ചങ്കിടിപ്പോടെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജിറോണക്കെതിരെ

ടൂര്‍ണമെന്റിലെ അവസാന മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തുകയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം
Posted on: July 28, 2018 9:57 am | Last updated: July 28, 2018 at 9:57 am

കൊച്ചി: ലാലീഗ പ്രീസീസണ്‍ ടൂര്‍ണമെന്റില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ശക്തരായ ജിറോണ എഫ് സിയെ നേരിടും. ടൂര്‍ണമെന്റിലെ അവസാന മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തുകയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. ആദ്യ മല്‍സരത്തില്‍ മെല്‍ബണ്‍ സിറ്റിയോട് അരഡസണ്‍ ഗോളിനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സ് യൂറോപ്യന്‍ ടീമിനെതിരെ മികച്ച പ്രകടനമാണ് ലക്ഷ്യം വെക്കുന്നത്.

മെല്‍ബണ്‍ സിറ്റിയെ തകര്‍ത്ത് വരുന്ന ജിറോണയെ സന്ദേശ് ജിങ്കനും അനസും എങ്ങനെ തടയുമെന്നാണ് കാണികള്‍ കാത്തിരിക്കുന്ന കൗതുകം. മധ്യനിരയില്‍ ഭാവനസബന്നമായ നീക്കങ്ങളില്ലാത്തതാണ് ബ്ലാസ്‌റ്റേഴ്‌സിനെ കുഴക്കുന്നത്. കൃത്യമായ പരിശീലനമോ തന്ത്രങ്ങളോ ഇല്ലാത്തപോലെയാണ് ബ്ലാസ്‌റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റിക്കെതിരെ കളത്തിലിറങ്ങിയത്. മുന്നേറ്റ നിര ഉടച്ചുവാര്‍ത്തിട്ടും ഗോള്‍ കണ്ടെത്താന്‍ കഴിയാത്തതും ടീമിനെ കുഴക്കുന്നുണ്ട്.

അണ്ടര്‍ 17 ലോകകപ്പിലെ അനുഭവ സമ്പത്ത് ഗോളി ധീരജ് സിങ് മികച്ച കളിയാണ് പുറത്തെടുത്ത് എന്നതാണ് ടീമിന്റെ ഏക ആശ്വസം. അവസാന മത്സരത്തില്‍ ഗോള്‍ വല ചലിപ്പിക്കുക എന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. അതേസമയം സൗഹൃദ മത്സരങ്ങളില്‍ മിന്നുന്ന പ്രകടനത്തിനു പിന്നാലെ കൊച്ചിയിലെത്തിയ ജിറോണ ആദ്യ മല്‍സരത്തില്‍ തന്നെ തങ്ങളുടെ മേധാവിത്തം അരക്കെട്ടുറപ്പിച്ചിരുന്നു.