മദ്‌റസ തകര്‍ത്തത് ലീഗ് പിന്തുണയോടെ; പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഭാരവാഹികള്‍

Posted on: July 28, 2018 10:57 am | Last updated: July 28, 2018 at 10:57 am

വണ്ടൂര്‍: പാലക്കോട് സുബ്‌ലുസ്സലാം മദ്‌റസ കെട്ടിടം ആക്രമിച്ച് തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മദ്‌റസാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പിന്തുണയോടെയാണ് അക്രമം അരങ്ങേറിയതെന്നും ഭാരവാഹികള്‍ പറഞ്ഞു. നാട്ടില്‍ സമാധാനഭംഗം ആഗ്രഹിക്കുന്നവരാണ് അക്രമത്തിന് പിന്നില്‍. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാനാവും.

വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മദ്‌റസക്കെതിരെ കോടതിയില്‍ നല്‍കിയ കേസ് പരാജയപ്പെട്ടതില്‍ വിറളിപൂണ്ടാണ് അക്രമം നടന്നിട്ടുള്ളത്. 1996 മുതല്‍ സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് പ്രകാരമാണ് ഇവിടെ മതപഠനം നടത്തുന്നത്. ഇതിനിടയില്‍ പലതവണ കള്ളക്കേസ് കൊടുത്തും കോടതിയെ സമീപിച്ചും മദ്‌റസ കെട്ടിടം പിടിച്ചെടുക്കാന്‍ എതിര്‍വിഭാഗം ശ്രമം നടത്തിയിരുന്നു.

നിയമപരമായി പരാജയപ്പെടുമ്പോള്‍ ലീഗിന്റെ രാഷ്ട്രീയ ബലത്തില്‍ അക്രമമാര്‍ഗം സ്വീകരിക്കുന്നതെന്ന് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം ടി എ കരീം ഹാജി, സൈനുദ്ദീന്‍ ഫൈസി, കെ യഹ്കൂബ്, എം ടി സര്‍ശാദ്, പി ശിഹാബ് സംബന്ധിച്ചു.