കേരളത്തോട് അവഗണന; സമഗ്ര ശിക്ഷാ അഭിയാന്‍ കേന്ദ്ര വിഹിതം പകുതി വെട്ടിക്കുറച്ചു

Posted on: July 28, 2018 9:50 am | Last updated: July 28, 2018 at 10:25 am
SHARE

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഡിക്കേറ്റീവ് ബജറ്റ് പ്രഖ്യാപനത്തില്‍ സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ സംസ്ഥാനത്തിനായി വകയിരുത്തിയിരുന്ന 413 കോടി രൂപ 206.06 കോടിരൂപയാക്കി വെട്ടിക്കുറച്ച് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ്. റേഷന്‍ വിഹിതവുമായി ബന്ധപ്പെട്ട അവഗണനയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ അഭിയാന്‍ ഫണ്ട് വിഹിതവും വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുള്ള അവഗണന പ്രകടമാക്കിയിരിക്കുന്നത്.

ബി ജെ പി ഭരിക്കുന്നതുള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങള്‍ക്ക് വന്‍ തുക വകയിരുത്തിയ സ്ഥാനത്താണ് കഴിഞ്ഞ ഏപ്രിലില്‍ ഇന്‍ഡിക്കേറ്റീവ് ബജറ്റില്‍ കേരളത്തിന് 413 കോടി അനുവദിച്ചിരുന്നത്. എന്നാല്‍, ഇന്‍ഡിക്കേറ്റീവ് ബജറ്റില്‍ കാര്യമായ മാറ്റംവരുത്താതെ ഉത്തര്‍ പ്രദേശിന് 4773.10 കോടിയും രാജസ്ഥാന് 2717.18 കോടിയും മധ്യപ്രദേശിന് 2406.60 കോടിയും തമിഴ്‌നാടിന് 1422 കോടിയും അനുവദിച്ചു. ഇതിന് പുറമെ ബി ജെ പി പുതുതായി ഭരണത്തിലെത്തിയ ത്രിപുരക്കും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഫണ്ടില്‍ വന്‍വര്‍ധന വരുത്തി. കേരളത്തിന്റെയും കര്‍ണാടകയുടെയും വിഹിതമാണ് വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. എന്നാല്‍, സംസ്ഥാനത്തെ സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിക്ക് നേരത്തെ ബജറ്റില്‍ വകയിരുത്തിയ ഈ തുക തന്നെ തികയില്ലെന്നിരിക്കെയാണ് ഇപ്പോള്‍ അതില്‍ നിന്ന് വെട്ടിക്കുറച്ചിരിക്കുന്നത്.

സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ ബജറ്റ് വിഹിതത്തില്‍ വിസ്തൃതിയിലും ജനസംഖ്യയിലും ബഹുദൂരം പിന്നിലായിരുന്ന ഗോവ മാത്രമാണ് അന്ന് കേരളത്തിന് പിന്നിലുണ്ടായിരുന്നത്. ഇതിനുശേഷം കഴിഞ്ഞ മെയ് പത്തിന് പദ്ധതി അംഗീകാരത്തിനായി ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ വീണ്ടും ശക്തമായി ഉന്നയിച്ചപ്പോള്‍ ഗൗരവമായി പരിഗണിക്കാമെന്നും സംസ്ഥാനത്തിന് 730 കോടി രൂപ അനുവദിക്കാമെന്നും ഉറപ്പുനല്‍കിയ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണിപ്പോള്‍ കേരളത്തിന്റെ വിഹിതം പകുതിയും വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ പദ്ധതി വിഹിതത്തില്‍ ഗോവയും കേരളത്തിന്റെ മുന്നിലെത്തി.

സൗജന്യ പുസ്തകം, യൂനിഫോം, പെണ്‍കുട്ടികള്‍ക്ക് ആയോധന വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, അധ്യാപക പരിശീലനം തുടങ്ങി 38 ഇനങ്ങള്‍ക്കായി 1941.10 കോടിയുടെ പദ്ധതികളാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി കേന്ദ്രത്തിന് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇതെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ നേരത്തെ പ്രഖ്യാപിച്ച 413 കോടിയില്‍ നേര്‍പകുതിയാക്കി വെട്ടിയിരിക്കുന്നത്. അതേസമയം, അഞ്ച് വര്‍ഷംമുമ്പ് സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് മാത്രമായി 230 കോടിയിലേറെയാണ് സംസ്ഥാനത്തിന് വാര്‍ഷിക ഫണ്ട് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ എസ് എസ് എ, ആര്‍ എം എസ് എ പദ്ധതികള്‍ ഏകോപിപ്പിച്ച് സമഗ്രശിക്ഷാ അഭിയാനായി നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ വിഹിതം 183.09 കോടിയായി വെട്ടിക്കുറക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ശക്തമായ എതിര്‍പ്പുകളെ മറികടന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വിവേചനപരമായ നടപടി.