരകളിട്ട ആദരനാമമാണത്രെ “ഇന്‍ശാഅല്ലാഹ്”.

വിളി/ കളിപ്പേര് വിളിക്കാന്‍ പാടില്ല. പക്ഷെ നമ്മളായിട്ട് ഉഡായിപ്പുകളി കളിച്ച് ആളുകളെക്കൊണ്ട് വിളിപ്പേരുകള്‍ ഇരന്നുവാങ്ങരുത് എന്നാണ് ഉണര്‍ത്താനുള്ളത്.
ഇനി ഞങ്ങള്‍ പിരിവിന് പോയ കഥ പറയാം. ഹുസൈന്‍ കുട്ടിക്ക അടക്കം പങ്കെടുത്ത യോഗത്തിലാണ് കാര്യം തീരുമാനമായത്. ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അന്ന് ആ പിരിവിന് പോയ വേളയില്‍ മോള്‍ ലേബര്‍ റൂമിലാണെന്നും പറഞ്ഞ് തടിയൂരി. നാട്ടിലെ അറിയപ്പെട്ട മരംകേറ്റക്കാരനാണ് അസൈനാര്‍. ഏതറ്റംതലവരെയും കയറി ഏത് കൊമ്പും പൂവിറുക്കുമ്പോലെ കൊത്തിയിടും. വിധി എന്ന് പറയാം; ആറ് മാസം മുമ്പ് അദ്ദേഹം മരത്തില്‍ നിന്ന് വീണു. വീഴ്ച എന്നു പറഞ്ഞാല്‍ കഴിഞ്ഞു എന്ന് തന്നെ കരുതിയതാ. പക്ഷേ, മിംസില്‍ ഒരു മാസം കിടന്നപ്പോള്‍ ബോധം തിരിച്ചുകിട്ടി. അരക്കു കീഴെ തീരെ തളര്‍ന്നുപോയി. ഒരു മാസം മുമ്പ് അഞ്ച് പക്ഷിക്കുഞ്ഞുങ്ങള്‍ പോലുള്ള മക്കളെയും യതീമാക്കി, മുപ്പത്തെട്ട് വയസ്സുള്ള മൈമൂനയെ ചുടുവിധവയാക്കി ആള്‍ പരലോകം പൂകി. ആറ് സെന്റിലുള്ള ഒരു കൂര- അതിനപ്പുറം ഒരു സമ്പാദ്യവും അസൈനാര്‍ക്കാക്കില്ല. കടവുമില്ല! (എന്തുഭാഗ്യം!).

കമ്മിറ്റിയില്‍ തീരുമാനമായത് വീട് പൊളിച്ചുപണിയാനും യതീം മക്കളുടെ പേരില്‍ മൂന്ന് പീടികമുറികള്‍ ഉണ്ടാക്കി വാടകക്ക് കൊടുക്കാനുമാണ്. ഗള്‍ഫില്‍ നിന്ന് കുറച്ച് ഓഫര്‍ വന്ന് കിടപ്പുണ്ട്. മെയ്തീനാജിയെ കാണാന്‍ രാത്രി വൈകിയാണ് ഞങ്ങള്‍ ആറ് പേര്‍ ചെന്നത്. വിഷയം പാതി കേട്ടതും ഹാജിയാരങ്ങ് തുടങ്ങിയില്ലേ. അവിടെ കമ്മിറ്റിയുണ്ടാക്കി അത്ര പിരിച്ചത്, മറ്റേടത്ത് ഇത്ര പിരിച്ച് ഫണ്ട് മുക്കിയത്, ട്രസ്റ്റുണ്ടാക്കി കള്ളക്കണക്കെഴുതി കട്ടുതിന്നത്… എന്ന് വേണ്ടാ നേതാക്കളെയും തങ്ങന്മാരെയുമൊക്കെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കുറ്റംപറയുകയും ചെയ്തു. തന്നോട് തന്നെ ഒരു വാഗ്മിപ്രഭു ലക്ഷങ്ങള്‍ വാങ്ങി തിരിച്ചടക്കാത്തതിനെ പറ്റിയും ഏറെ പറഞ്ഞു.

ഒരു കട്ടന്‍ചായ പോലും തരാതെ കുറ്റം തന്നെ കുറ്റം. അട്ടിയട്ടിയായി പറഞ്ഞിളക്കിയത് കേട്ടുമടുത്ത എനിക്ക് അടിക്കുടലില്‍ പിത്തവെള്ളം ഇളകിമറിയുമ്പോലെ തോന്നിത്തുടങ്ങി. ഹാജ്യാരുടെ പ്രസംഗപ്രകാരം ഈ ഞങ്ങളും പിരിവിനിറങ്ങിയിരിക്കുന്നത് എന്തോ ഉള്‍ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണെന്നും പിരിച്ചു കിട്ടുന്നതില്‍ നല്ലൊരോഹരി മാറ്റി ഞങ്ങള്‍ പുട്ടടിക്കുമെന്നുമാണ്, നഊദുബില്ലാഹ്. ആകെ ചടച്ചു. പരിപാടി തന്നെ നിര്‍ത്തി, ട്രസ്റ്റില്‍ നിന്ന് രാജിവെച്ച് വീട്ടിനകത്ത് കൂടിയാലോ എന്നാലോചിച്ചുപോയി. റസാന എന്ന കാവ്യഗ്രന്ഥത്തില്‍ കുരക്കും പട്ടിയെ പറ്റി പരാമര്‍ശിച്ചത് സന്ദര്‍ഭോചിതമായി ഓര്‍മയില്‍ ഒളിവെട്ടി. ഒന്നുമൊട്ടു കൊടുക്കുകയുമില്ല, വരുന്നവരെ കുരച്ചാട്ടുകയും ചെയ്യും, കല്‍ബുന്‍ അഖൂര്‍. ഒന്നും തരാനുദ്ദേശ്യമില്ലെങ്കില്‍ ആദ്യമേ അതങ്ങ് തുറന്നുപറഞ്ഞ് ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ടുകൂടായിരുന്നോ. ഈ കണ്ട ഇരുപത്തഞ്ച് മിനുട്ട് കൊണ്ട് ഞങ്ങളൊരു ഇരുപത്തഞ്ച് ചാക്ക് സിമന്റെങ്കിലും ഒപ്പിക്കുമായിരുന്നില്ലേ.

ചിലരങ്ങനെയാണ്, ഇരകളെ മുന്നില്‍ കിട്ടിയാല്‍ നാക്കാകുന്ന കൊയ്ത്തരിവാള്‍ കൊണ്ട് അരിഞ്ഞ് നുറുക്കും. എങ്ങോട്ടും എങ്ങനെയും ചലിക്കുമെന്ന നാക്കിന്റെ ഫ്‌ളക്‌സിബിലിറ്റിയെ നന്നായി ചൂഷണം ചെയ്യും. ഓര്‍മ വേണേ, സ്വര്‍ഗം തുറക്കേണ്ട താക്കോലാണ് നാക്ക്. നരകം തുറക്കേണ്ടിവരുന്നതും അതേ നാക്ക് കൊണ്ട് തന്നെയാണ്. നാക്കിനെയും ഗോപ്യമേഖലയെയും ബ്രേക്കിട്ട് പിടിച്ചവന് സ്വര്‍ഗം വാക്കുതന്നിട്ടുണ്ട്, മുത്ത് റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം.

ഒരേസയം, തേനും വിഷവും സ്രവിപ്പിക്കാന്‍ പറ്റുന്ന ഇറച്ചിക്കഷ്ണമാണ് നാക്ക്. നല്ലവാക്കും ചീത്തവാക്കും കിനിഞ്ഞിറങ്ങുന്നത് ഈ നാക്കില്‍ നിന്നാണ്. നല്ല വാക്കിനെ വിശുദ്ധ ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത് പഴം കായ്ക്കുന്ന മരത്തോടാണ്; ഒരു മരം അത് അതില്‍ അവസാനിക്കുന്നില്ല. വര്‍ഷാവര്‍ഷം കായ്കനികള്‍ വര്‍ഷിച്ചുതരും എന്നതിന് പുറമെ ആ പഴങ്ങളില്‍ നിന്ന് പുതിയ മരങ്ങളും ആ മരങ്ങളില്‍ നിന്ന് പിന്നെയും പഴങ്ങളും അങ്ങനെ ഒരുനില്‍ക്കാപ്രവാഹമായി തുടരും. ഖുര്‍ആന്‍ ഉപമിച്ച ആ മരത്തിന്റെ വേരുകള്‍ ഭൂമിയില്‍ ഭദ്രമായാഴ്ന്നു കിടക്കുന്നു. ചില്ലകള്‍ ആകാശത്തില്‍ പടര്‍ന്ന് കയറിയിരിക്കുന്നു. നല്ല വാക്കുകള്‍ അല്ലാഹുവിലേക്ക് കയറിപ്പോകുമെന്ന് മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു.

പ്രമുഖരായ സ്വലഫുസ്സ്വാലിഹുകള്‍ പറഞ്ഞുവെച്ചിട്ടുണ്ട്; ചിലരെ കണ്ടാല്‍ കൗതുകം തോന്നിപ്പോകും. പക്ഷേ അവര്‍ മിണ്ടിക്കഴിഞ്ഞാല്‍ ആകെ ഉടഞ്ഞുപോകും. ആരാണ് യഥാര്‍ഥ മുസ്‌ലിം എന്ന് വിശദീകരിച്ചിട്ടുണ്ട് മുത്തുനബി (സ്വ). തന്റെ കൈയിന്റെയും നാക്കിന്റെയും മര്‍ദനങ്ങളില്‍ നിന്ന് അപരര്‍ രക്ഷപ്പെട്ടവരായി ആരുണ്ടോ അയാളാണ് മുസ്‌ലിം. ഇബ്‌നു മസ്ഊദ് തന്റെ സ്വന്തം നാക്കിനോട് പറയും: “നാവേ, നല്ലത് പറഞ്ഞോ. ധന്യയാവാം. വേണ്ടാവാക്കുകള്‍ വെടിഞ്ഞോ, ഖേദിക്കാതെ രക്ഷപ്പെടാം”. നാല് പുണ്യകാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം ത്വാഹാറസൂല്‍ (സ്വ) പറയുന്നു- ഇവകളൊന്നും നിനക്ക് പറ്റില്ലേ, നാക്കിനെ കൂട്ടിലടച്ച് കഴിഞ്ഞോ. വിശക്കുന്നവന് ആഹാരം കൊടുക്കുക, ദാഹിക്കുന്നവന് പാനീയം നല്‍കുക, നല്ലകാര്യം കല്‍പ്പിക്കുക, ചീത്ത കാര്യം തടയുക എന്നിവയാണ് നാല് കാര്യങ്ങള്‍. സുലൈമാന്‍ നബി (അ) പറഞ്ഞതായി പറയപ്പെടാറുണ്ട്: വചനം വെള്ളി, മൗനം തങ്കം. വിശുദ്ധ ഖുര്‍ആനില്‍ നല്ലവാക്കിനെ പല പദപ്രയോഗങ്ങളിലൂടെ പലയിടങ്ങളിലായി പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഭാര്യമാരോടുള്ള, മാതാപിതാക്കളോടുള്ള, അന്യമതസ്ഥരോടുള്ള ശൈലികള്‍ മുതല്‍ കിങ്കരസ്സമ്രാട്ടുക്കളോടുള്ള പദരീതികള്‍ വരെ ഖുര്‍ആന്‍ വേറിട്ട് വിശദീകരിക്കുന്നുണ്ട്. അന്നത്തെ ഹിറ്റ്‌ലര്‍ ആയിരുന്ന ഫറോവയുടെ അടുത്തേക്ക് മൂസാനബി (അ)നെയും ഹാറൂന്‍ (അ)നെയും അയക്കുന്നുണ്ട് അല്ലാഹു. അവിടെ “ഖൗലന്‍ ലയ്യിനന്‍” അഥവാ മൃദുഭാഷ ഉപയോഗിക്കാനാണ് ഖുര്‍ആന്റെ ആഹ്വാനം. അതേസമയം, ദ്വിമുഖികളായ കപടവിശ്വാസികളോട് സംസാരിക്കേണ്ടതിനെ പറ്റി ഖുര്‍ആന്‍ പറഞ്ഞത് “ഖൗലന്‍ ബലീഗന്‍” എന്നാണ്- സര്‍ഗസമൃദ്ധമായ ഭാഷ. ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളായ തിരുഭാര്യമാരോട് അല്ലാഹു പറയുന്നുണ്ട്- “ഖൗലന്‍ മഅ്‌റൂഫ്” മാന്യമായി സംസാരിക്കാന്‍. ഖുര്‍ആന്‍ തഖ്‌വയോട് ചേര്‍ത്തിപ്പറയുന്ന ഒരു സംസാരരീതിയുണ്ട്- “ഖൗലന്‍ സദീദന്‍”. വെള്ളിയാഴ്ച ജുമുഅ ഖുതുബകളില്‍ നിരന്തരമായി ഈ വചനം ഓതിക്കേള്‍പ്പിക്കപ്പെട്ട് പോരുന്നു. വളച്ചുകെട്ടില്ലാത്ത, നേര്‍ക്ക് നേരെ കാര്യംപറയുന്നതാണ് ഖൗലന്‍ സദീദ്. അസത്യത്തിന്റെ ലാഞ്ചന പോലുമില്ലാത്ത നേര്‍വാക്യങ്ങളാണ് ഖൗലന്‍ സദീദ്. പ്രായം ചെന്ന മാതാപിതാക്കള്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിടര്‍ത്തിക്കൊടുത്ത് അവരോട് വന്ദ്യവാചകങ്ങള്‍ ഉരുവിടാന്‍ ഖുര്‍ആന്‍ പറയുന്നു. ആദരബഹുമാനങ്ങളില്‍ കുതിര്‍ത്തെടുത്ത വാക്കുകള്‍- “ഖൗലന്‍ കരീമന്‍”.
വാക്കുകള്‍ രണ്ട് വിധമുണ്ട്. സൂചിവാക്കും കത്രികവാക്കും. സൂചിവാക്ക് മുറിവായ്കളെ കൂട്ടിത്തുന്നി ഉണക്കിയെടുക്കുന്നു. കത്രികവാക്കുകള്‍ കൂടിനിന്നതിനെ രണ്ടാക്കി വെട്ടിയിടുകയാണ് ചെയ്യുക. ചില വാക്കുകള്‍ വാളുകളായിരിക്കും. പക്ഷേ ഓര്‍മിച്ചിരിക്കണം, വാള്‍ മുറിവുകള്‍ മരുന്നുപുരട്ടി മാറ്റിയെടുക്കാം. പക്ഷേ, വാക് മുറിവുകള്‍ കാലങ്ങളെത്ര ചെന്നാലും ഉള്‍പ്പഴുപ്പോടെ ചോരച്ചുനില്‍ക്കും.
ഹസ്‌റത്ത് അലി (റ)ന്റെ ഒരു കാവ്യശകലം ഈ ആശയത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്.
ജറഹാത്തുസ്സിനാനി ലഅല്‍ത്തിആമു
വലായല്‍താമു മാ ജറഹല്ലിസാനു
(പല്ലുപാടുകള്‍ ഉണക്കിയെടുക്കാം, നാക്കുപാടുകള്‍ക്ക് ശമനമില്ലല്ലോ)
പറയുന്നെങ്കില്‍ നല്ലത് പറയുക. ഇല്ലേ, മിണ്ടാതിരിക്കുക- മുത്തുറസൂല്‍(സ്വ).

Latest