Connect with us

Editorial

സമരങ്ങള്‍ രൂപം മാറണം

Published

|

Last Updated

ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ പ്രതിഷേധിക്കാനും സമരം നടത്താനും അവകാശമുണ്ടെങ്കിലും ഇത് പ്രകടിപ്പിക്കുമ്പോള്‍ കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങളുടെ സൈ്വര ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പഴയ രീതികള്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതേസമയം പ്രതിഷേധങ്ങളെയും സമരങ്ങളെയും പാടെ നിരോധിക്കുന്ന നിലപാട് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണവുമാകില്ല. എന്നാല്‍ ഇന്ത്യയെ പോലെ ഒരു വികസ്വര രാജ്യത്ത് ഇത്തരം പഴയ രീതിയിലുള്ള സമര മുറകള്‍ കാരണം ദുരിതമനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണെന്ന വസ്തുത വിസ്മരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ അവകാശ പോരട്ടങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലുള്ള സമരമുറകള്‍ അവലംബിക്കാന്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും മുന്‍കൈയെടുക്കണം.

ലോകത്തെ വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയെങ്കിലും നമ്മള്‍ ഇപ്പോഴും പരമ്പരാഗത രീതിയിലുള്ള പണിമുടക്ക്, ഹര്‍ത്താല്‍ തുടങ്ങിയ രീതികള്‍ തന്നെയാണ് തുടരുന്നത്. വികസിത രാജ്യങ്ങള്‍ തുടരുന്ന മാര്‍ഗങ്ങള്‍ പരീക്ഷിക്കാനോ ഉപയോഗപ്പെടുത്താനോ രാജ്യത്തെ പാര്‍ട്ടികളും സംഘടനകളും ശ്രമിക്കുന്നില്ലെന്നത് ഖേദകരമാണ്. ഇത്തരം സമര രീതികള്‍ പൊളിച്ചെഴുതാന്‍ മുന്‍കൈയെടുക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ മാറ്റങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നതും സാധാരണക്കാരെ നിരാശയിലാക്കുകയാണ്.

വിവിധ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളെയും പ്രക്ഷോഭങ്ങളെയും നൈസര്‍ഗികമായ കലാപങ്ങളായി തന്നെ കാണുമ്പോഴും ഇത്തരം കലാപങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കാതെ നോക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് സമരങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ തിരിച്ചറിയണം. സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മാതൃകാപരമായ ഒരു സംസ്‌കാരം നമ്മുടെ നാട്ടില്‍ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. അടുത്ത കാലത്തായി നമ്മുടെ സംസ്ഥാനത്ത് നടന്ന സമരങ്ങള്‍ പരിശോധിച്ചാല്‍ ഈ അനിവാര്യത ബോധ്യമാകും. അവസാനമായി നടന്ന ചരക്ക് ലോറി സമരം, തൊട്ടുമുമ്പ് നടന്ന തപാല്‍ സമരം, സ്വകാര്യ ബസ് ഉടമകളുടെ സമരം, വ്യാപാരികളുടെ സമരം, ഡോക്ടര്‍മാരുടെ സമരം ഇതിനെല്ലാം പുറമെ കൃത്യമായ കണക്കില്ലാതെ ഇടക്കിടെ നടക്കുന്ന സംസ്ഥാന- പ്രാദേശിക ഹര്‍ത്താലുകള്‍ ഇതൊക്കെ സാധാരണ ജനങ്ങള്‍ക്ക് വരുത്തി വെച്ച നഷ്ടങ്ങളെ കുറിച്ച് സമരക്കാര്‍ ഒരിക്കലും ചിന്തിക്കാറില്ല.
സമരങ്ങള്‍ക്ക് ശേഷം അവര്‍ അവരുടെ സമര വിജയത്തെ കുറിച്ചാണ് വാചാലമാകാറുള്ളത്. ലോകത്തിന്റെ വിവിധ കോണുകളില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പല സമരങ്ങളും നടക്കുന്നുണ്ട്. പക്ഷേ അതൊന്നും ആ നാട്ടുകാരുടെ സൈ്വര ജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടല്ല. വിജയം കണ്ട പല സമരങ്ങളും ആഗോള ശ്രദ്ധ നേടിയ പ്രക്ഷോഭങ്ങളുമെല്ലാം സമരക്കാരെയും അതുമായി ബന്ധപ്പെട്ട അധികാരികളെയും മാത്രം ബാധിക്കുന്ന രീതിയിലായിരിക്കും നടക്കുക. കേരളത്തിലാവട്ടെ തുടരുന്ന മാതൃക തീര്‍ത്തും പ്രാകൃതമാണ്. ഇത് പലപ്പോഴും ജനദ്രോഹപരവും അപകടകരവുമാകുന്ന അവസ്ഥയാണുള്ളത്. സമരം ചെയ്യാനുള്ള ജനാധിപത്യാവകാശം ചൂണ്ടിക്കാട്ടി ആര്‍ക്കും എപ്പോഴും മുന്നറിയിപ്പൊന്നും കൂടാതെ പണിമുടക്കും ഹര്‍ത്താലും പ്രഖ്യാപിക്കാമെന്ന അവസ്ഥ വളരെ പരിതാപകരമാണ്.

ഈയിടെ നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താല്‍ ഇതിന്റെ അപകടം വ്യക്തമാക്കിയതാണ്. ഹര്‍ത്താലുകള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുമ്പോള്‍ അനിശ്ചിതകാല ചരക്ക് ലോറി സമരങ്ങള്‍ പോലുള്ള പ്രതിഷേധങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയാണ് ബാധിക്കുക. അതേസമയം ലോക വ്യാപകമായി സമരം നിരോധിക്കപ്പെട്ട മെഡിക്കല്‍ വിഭാഗം ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ പോലും കേരളത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ മിന്നല്‍ പണിമുടക്കുകളെന്ന പേരില്‍ നിര്‍ബാധം ജനങ്ങളെ ബന്ദിയാക്കല്‍ തുടരുന്നുവെന്നത് ഏറെ ദയനീയമാണ്. രാജ്യവ്യാപക ചരക്ക്‌ലോറി സമരം കേരളത്തെ പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെ തെല്ലൊന്നുമല്ല ദുരിതത്തിലാക്കിയത്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് മേല്‍ ഇരട്ട പ്രഹരമാണ് സമരം ഏല്‍പ്പിച്ചത്. ഒമ്പത് ദിവസത്തെ സമരത്തിനൊടുവില്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ച ചരക്ക് ലോറി സമരം രാജ്യത്ത് ഏകദേശം 30,000 കോടിയിലേറെ രൂപയുടെ വ്യാപാര നഷ്ടമുണ്ടാക്കി. കേരളത്തില്‍ അവശ്യ വസ്തുക്കളുടെ വന്‍ തോതിലുള്ള വിലക്കയറ്റത്തിനും വഴിവെച്ചു. പ്രതിദിനം പഴം പച്ചക്കറികളുമായി മാത്രം 500നും 600നും ഇടയില്‍ ലോറികളാണ് കേരളത്തിലെത്തുന്നത്. ഇതുള്‍പ്പെടെ 2,500 ലോറികളാണ് കേരളത്തിലേക്കെത്തുന്നത്. ഇത് പൂര്‍ണമായി നിലച്ചതാണ് കേരളത്തിലെ ജനങ്ങളെ ദുരിതത്തിലാക്കിയത്. കയറിയ വില താഴാന്‍ സമയമെടുക്കും. കൃത്രിമ ദൗര്‍ലഭ്യം സൃഷ്ടിക്കുകയും ചെയ്യും.