ഈ ക്രീസിന് ചുറ്റും ആരവങ്ങളില്ല

ലോകവിശേഷം
Posted on: July 29, 2018 10:56 am | Last updated: July 30, 2018 at 7:35 pm

പാക് ജനാധിപത്യം ശക്തിയാര്‍ജിക്കുക തന്നെയാണ്. സ്വതന്ത്രമായ ശേഷം പകുതി കാലവും പട്ടാള ഭരണത്തിന്‍ കീഴിലായിരുന്ന രാജ്യം പത്ത് വര്‍ഷം ഇടതടവില്ലാത്ത സിവിലിയന്‍ ഭരണം പൂര്‍ത്തിയാക്കിയാണ് ഇത്തവണ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഈ ഒരു ദശകക്കാലം പ്രധാനമന്ത്രിമാര്‍ പലതവണ മാറിയെങ്കിലും സൈന്യം ബാരക്കുകളില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് കയറി വന്നില്ല. കോടതി മുറിയില്‍ നിന്ന് കറുത്ത കോട്ടിട്ട ജഡ്ജിമാര്‍ ഇറങ്ങി വന്ന് സിവിലിയന്‍ സ്ഥാപനങ്ങളെ വിധിപ്പുറത്ത് നിര്‍ത്തിയുമില്ല. പ്രത്യക്ഷമായ അട്ടിമറികള്‍ സുസാധ്യമല്ലാത്ത വിധത്തില്‍ പാക് ജനാധിപത്യം നട്ടെല്ലുറപ്പ് നേടുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലും വോട്ടെടുപ്പ് ദിവസവും മനുഷ്യര്‍ക്ക് മേല്‍ ഉഗ്ര സ്‌ഫോടനം തീര്‍ത്ത് തീവ്രവാദികള്‍ ഭയം വിതച്ചെങ്കിലും ജനകീയ നിശ്ചദാര്‍ഢ്യത്തെ ഉലയ്ക്കാന്‍ അതൊന്നും പര്യാപ്തമായിരുന്നില്ല. അവര്‍ ബൂത്തുകളില്‍ എത്തി. സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിച്ചു. പുറത്തിരുത്തേണ്ടവരെ പുറത്തിരുത്തി. വാഴിക്കേണ്ടവരെ വാഴിച്ചു.
ഹാഫിസ് സഈദിനെപ്പോലുള്ള തീവ്രവാദികള്‍ക്ക് നല്ല അടി നല്‍കി. മതത്തെ വൈകാരികമായി ഉപയോഗിക്കുന്ന ഒരു ഗ്രൂപ്പും പച്ചതൊട്ടില്ല. സഈദിന്റെ അല്ലാഹു അക്ബര്‍ തെഹ്‌രീക് അമ്പതിടത്ത് മത്സരിച്ചിരുന്നു. ആരും ജയിച്ചില്ല. ഹാഫിസിന്റെ ജന്‍മ ദേശത്ത് മത്സരിച്ച മകനെ വരെ ജനം കെട്ടുകെട്ടിച്ചു. തീവ്ര നിലപാടുകളുള്ള തെഹ്‌രീകെ ലബ്ബൈക് പാക്കിസ്ഥാന്‍ 100 സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നു. ഇവര്‍ക്കാര്‍ക്കും വിജയത്തിനരികെ പോലും എത്താനായില്ല. മതാധിഷ്ഠിത പാര്‍ട്ടികളുടെ സഖ്യമായ മുതഹിദാ മജ്‌ലിസേ അമലിനെയും ജനം തള്ളി. ജമാഅത്തെ ഇസ്‌ലാമി ഈ സഖ്യത്തിലായിരുന്നു. കൃത്യമാണ് പാക് ജനതയുടെ മുന്‍ഗണന. അവര്‍ മതവിശ്വാസികളാണ്. പക്ഷേ അവര്‍ മതഭ്രാന്തന്‍മാരല്ല. അവര്‍ വിശ്വസിക്കുന്നത് ബാലറ്റിലാണ്, ബുള്ളറ്റിലല്ല.
അഴിമതിയാണ് പ്രശ്‌നം
അഴിമതിയോടുള്ള ജനങ്ങളുടെ പ്രതികരണമായാണ് ഈ ജനവിധിയെ വിലയിരുത്തേണ്ടത്. നവാസ് ശരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (എന്‍) നല്ല ജനകീയ അടിത്തറയുള്ള പാര്‍ട്ടിയാണ്. സൈന്യത്തെയും കോടതിയെയും രഹസ്യാന്വേഷണ ഏജന്‍സിയെയും പാര്‍ലിമെന്റിനും മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും മുകളില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങളെ നവാസ് ശരീഫ് തുറന്നെതിര്‍ത്തു. ജനറല്‍ പര്‍വേസ് മുശര്‍റഫില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ മാത്രമല്ല നവാസിനെ ഈ നിലപാടിലെത്തിച്ചത്. ബിസിനസ്സുകാരനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തിലുടനീളം അദ്ദേഹം ആര്‍ജിച്ച ബോധ്യമാണത്. അതുകൊണ്ട് 2013ലെ തിരഞ്ഞെടുപ്പില്‍ പി പി പിയെ തറപറ്റിച്ച് അധികാരത്തില്‍ വന്നപ്പോള്‍ ഈ ദിശയില്‍ കരുക്കള്‍ നീക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതിന് ജനസാമാന്യത്തിന്റെ പിന്തുണയുണ്ടായി. ഇന്ത്യയോടുള്ള സമീപനം, ചൈനയോടും അമേരിക്കയോടും പുലര്‍ത്തിയ സന്തുലിത ബന്ധം തുടങ്ങി അദ്ദേഹം സൃഷ്ടിച്ച നല്ല മാതൃകകള്‍ എമ്പാടുമുണ്ട്. അതുകൊണ്ടാണ് ഈ വര്‍ഷം തുടക്കത്തില്‍ ചില പ്രധാന സര്‍വേകള്‍ ഭരണത്തുടര്‍ച്ച പ്രവചിച്ചത്.

പക്ഷേ, പാനമഗേറ്റില്‍ തട്ടി നവാസ് ശരീഫ് മൂക്കു കുത്തി വീണു. ആദ്യം അയോഗ്യത. പിന്നെ ശിക്ഷ. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ നവാസ് ശരീഫിന്റെ കുടുംബം സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന പാനമ രേഖകളാണ് കേസിനാധാരം. അസാമാന്യ വേഗത്തിലാണ് അന്വേഷണവും വിചാരണയും നടന്നത്. കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ വിധി വന്നു. നവാസിന് പത്ത് വര്‍ഷം തടവ്. മകള്‍ക്ക് ഏഴ് വര്‍ഷം. ഈ വിധിയാണ് പി എം എല്‍ എന്നിന്റെ വിധിയെഴുതിയത്. ഏഷ്യന്‍ രാജ്യങ്ങളിലെ നിരവധി നേതാക്കള്‍ക്ക് മേല്‍ പാനമാ പേപ്പര്‍ അര്‍ധരാത്രി സൂര്യനുദിപ്പിച്ചിരുന്നു. അവര്‍ക്കാര്‍ക്കുമില്ലാത്ത വിധിയാണ് നവാസിനുമേല്‍ പതിച്ചത്. അതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒത്ത നടുക്ക് വെച്ച് അദ്ദേഹം അഴിമതിയുടെ പ്രതിരൂപമായി മാറി. കുടുംബം മുഴുവന്‍ കൊള്ളക്കാരാണെന്ന പ്രതിച്ഛായ എളുപ്പത്തില്‍ സൃഷ്ടിക്കപ്പെട്ടു.
അഴിമതി ചങ്ങാത്ത മുതലാളിത്തം എന്നാല്‍ എന്താണെന്ന് പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ജനസാമാന്യത്തിനോട് ചോദിച്ചാല്‍ അവര്‍ക്ക് ശരിയുത്തരം എഴുതാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ അവര്‍ക്കറിയാം, തങ്ങള്‍ അന്നത്തെ പണി ഒഴിവാക്കി ബൂത്തില്‍ ചെന്ന് ചെയ്ത വോട്ടാണ് കോടികളുടെ അഴിമതിയുടെ പ്രാരംഭ മൂലധനമെന്ന്.

അത്തരം തിരിച്ചറിവുകള്‍ ജ്വലിച്ചു നില്‍ക്കുമ്പോഴാണ് അവര്‍ ബൂത്തില്‍ ചെന്ന് പ്രതികാരം ചെയ്യുന്നത്. നവാസ് ശരീഫിന്റെ പാര്‍ട്ടി ഈ പ്രതികാരത്തിന് പാത്രമായിരിക്കുന്നു. യു പി എ രണ്ടിലെ കോണ്‍ഗ്രസിനെപ്പോലെ. ഈ പതനം നവാസ് ശരീഫ് പ്രതീക്ഷിച്ചതാണ്. അതുകൊണ്ടാണ് ലണ്ടനില്‍ മരിക്കാന്‍ കിടക്കുന്ന ഭാര്യയെ അവിടെ ഉപേക്ഷിച്ച് മകളെയും കൂട്ടി ലാഹോറില്‍ വന്നിറങ്ങിയത്. അറസ്റ്റ് വരിച്ചു, ജയിലില്‍ പോയി. ‘ഞാന്‍ തെറ്റു ചെയ്തു, ശിക്ഷയും അനുഭവിക്കുന്നു. എന്നോട് പൊറുക്കണേ’യെന്നാണ് ജനങ്ങളോട് അദ്ദേഹം പറയാന്‍ ശ്രമിച്ചത്. ആരും അത് കേട്ടില്ലെന്ന് മാത്രം.
നിശ്ശബ്ദ അട്ടിമറി?
ഈ സംഭവപരമ്പരകളെയാകെ സൂക്ഷ്മമായി നോക്കുമ്പോള്‍ ബൂട്ടിരമ്പം കേള്‍ക്കാനാകും. നവാസ് ശരീഫ് അധികാരത്തില്‍ തിരിച്ചു വരരുതെന്ന് സൈനിക നേതൃത്വത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇംറാന്‍ ഖാന്‍ വരണമെന്നും. നവാസിന്റെ പാര്‍ട്ടിയിലെ വിമതരെ സൈനിക ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി മത്സരിക്കാന്‍ നിര്‍ദേശം നല്‍കി. അങ്ങനെ വന്നവരാണ് ജീപ്പ് ചിഹ്നത്തില്‍ മത്സരിച്ചത്. ഇവരാണ് ഇപ്പോള്‍ ഇംറാന് എണ്ണം തികക്കാന്‍ പോകുന്നത്. രഹസ്യാന്വേഷണ ഏജന്‍സിയിലെയും മിലിറ്ററി ഇന്റലിജന്‍സിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണ് നവാസിനെതിരായ കേസ് അന്വേഷിച്ചത്. പരാതി നല്‍കിയതാകട്ടേ ഇംറാന്‍ ഖാനും.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പ്രമുഖ പാര്‍ട്ടികള്‍ പരാതി പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഇംറാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് മാത്രം ഒരു പരാതിയുമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര നിരീക്ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വാസത്തിലെടുത്താല്‍ പാക്കിസ്ഥാനില്‍ മൃദു അട്ടിമറി നടന്നുവെന്ന തീര്‍പ്പിലെത്താനാകും. വോട്ടെണ്ണുന്നിടത്തും ഇത് കണ്ടു. ഇംറാന്റെ പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചിടത്ത് നൂന്‍ പാര്‍ട്ടി (പി എം എല്‍- എന്‍) റീ കൗണ്ടിംഗ് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചില്ല. പലയിടത്തും ഇംറാന് മാത്രമേ കൗണ്ടിംഗ് ഏജന്റുമാര്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പറഞ്ഞതൊന്നും ഈ ജനാധിപത്യ പ്രക്രിയയുടെ വിശുദ്ധി കളഞ്ഞ് കുളിക്കാന്‍ പോന്നതല്ല. കേവല ഭൂരിപക്ഷത്തിലെത്താന്‍ ഇംറാന് കഴിഞ്ഞില്ലെന്നത് മാത്രം മതി ഇതിന് തെളിവ്. പക്ഷേ തോറ്റവര്‍ അടങ്ങിരിക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. അക്രമാസക്ത പ്രക്ഷോഭത്തിന്റെ നാളുകളാണോ ഈ ‘പരാജിത രാഷ്ട്ര’ത്തെ കാത്തിരിക്കുന്നത്?
പഞ്ചാബിന്റെ ഫലം
1988 മുതല്‍ നൂന്‍ പാര്‍ട്ടി ഭരിക്കുന്ന പ്രവിശ്യയാണ് പഞ്ചാബ്. നവാസ് ശരീഫിന്റെ തട്ടകം. ഇന്ത്യയില്‍ യു പിയുടെ സ്ഥാനമാണ് പാക്കിസ്ഥാനില്‍ പഞ്ചാബിനുള്ളത്. പഞ്ചാബ് പിടിച്ചാല്‍ ഇസ്‌ലാമാബാദ് പിടിച്ചു. 141 പേരെയാണ് ഇവിടെ നിന്ന് പാര്‍ലിമെന്റിലേക്ക് അയക്കുന്നത്. 2013ല്‍ 118 സീറ്റാണ് നൂന്‍ പാര്‍ട്ടി ഇവിടെ നിന്ന് നേടിയത്. അന്ന് ഇന്‍സാഫ് നേടിയത് വെറും എട്ട് സീറ്റ്. ഇത്തവണ അതാകെ തകിടം മറിഞ്ഞു. അങ്ങനെ എല്ലാ പ്രവിശ്യകളിലും മേധാവിത്വം ഉറപ്പിച്ച് ഇംറാന്റെ പാര്‍ട്ടി 116 സീറ്റ് നേടി. മുത്തഹിദ ക്വാമി മൂവ്‌മെന്റിന്റെയും ജീപ്പ് സ്വതന്ത്രന്‍മാരുടെയും പിന്തുണയോടെ ഇംറാന്‍ ഖാന്‍ ഭരിക്കും.
പഞ്ചാബിലെ തോല്‍വിയാണ് പി എം എല്‍ എന്നിനെ അധികാര ഭ്രഷ്ടമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്. അതിന് സവിശേഷമായ കാരണങ്ങളുണ്ട്. ഒരു കാലത്ത് നവാസിനൊപ്പം അടിയുറച്ച് നിന്നിരുന്ന പ്രവിശ്യയിലെ അതിസമ്പന്ന കുടുംബങ്ങള്‍ ഇത്തവണ കളം മാറിയെന്നതാണ് ഏറ്റവും പ്രധാനം. നവാസിന്റെ കഥ കഴിഞ്ഞുവെന്ന് വിലയിരുത്തിയ അവര്‍ ഇംറാനൊപ്പം നിന്നു.

2008 മുതല്‍ രാജ്യത്താകെയുള്ള ഇടത്തരക്കാര്‍ ഇംറാനില്‍ പ്രതീക്ഷയര്‍പ്പിച്ച് തുടങ്ങിയിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ മിഡില്‍ ക്ലാസ് ജനതയുള്ള പാക്കിസ്ഥാനില്‍ ഇക്കൂട്ടരാണ് വിധി നിര്‍ണയിക്കുകയെന്ന് ഇംറാന്‍ കണക്ക് കൂട്ടിയിരുന്നു. വിദ്യാസമ്പന്നരും ക്രിക്കറ്റ് പ്രേമികളും സാമൂഹിക മാധ്യമങ്ങളില്‍ സജീവവുമായ ഇക്കൂട്ടര്‍ അഴിമതി പോലുള്ള വിഷയങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നവരാണ്. ഇംറാന്റെ റാലികളെ ജനനിബിഡമാക്കിയത് ഇവരാണ്. പഞ്ചാബിലെ മറ്റൊരു പ്രബല സമൂഹം സൈനിക കുടുംബങ്ങളില്‍ നിന്നുളളവരാണ്. മിക്ക കുടുംബങ്ങളിലും സൈനിക ഉദ്യോഗസ്ഥരുണ്ട്. മക്കളെയും മക്കളുടെ മക്കളെയും അവര്‍ സൈന്യത്തിലയക്കുന്നു. സൈനിക അപ്രമാദിത്വത്തിനെതിരെ നവാസ് നടത്തിയ നീക്കങ്ങള്‍ സ്വാഭാവികമായും ഇത്തരക്കാരെ അതൃപ്തരാക്കി.
ജനപ്രിയ ഇന്നിംഗ്‌സ്
ക്രിക്കറ്റില്‍ ആള്‍ റൗണ്ടറാണ് ഇംറാന്‍ ഖാന്‍. രാഷ്ട്രീയത്തിലും അതേ പാറ്റേണ്‍ തന്നെയാണ് അദ്ദേഹം പയറ്റുന്നത്. ഇരമ്പുന്ന ആള്‍ക്കൂട്ടമാണ് അദ്ദേഹത്തിന്റെ ഊര്‍ജം. സൈന്യം അടക്കമുള്ള എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കായി പുലരുവോളം വാദിക്കുന്ന ഇംറാന്‍ ഖാന്‍ പരിവര്‍ത്തനത്തിന്റെ വക്താവുമാണ്. മതമാണ് അദ്ദേഹത്തിന്റെ ഇരുതല മൂര്‍ച്ചയുള്ള ആയുധം. മതനിന്ദ തടയല്‍ നിയമം കൂടുതല്‍ ശക്തമാക്കാനായി അദ്ദേഹം വാദിക്കും. മതത്തെ വൈകാരികമായി ഉപയോഗിക്കുന്നവരുമായി കൂട്ടു കൂടും. താലിബാന്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരാണെന്ന് തുറന്നടിക്കും. അങ്ങനെ താലിബാന്‍ ഖാനെന്ന കുറ്റപ്പേര് സമ്പാദിക്കും. അപ്പോഴും ഹൈവോള്‍ട്ടേജ് ദേശീയത കത്തിച്ച് വെക്കും.

പാക് ദേശീയതക്ക് ഇന്ത്യാവിരുദ്ധത അനിവാര്യമെന്ന പൊതുബോധത്തില്‍ നിന്ന് ഇംറാനും പുറത്ത് കടക്കുന്നില്ല. വ്യക്തതയുള്ള ഒരേയൊരു നിലപാടേ ഈ മുന്‍ ക്യാപ്റ്റന്‍ മുന്നോട്ട് വെച്ചിട്ടുള്ളൂ- അഴിമതിവിരുദ്ധത.
ഭരണം പിടിക്കാന്‍ പോപ്പുലിസത്തിന്റെ എല്ലാ അടവും അദ്ദേഹം പയറ്റിയിട്ടുണ്ട്. പ്രകടന പത്രികയില്‍ ഉടനീളം ഉട്ടോപ്യന്‍ വാഗ്ദാനങ്ങളാണ് ഉള്ളത്. കടക്കെണിയില്‍ കുടുങ്ങി നില്‍ക്കുന്ന സമ്പദ്‌വ്യവസ്ഥയെ ഊര്‍ജസ്വലമാക്കിയേ തീരൂ. ഐ എം എഫിനെ തന്നെ സമീപിക്കണം. ചൈനക്ക് മുമ്പിലും കൈനീട്ടേണ്ടി വരും. വല്ലാതെ ചൈനയിലേക്ക് ചാഞ്ഞാല്‍ അമേരിക്കക്ക് പിടിക്കില്ല. കടിച്ചു കീറാന്‍ നില്‍ക്കുന്ന ട്രംപിനെ എങ്ങനെ അനുനയിപ്പിക്കും? പുറത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യയെ എന്ത് ചീത്തയും വിളിക്കാം. ശരീഫ് മുട്ടിലിഴഞ്ഞുവെന്ന് അപഹസിക്കാം. പ്രധാനമന്ത്രിപദത്തിലിരിക്കുമ്പോള്‍ ഉത്തരവാദിത്വം കാണിക്കേണ്ടി വരും. ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിട്ടേ ഇംറാനും മുന്നോട്ട് പോകാനാകൂ.
ഈ ക്രീസിന് ചുറ്റും ആരവമില്ല. നാലു പാടു നിന്നും വിമര്‍ശങ്ങളുടെ ബൗണ്‍സറുകള്‍ ചീറി വരും. പഴുതടച്ച ഫീല്‍ഡിംഗുമായി സൈന്യം വരിഞ്ഞുമുറുക്കും. അഴിമതി ഗ്രസിച്ച ഉദ്യോഗസ്ഥ, രാഷ്ട്രീയ വ്യവസ്ഥ ചതിക്കുഴികള്‍ തീര്‍ക്കും. ഇംറാന്‍ ഖാന്റെ നേതൃഗുണം കെട്ടുകഥയായിരുന്നോ അല്ലയോ എന്ന് ഇനിയാണ് തെളിയുക. ഇന്ത്യയുടെ എതിര്‍പദമല്ല പാക്കിസ്ഥാനെന്ന ഉറച്ച ബോധ്യത്തില്‍ ഇംറാന് നല്ലൊരു കൈയടി നല്‍കാം.