ആധാര്‍ നമ്പര്‍ നല്‍കി ട്രായ് ചെയര്‍മാന്റെ വെല്ലവിളി; സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കി ഹാക്കര്‍മാര്‍ തിരിച്ചടിച്ചു

Posted on: July 29, 2018 10:30 am | Last updated: July 29, 2018 at 7:42 pm
SHARE

ന്യൂഡല്‍ഹി: ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാനായി ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ വെട്ടിലായി. ശര്‍മയുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ ശര്‍മയുടെ വെല്ലുവിളി ഏറ്റെടുത്തത്. ആധാര്‍ സുരക്ഷിതമാണെന്നും ഇതിലെ വിവരങ്ങള്‍വെച്ച് ആര്‍ക്കും ആരേയും ഉപദ്രവിക്കാന്‍ കഴിയില്ലെന്നും ദ പ്രിന്റ് ഡോട്ട് ഇന്നിന് നല്‍കിയ അഭിമുഖത്തില്‍ ശര്‍മ അവകാശപ്പെട്ടിരുന്നു. ഇതിന് പിറകെ ശര്‍മയോട് ആധാര്‍ നമ്പര്‍ അയച്ചു തരാന്‍ ഒരാള്‍ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്തു ആധാര്‍ നമ്പര്‍ അയച്ച ശര്‍മയുടെ സ്വകാര്യ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ശര്‍മയുടെ സ്വകാര്യ മൊബൈല്‍ നമ്പറും വാട്‌സാപ് പ്രൊഫൈല്‍ ഫോട്ടോയും ബേങ്ക് വിവരങ്ങളുമടക്കം സകല വിവരങ്ങളും ഹാക്കര്‍മാര്‍ തപ്പിയെടുത്ത് പരസ്യമാക്കി. ഇതിന് പുറമെ ശര്‍മയുടെ ജന്‍മദിനവും വോട്ടര്‍ ഐഡി സംബന്ധിച്ച വിവരവും എത്തി. എന്നാല്‍ വിവരങ്ങള്‍ ആധാര്‍ വഴി ലഭിച്ചതല്ലെന്ന് ശര്‍മ വാദിച്ചതോടെ ശര്‍മയുടെ പാന്‍കാര്‍ഡ് നമ്പറും ഹാക്കര്‍മാര്‍ പുറത്തുവിട്ടു. എന്നിട്ടും തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ ശര്‍മ തയ്യാറായിട്ടില്ല. വിവരങ്ങള്‍ പുറത്തുവിടുന്ന ഹാക്കര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് വെല്ലുവിളിച്ചപ്പോള്‍ തന്നെ ശര്‍മ പ്രഖ്യാപിച്ചിരു്ന്നു.

അടുത്ത് തന്നെ രൂപീകരിക്കുന്ന വിവര സംരക്ഷണ വകുപ്പിന്റെ മേധാവിയാകും എന്ന് പ്രതീക്ഷിക്കുന്നയാളാണ് ശര്‍മ.