ഹനാനെതിരെ അപവാദപ്രചാരണം: ഒരാള്‍ അറസ്റ്റില്‍

Posted on: July 28, 2018 9:23 am | Last updated: July 28, 2018 at 2:38 pm
SHARE

കൊച്ചി: ബിരുദ വിദ്യാര്‍ഥിനി ഹനാനെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സമൂഹ മാധ്യമത്തില്‍ ആദ്യം വീഡിയോ പോസ്റ്റ് ചെയ്ത വയനാട് സ്വദേശിയും ഇപ്പോള്‍ കൊച്ചിയില്‍ താമസക്കാരനുമായ നൂറുദ്ദീന്‍ ശൈഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാള്‍ക്കെതിരെ ഇന്നലെ പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നു. ഇയാളെ അസി. കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ഐടി ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യവില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്തവരും വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് സൂചനയുണ്ട്. ഇയാള്‍ ഉന്നയിച്ച അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായതോടെയാണ് ഹനാനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ആളിപ്പടര്‍ന്നത്. പിന്നീട് പലരും സ്വന്തമായി കഥകള്‍ സൃഷ്ടിച്ചും പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട്, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെ ക്യാമറാമാന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് നൂറുദ്ദീന്‍ ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടിരുന്നു.

ഹനാനിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ സൈബര്‍ ആക്രമണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഡി ജി പി, എറണാകുളം ജില്ലാ കലക്ടര്‍, എസ് പി എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി പാലാരിവട്ടം പോലീസാണ് കേസ് അന്വേഷിക്കുക. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കോതമംഗലത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രില്‍ ചികിത്സയിലാണ് ഹനാന്‍. സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ആശുപത്രി വിട്ടാലുടന്‍ പരാതി നല്‍കുമെന്ന് ഹനാന്‍ വ്യക്തമാക്കി. എറണാകുളം തമ്മനത്ത് പഠനത്തോടൊപ്പം മത്സ്യക്കച്ചവടം നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ഹനാനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. പിന്നാലെയാണ് വാര്‍ത്ത വ്യാജമാണെന്ന വിധത്തില്‍ നവമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here