Connect with us

Articles

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍: എതിര്‍ക്കാന്‍ കാരണങ്ങളുണ്ട്‌

Published

|

Last Updated

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ ലക്ഷ്യംവെച്ച് കൊണ്ടുവരുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഏത് രീതിയില്‍ ബാധിക്കുമെന്ന ചര്‍ച്ചകള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭരണകൂട വിധേയമാക്കിയെടുക്കുകയെന്ന അരാഷ്ട്രീയ തന്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമായാണ് വിദ്യാഭ്യാസ വിചക്ഷണര്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു ജി സി) പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപവത്കരിക്കുന്നതിനെ നോക്കി കാണുന്നത്. ഇതിനെല്ലാം പുറമെ ഉന്നതവിദ്യാഭ്യാസ മേഖലയെ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയവത്കരിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുന്നതിനൊപ്പം ഈ മേഖലയിലെ സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ഇല്ലാതാക്കുക കൂടി ചെയ്യുകയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലിമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ പാസ്സാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് മാനവ വിഭവശേഷി മന്ത്രാലയം. എന്നാല്‍ ഈ വിഷയത്തില്‍ രാജ്യത്തെ വിവിധ പ്രശ്‌നങ്ങളില്‍ നിലപാടറിയിച്ച ജെ എന്‍ യു അടക്കമുള്ള ക്യാമ്പസുകള്‍ പോലും മൗനത്തിലാണെന്നതാണ് ദുഃഖകരം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി ഈ മേഖലയിലെ നിയന്ത്രണ സമിതിയായ യു ജി സി പൂര്‍ണമായി റദ്ദ് ചെയ്ത് ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ രൂപവ്തരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 1956ലെ യു ജി സി നിയമം റദ്ദ് ചെയ്ത് ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിയമം -2018 എന്ന നിയമം കൊണ്ടുവരികയാണ് സര്‍ക്കാര്‍.

സര്‍ക്കാര്‍ കൊണ്ടുവരുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ കരടിലെ പ്രധാന നിബന്ധന സര്‍വകലാശാലകള്‍ക്ക് നല്‍കുന്ന പണം കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് എത്തിക്കുകയെന്നതാണ്. ക്യാമ്പസുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കുകയെന്നതാണ് ഇതുവഴി കേന്ദ്രം ലക്ഷ്യമിടുന്നത്. പുതിയ നീക്കത്തിലൂടെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നത് പൂര്‍ണമായും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരിക്കും. ഈ ഗവേര്‍ണന്‍സ് സംവിധാനത്തില്‍ ഓണ്‍ലൈന്‍ വഴി ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ മുഖേന അപേക്ഷിച്ചാല്‍ മാത്രമേ ഇനി ഗ്രാന്റുകള്‍ ലഭിക്കൂ. ഭൂമിയുടെ ലഭ്യത, വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെ വിശദ വിവരങ്ങള്‍, അധ്യാപന സൗകര്യങ്ങള്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമായിരിക്കണം അപേക്ഷിക്കേണ്ടത്. ഈ വിവരങ്ങള്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ പൊതു അഭിപ്രായ രൂപവത്കരണത്തിനായി പ്രസിദ്ധീകരിക്കും. അപേക്ഷ മാനദണ്ഡങ്ങള്‍ തെറ്റിച്ചു കൊണ്ടുള്ളതാണെങ്കില്‍ അത് തള്ളാനും ഇവര്‍ പിന്നീട് അപേക്ഷ സമര്‍പ്പിക്കുന്നത് തടയാനും കമ്മീഷന് കഴിയും. ഇതോടെ സര്‍വകലാശാലകള്‍ രാജ്യത്തെ സാമൂഹിക- രാഷ്ട്രീയ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയും.

കമ്മീഷന്‍ വരുന്നതോടെ സര്‍ക്കാറില്‍ നിന്ന് ഫണ്ട് എങ്ങനെ തരപ്പെടുത്താമെന്ന കാര്യത്തില്‍ മാത്രമായിരിക്കും സര്‍വകലാശാല അധികൃതര്‍ ശ്രദ്ധിക്കുക. ഇതോടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന രീതിയിലുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ക്യാമ്പസുകളില്‍ അരങ്ങേറുന്നത് തടയാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമം നടത്തും. സര്‍ക്കാര്‍ നയങ്ങളെ ചോദ്യം ചെയ്തുള്ള സെമിനാറുകള്‍ ഉള്‍പ്പെടെയുള്ളവ തടയപ്പെടും.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വരുന്നതോടെ ഏറ്റവും സര്‍ഗാത്മകമായി പ്രതികരിച്ചിരുന്ന രാജ്യത്തെ മികച്ച കലാലയങ്ങള്‍ കേവലം അക്കാദമിക ടെക്കുകളെ നിര്‍മിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷനുകളായി പരിമിതപ്പെടുമെന്നുറപ്പാണ്. ക്യാമ്പസുകളുടെ സര്‍വവിധ നിയന്ത്രണങ്ങളും പുതിയ സംവിധാനം വഴി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ക്യാമ്പസുകളിലെ ജനാധിപത്യ പ്രതികരണങ്ങളെ നിയന്ത്രിക്കാനാകും. ക്യാമ്പസുകളില്‍ ജനാധിപത്യവും സര്‍ഗാത്മകവുമായ ഇടപെടലുകള്‍ ആവശ്യമില്ലെന്ന് ഈ സര്‍ക്കാര്‍ നേരത്തെ രാജ്യത്തെ വിവിധ ക്യാമ്പസുകളില്‍ ഇടപെട്ട് കാണിച്ചു തന്നതാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും ഹൈദരാബാദ് സര്‍വകലാശാലയും ഈ ഇടപെടലുകളുടെ ഇരകളായിരുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇതിനര്‍ഥം ക്യാമ്പസില്‍ രാഷ്ട്രീയമായി സംഘടിക്കുന്നത് തടയുകയും വിദ്യാര്‍ഥികളോട് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി മാത്രമായി പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ്.

വാണിജ്യവത്കരണം

യു ജി സിയെ പിരിച്ചുവിട്ട് പുതിയ സംവിധാനങ്ങള്‍ വഴി കമ്പോളത്തില്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഇടം നല്‍കുകയെന്നതു കൂടി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് ബില്‍ വായിക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട്. നിലവിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാധികാരം നല്‍കുമെന്നും പഠനനിലവാരം, അധ്യാപനം, ഗവേഷണം എന്നീ മേഖലകളില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്നുവെന്ന് സര്‍ക്കാറിന് തോന്നുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിര്‍ദിഷ്ട ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി നല്‍കാനുള്ള നീക്കം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അതേസമയം, മിനിമം ഗുണനിലവാരം ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും സര്‍ക്കാര്‍ ബില്ലില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വാണിജ്യ സ്വഭാവത്തോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ വരികയാണെങ്കില്‍ അത് രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് തടസ്സമാവുകയാണ് ചെയ്യുക.

അധ്യാപകര്‍ക്കും നിയന്ത്രണം
രാജ്യത്തെ പ്രധാന സര്‍വകലാശാലകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും അവരുടെ അധ്യാപകരുടെ ചിന്താധാരയുടെ കൂടി ഫലമാണ്. ഇക്കാര്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്ലില്‍ നിന്ന് വ്യക്തമാണ്. അധ്യാപകര്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഇന്‍സെന്റീവ് നല്‍കും. പഠനനിലവാരം, അധ്യാപനം, ഗവേഷണം എന്നീ മേഖലകളില്‍ കൂടുതല്‍ പരിശീലനം ആര്‍ജിച്ച് മെച്ചപ്പെട്ട ഫലം ഉറപ്പു വരുത്താനാണ് അധ്യാപകരോട് കരട് നിയമം നിര്‍ദേശിക്കുന്നത്. അധ്യാപകരെ സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്നതിനുള്ള പുതിയ ഉപാധിയാണ് ഇവ. നേരത്തെ ജെ എന്‍ യു അടക്കമുള്ള സര്‍വകലാശാലകളിലെ അധ്യാപകരെകുറിച്ചും അവര്‍ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചും ബി ജെ പിയും ആര്‍ എസ് എസും വിമര്‍ശനം ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്യാമ്പസുകളെ നിശ്ശബ്ദമാക്കണമെങ്കില്‍ അധ്യാപകരെ കൂടി നിയന്ത്രിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ഇതിനെല്ലാം പുറമെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക തസ്തികകളില്‍ സ്ഥിരം നിയമനത്തിന് പകരം താത്കാലിക നിയമനങ്ങള്‍ നടത്താനും ബില്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്.
ഭരണഘടനാ പ്രകാരം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തില്‍ കേന്ദ്രം കൂടുതല്‍ കൈകടത്താനുള്ള ശ്രമവും കമ്മീഷന്റെ കരടില്‍ തെളിഞ്ഞു കാണുന്നുണ്ട്. പുതിയ നീക്കത്തിലൂടെ സംസ്ഥാന നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളിലേക്ക് കേന്ദ്രത്തിന് നേരിട്ടുള്ള ഇടപെടലുകള്‍ സാധ്യമാകും. എല്ലാ നിയന്ത്രണങ്ങളും കേന്ദ്ര സ്ഥാപനങ്ങളിലെന്ന പോലെ സംസ്ഥാനത്തിന് കീഴിയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ബിരുദങ്ങളോ പദവികളോ കമ്മീഷന്റെ അനുമതിയില്ലാതെ സര്‍വകലാശാലകള്‍ക്ക് നല്‍കാനാകില്ലെന്ന സ്ഥിതിവരും. നിലവില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ 284എണ്ണം സംസ്ഥാന സര്‍വകലാശാലകളാണ്. അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ് നിലവില്‍ അവയുടെ നിയന്ത്രണം. ഫലത്തില്‍ ഫെഡറലിസത്തില്‍ കൈവെക്കാനുള്ള പുതിയ ഉപാധിയായി കമ്മീഷന്‍ മാറും.
ഉന്നത വിദ്യാഭ്യാസ മേഖലയെ ഇത്രമാത്രം നിയന്ത്രിക്കുമ്പോള്‍ സര്‍ക്കാറിന്റെ പ്രധാന അജന്‍ഡ അക്കാദമിക രംഗം ഹിന്ദുത്വവത്കരിക്കുകയാണെന്ന വിമര്‍ശം ശക്തമാണ്. നേരത്തെ ആര്‍ എസ് എസ് അനുകൂലമായ ആശയങ്ങള്‍ അക്കാദമിക മേഖലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ബി ജെ പി നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ അവതരിപ്പിക്കുകയും ഇത്തരത്തിലുള്ള ആശയങ്ങള്‍ പാഠപുസ്തകളില്‍ അച്ചടിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധമില്ല
ബില്‍ ഈ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ പ്രതിപക്ഷത്ത് നിന്ന് ഈ വിഷയത്തില്‍ ഇനിയും കാര്യമായ പ്രതികരണങ്ങളുണ്ടായിട്ടില്ല. വിദ്യാര്‍ഥി സംഘടനകളോ, ക്യാമ്പസുകളോ ഇപ്പോഴും ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ കരട് ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടില്ലെന്നതാണ് ഏറെ ആശ്ചര്യകരം. മുഴുവന്‍ വിഷയങ്ങളിലും പ്രതികരിക്കുന്ന ജെ എന്‍ യുവില്‍ പോലും ബില്ലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇതുവരെ അരങ്ങേറിയില്ല. അതേസമയം, കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ബില്ലിനെ പാര്‍ലിമെന്റില്‍ എതിര്‍ക്കുമെന്ന് സി പി എമ്മും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സമാന ചിന്താഗതിക്കാരായ മതനിരപേക്ഷ കക്ഷികളുമായി യോജിപ്പിലെത്തുമെന്ന് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരട് ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകറിനും യെച്ചൂരി കത്ത് നല്‍കിയിട്ടുമുണ്ട്.

Latest