Connect with us

Cover Story

കണ്ണീർപാടം

Published

|

Last Updated

നാട്ടിലെ പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം, സര്‍വത്ര ജലം. നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിനൊരാള്‍ വീട്ടില്‍ വള്ളമുണ്ടെങ്കിലുണ്ട്. ക്ഷേത്രത്തിലെ മൂന്ന് മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍. പട്ടി, പൂച്ച, ആട്, കോഴി മുതലായ വളര്‍ത്തുമൃഗങ്ങളും. എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല. ചേന്നപ്പറയന്‍ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ തന്നെ നില്‍ക്കുന്നു. അവന് വള്ളമില്ല.
(വെള്ളപ്പൊക്കത്തില്‍, തകഴി)

*** *** *** ***
ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിടല്ലേയെന്നാണ് ശശിയമ്മ ആഗ്രഹിക്കുന്നത്. ക്യാമ്പില്‍ കഴിയാനുള്ള ഇഷ്ടം കൊണ്ടല്ല; സുരക്ഷിതമായ മറ്റൊരു കൂര ഇല്ലാത്തതിനാലാണ്. കുട്ടനാട്ടില്‍ വെള്ളമിറങ്ങുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്താല്‍ പിന്നീടെങ്ങോട്ട് പോകുമെന്ന് ഈ അറുപതുകാരിക്ക് തിട്ടമില്ല. ജൂലൈ 17ന് ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മടവീഴ്ചയില്‍ ആകെയുണ്ടായിരുന്ന വീട് കല്ലും കട്ടകളുമായി മാറിയതിന്റെ വേദനയിലാണ് ശശിയമ്മ കുതവറച്ചിറയിലെ ക്യാമ്പില്‍ വേദന കടിച്ചമര്‍ത്തി കഴിയുന്നത്. ഭര്‍ത്താവ് പ്രസന്നന്‍ 2013 ജൂണില്‍ ഇതുപോലൊരു മഴക്കാലത്താണ് പനി മൂര്‍ച്ഛിച്ച് മരിച്ചത്. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. എല്ലാവരെയും വിവാഹം കഴിച്ചയച്ചതോടെ ശശിയമ്മ തനിച്ചാണ് വീട്ടില്‍ താമസം. ശക്തമായ കുത്തൊഴുക്കില്‍ വീടും പറമ്പും റേഷന്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകളും മറ്റു സമ്പാദ്യങ്ങളുമെല്ലാം നഷ്ടമായ തനിക്ക് ഇനി സ്വന്തമെന്ന് പറയാന്‍ ഒരു തരി മണ്ണ് പോലുമില്ലെന്ന് ശശിയമ്മ വിലപിക്കുമ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ സ്വന്തം വിഷമങ്ങള്‍ മറന്നു ഇവരെ സമാധാനിപ്പിക്കുകയാണ്.
*****
ഇങ്ങനെ നൂറുകണക്കിന് ശശിയമ്മമാരുടെ കരള്‍ പിളരും ജീവിതകഥകളാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഉയരുന്നത്. പഴമക്കാരുടെ ഓര്‍മയിലുള്ള തൊണ്ണൂറ്റിഒമ്പതിലെ വെള്ളപ്പൊക്കത്തെ നേരിട്ട നാട്. ചെറുതും വലുതുമായ പ്രളയങ്ങളെയെല്ലാം സധൈര്യം ചെറുത്ത കരുത്തിന്റെ പ്രതീകമായ കുട്ടനാടന്‍ ജനത പക്ഷെ, 2018ലെ വെള്ളപ്പൊക്കത്തില്‍ പതറിപ്പോയി. വീടും സമ്പാദ്യങ്ങളുമെല്ലാം ഒറ്റ രാത്രികൊണ്ട് പ്രളയം നക്കിത്തുടച്ച കുട്ടനാട്ടുകാര്‍ക്ക് ഇനിയൊരു തിരിച്ചുവരവ് എപ്പോള്‍ സാധ്യമാകുമെന്ന് പോലും പറയാനാകുന്നില്ല. ജൂലൈ 16ന് ആരംഭിച്ച ശക്തമായ മഴ, മടവീഴ്ചക്കും കൃഷിനാശത്തിനുമെല്ലാം കാരണമായേക്കുമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍, 17ന് ഒറ്റരാത്രി കൊണ്ടുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ എല്ലാം തകര്‍ന്ന് നാമാവശേഷമായത് മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. കുട്ടനാട്ടില്‍ ഒഴുകിപ്പോകാതെ തളം കെട്ടിനില്‍ക്കുന്നത് കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കണ്ണീരാണ്.
വെള്ളപ്പൊക്കം സംസ്ഥാനത്ത് കൂടുതല്‍ നാശം വിതച്ചത് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്ന് കിടക്കുന്ന കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശങ്ങളിലാണ്. കുട്ടനാടന്‍ ജനത കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ദുരിതം വിതച്ച ഒരു വെള്ളപ്പൊക്കമാണ് ഇത്തവണത്തേത്. സാധാരണഗതിയിലുണ്ടാകുന്ന വെള്ളപ്പൊക്കത്തെ ചെറുക്കാനുള്ള ചെപ്പടി വിദ്യകള്‍ ആഴമേറിയ കായലിലെ വെള്ളം വറ്റിച്ച് പൊന്ന് വിളയിക്കുന്ന ഈ കാര്‍ഷിക നാടിന് സ്വന്തമായുണ്ട്. ഒപ്പം കാലാവസ്ഥ അനുകൂലമാകുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതോടെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം വെള്ളമിറങ്ങി കുട്ടനാട് സാധാരണനിലയാകുന്നതാണ് പതിവ്. വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ കാര്യമായി ബാധിക്കാത്ത പ്രദേശങ്ങളും ആളുകളും വേണ്ടത്രയുണ്ടാകും. എന്നാല്‍, ഇത്തവണ എല്ലാ കണക്കുകൂട്ടലുകളും തെറ്റി.

തളംകെട്ടി ദുരിതം

വെള്ളപ്പൊക്കം ബാധിക്കാത്തവരോ നാശം വിതക്കാത്ത പ്രദേശങ്ങളോ ഇത്തവണ കുട്ടനാട്ടില്‍ എവിടെയും കാണാനില്ല. പകുതിയിലധികം പേരും അകന്ന പ്രദേശങ്ങളിലെ ബന്ധുവീടുകളില്‍ അഭയം തേടി. ശേഷിക്കുന്നവര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലും. കന്നുകാലികള്‍ ഉള്ളവരും മറ്റും വീടുകളില്‍ തന്നെ തങ്ങി. വീടിനുള്ളില്‍ കല്ലുകള്‍ അടുക്കിവെച്ച് അതിന് മുകളില്‍ കട്ടില്‍ ഇട്ട് അതില്‍ ഇരുന്ന് ദിവസങ്ങള്‍ കഴിച്ചുകൂട്ടി. വീടിനുള്ളില്‍ തന്നെ വലിയ തടികള്‍ അടുക്കിവെച്ച് അതിന് മുകളിലാണ് പലരും പശുവിനെയും മറ്റും കെട്ടിയത്. വെള്ളപ്പൊക്കമുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും മഴ മാറി നിന്ന് ശക്തമായ വെയിലുണ്ടായിട്ടും കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ഇത് എഴുതുന്നത് വരെ കാര്യമായ ശമനമൊന്നുമുണ്ടായിട്ടില്ല. വീടിനകത്തുപോലും കഴുത്തറ്റം വെള്ളം. സമ്പാദ്യമെല്ലാം നഷ്ടമായി. കരമാര്‍ഗം ഗതാഗതം നിലച്ചു. കുട്ടനാടിലൂടെയുള്ള പ്രധാന പാതയായ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ പലയിടങ്ങളിലും ഒരാള്‍പ്പൊക്കം വെള്ളം. എ സി റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതോടെ ഇത് വഴിയുള്ള സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി റദ്ദാക്കിയത് ദിവസങ്ങളാണ്. ഗ്രാമീണ റോഡുകള്‍ തോടുകളായി. ജലവാഹനങ്ങളുടെ സൗകര്യത്തിന് നിര്‍മിച്ച പാലങ്ങള്‍ മാത്രമായി ഏക അത്താണി. വീടുകളില്‍ താമസിക്കുന്നവരും മറ്റും കൂട്ടമായിരുന്ന് ഭക്ഷണം പാചകം ചെയ്തത് ഇത്തരത്തിലുള്ള ഉയര്‍ന്ന പാലങ്ങള്‍ക്ക് മുകളിലാണ്. അന്തിയുറക്കമെന്നത് പേരിന് പോലുമില്ല. രാവും പകലും വെള്ളമിറങ്ങുന്നതിന്റെ തോത് നോക്കി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. സ്ത്രീകളുടെ കാര്യസാധ്യമായിരുന്നു കൂടുതല്‍ കഷ്ടം. ഇരുള്‍ പരക്കുന്നതും കാത്ത് പിടിച്ചുവെക്കേണ്ടി വന്ന ദയനീയസ്ഥിതി. വൈദ്യുതി നിലച്ചതിനാല്‍ മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും നിര്‍ജീവമായി. മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ പരിധിക്കുപുറത്തായിരുന്നതിനാല്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പോലും പരാജയപ്പെട്ടു. ഇത്തരക്കാരെ കണ്ടെത്താനോ ആശ്വാസമെത്തിക്കാനോ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയാത്തത് എത്ര ദയനീയമാണ്. നിത്യോപയോഗ സാധനങ്ങളെല്ലാം ഇവര്‍ക്ക് അപ്രാപ്യമായിരുന്നു. ശുദ്ധജല പൈപ്പുകളെല്ലാം വെള്ളത്തിനടിയിലായതോടെ മഴയെ ആശ്രയിക്കുക മാത്രമേ പോംവഴിയുണ്ടായുള്ളൂ. പശു, ആട്, കോഴി, താറാവ് തുടങ്ങി വളര്‍ത്തുമൃഗങ്ങള്‍ പലതും ചത്തൊടുങ്ങി. കച്ചവടസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയവയെല്ലാം വെള്ളത്തിനടിയിലായത് ദുരിതത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

നൂറുകണക്കിന് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളിലും വെള്ളക്കെട്ടാണ്. ആകെ ഒരാശ്വാസം എല്ലാവരും ഒത്തൊരുമയോടെ സുഖ, ദുഃഖങ്ങള്‍ പങ്ക് വെച്ചു കഴിയുന്നതിലാണ്. കുട്ടനാട്ടിലെ പല വീടുകളിലും ഒരു ക്യാന്‍സര്‍ രോഗിയുണ്ട്. നെല്ലുത്പാദനം വര്‍ധിപ്പിക്കാന്‍ അമിത വളപ്രയോഗം നടത്തുന്നതിലൂടെയുണ്ടായ ഈ മഹാരോഗം ഇന്ന് കുട്ടനാട്ടുകാരെയാകെ വേട്ടയാടുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ വീടിന്റ മേല്‍ക്കൂര വരെ വെള്ളമെത്തിയിട്ടും പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത കിടപ്പിലായ ക്യാന്‍സര്‍ രോഗികളും ചില കുടുംബങ്ങളിലുണ്ട്. സ്വന്തം വീടുകളില്‍ മരണത്തിന് കീഴടങ്ങിയവരെ നേരാംവണ്ണം സംസ്‌കരിക്കാന്‍ പോലുമാകാത്ത നിസ്സഹായത!

കൃഷിനാശത്തില്‍ ചങ്ക് പൊട്ടി

ദിവസങ്ങളോളം പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട കുട്ടനാടന്‍ ജനതക്ക് സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ടതിലോ വീടുകളും മറ്റും നശിച്ചതിലോ അല്ല ഏറെ ദുഃഖം. തങ്ങളുടെ ജീവന്റെ തുടിപ്പായി കണ്ടുപോരുന്ന രാപ്പകല്‍ അത്യധ്വാനം ചെയ്ത് കായല്‍ നിലം വറ്റിച്ച് വിത്തെറിഞ്ഞ നെല്‍കൃഷി പൂര്‍ണമായും നശിച്ചതില്‍ ചങ്ക് പൊട്ടുകയാണ് ഈ കാരിരുമ്പിന്റെ കരുത്തന്മാര്‍ക്ക്. ദിവസങ്ങളോളം ഊണും ഉറക്കവുമൊഴിച്ച് കണ്ണിമ ചിമ്മാതെ കാവലിരുന്ന നെല്‍പ്പാടങ്ങളെല്ലാം മലവെള്ളപ്പാച്ചിലില്‍ മടവീണ് തകര്‍ന്നതോടെ അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ട അവസ്ഥയായി. വൈക്കത്തെ ഇടയാഴത്ത്, അത്യധ്വാനം നടത്തി കൃഷിയിറക്കിയ പാടശേഖരത്തിന്റെ മടപൊട്ടി വെള്ളം ഇരച്ചു കയറുന്നത് നേരില്‍ കണ്ട കര്‍ഷക തൊഴിലാളി നെഞ്ച് പൊട്ടി മരിച്ചതും ഈ വെള്ളപ്പൊക്കത്തിലാണ്. സ്വന്തം വസ്തുവകകള്‍ സംരക്ഷിക്കുന്നതിനേക്കാള്‍ തിടുക്കത്തില്‍ മണല്‍ചാക്കുകള്‍ അടുക്കി മടവീഴ്ചയെ പ്രതിരോധിക്കാന്‍ കാണിച്ച കര്‍ഷക മനസ്സ്. പാടങ്ങളിലെ വെള്ളം പമ്പ് ചെയ്തു നീക്കാന്‍ ഒരു മാസത്തിലേറെ വേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്ത്രീ പുരുഷ ഭേദമന്യേ കുട്ടനാട്ടുകാര്‍ പൊതുവെ കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെട്ടു നിത്യചെലവുകള്‍ക്ക് പണം കണ്ടെത്തുന്നവരാണ്.

മട

കുട്ടനാട്ടിലെ ജനങ്ങളുടെ ജീവനും നെല്‍കൃഷിയും വെള്ളത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പരമ്പരാഗതമായി സ്വീകരിച്ചുപോരുന്ന പ്രതിരോധമാണ് മട. പ്രകൃതിദത്ത വിഭവങ്ങളുപയോഗിച്ചുള്ള മട നിര്‍മാണം ഏറെ ശ്രമകരവും അത്യധ്വാനം ആവശ്യമുള്ളതുമാണ്. സംരക്ഷണവും തഥൈവ! കുട്ടനാട്ടിലെ ജലാശയങ്ങളില്‍ വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെടുന്ന എക്കല്‍ ചെളിയായി ഉറച്ചുവരുന്ന കട്ടയാണ് മട നിര്‍മാണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് കരിങ്കല്ലിനേക്കാള്‍ ഉറപ്പുള്ളതായാണ് കര്‍ഷകര്‍ പറയുന്നത്. കട്ടയും വൈക്കോലും പച്ചിലക്കമ്പുകളും കൂടി ഇടവിട്ട് പാടശേഖരങ്ങള്‍ക്ക് ചുറ്റും ഉയരത്തില്‍ തീര്‍ക്കുന്ന സംരക്ഷണ വലയമാണ് മട. ഇത് ബലപ്പെടുത്തുന്നതിനായി ഇരുവശവും മുളംകുറ്റി, തെങ്ങിന്‍തടി, ഓല, പനയോല, പനമ്പ് എന്നിവ കൊണ്ട് വീണ്ടും സംരക്ഷണ വലയം തീര്‍ക്കും. ഇതോടെ എത്ര വലിയ വെള്ളപ്പൊക്കത്തില്‍ നിന്നും നെല്‍കൃഷിയെ സംരക്ഷിക്കാന്‍ കഴിയും. പാടശേഖരങ്ങളിലെ വരമ്പ് നിര്‍മാണം കട്ട മാത്രം പൊതിഞ്ഞാണ് നടത്തുന്നത്. പ്രകൃതിദത്ത മടകളില്‍ എലികള്‍ തീര്‍ക്കുന്ന മാളങ്ങളാണ് പലപ്പോഴും വീഴ്ചക്ക് കാരണമാകുന്നത്. കല്‍ക്കെട്ടുകളില്‍ തീര്‍ത്ത പുറം ബണ്ടുകളുടെ ചില ഭാഗങ്ങള്‍ അടര്‍ന്നുപോകുന്നത് മൂലം ആ ഭാഗത്ത് കൂടി വെള്ളം ഇരച്ചുകയറിയും കൃഷി നശിക്കും. പാടശേഖരത്തിലേക്ക് വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനുമായി തെങ്ങിന്റെയും പലകയുടെയും കോണ്‍ക്രീറ്റിന്റെയുമൊക്കെ തൂമ്പുകള്‍ സ്ഥാപിക്കുമ്പോള്‍ മടയ്ക്ക് ഇളക്കമുണ്ടാകും. ചിലപ്പോള്‍ വെള്ളത്തിന്റെ ശക്തമായ തള്ളിച്ചയില്‍ തൂമ്പ് ഇളകിപ്പോകും. മറ്റൊന്ന് പാടശേഖരത്തിലെ വെള്ളം വറ്റിക്കാന്‍ പെട്ടിയും മോട്ടര്‍ തറയും സ്ഥാപിക്കുമ്പോഴുണ്ടാകുന്ന ഇളക്കം മൂലമുണ്ടാകുന്ന മടവീഴ്ചയാണ്.

നെല്ലറക്ക് സഹതാപം വേണ്ട

ആശ്വാസ വാക്കുകളുമായെത്തുന്നവര്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടുന്ന പ്രകൃതം കുട്ടനാട്ടുകാര്‍ക്ക് പണ്ടേ ഇല്ല. അവഗണനയില്‍ പ്രതിഷേധിച്ചുള്ള സമര കോലാഹലങ്ങളോടും താത്പര്യമില്ല. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെയും അവിടുത്തെ ജനങ്ങളുടെയും സംരക്ഷണവും നിലനില്‍പ്പും കേരളീയര്‍ ബാധ്യതയായി ഏറ്റെടുക്കേണ്ടതാണ്. പ്രളയദുരിതം അനുഭവിക്കുന്ന കുട്ടനാടിന് വേണ്ടത് സഹതാപമല്ല. സാധ്യമായ സ്ഥലങ്ങളിലെല്ലാം വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കുകയും കാര്യക്ഷമമായ ജലഗതാഗത സൗകര്യങ്ങള്‍ ക്രമീകരിക്കുകയും വേണം. നിലവിലെ ദുരിതം മാറാന്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലുമെടുക്കുമെന്നാണ് നാട്ടുകാര്‍ കണക്കുകൂട്ടുന്നത്. മടവീഴ്ചയുണ്ടായ സ്ഥലങ്ങളില്‍ മടകുത്തി ആറ്റിലെ വെള്ളം വറ്റിച്ചാലെ വീടിനുള്ളില്‍ കയറിയ വെള്ളം പൂര്‍ണമായി ഇറങ്ങൂ. ദിവസങ്ങളോളം വെള്ളത്തിനടിയിലായ വീടുകള്‍ക്ക് ബലക്ഷയമുണ്ടാകാനുമിടയുണ്ട്. ഇതിന് സര്‍ക്കാറിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയൊ ഒക്കെ സഹായം കൊണ്ടേ സാധ്യമാകൂ. ആറുകളിലെ വെള്ളമിറങ്ങിയാല്‍ പുരയിടത്തിലെ വെള്ളവുമിറങ്ങുമെന്ന പതിവ് പ്രതീക്ഷയിലാണ് ഇത്തവണയും. വെള്ളമിറങ്ങുമ്പോള്‍ വ്യാധികളുടെ വിളനിലമാകും. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ആശ്വാസ പ്രവത്തനങ്ങളാണ് സര്‍ക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്.