ദുരന്തനിവാരണ അതോറിറ്റിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

കേരളത്തെ സംബന്ധിച്ചിടത്തോളം വേനല്‍ക്കാലം അഗ്‌നിബാധയുടെയും വര്‍ഷകാലം മുങ്ങിമരണങ്ങളുടെയും കെട്ടിടങ്ങള്‍, മരങ്ങള്‍ മുതലായവ തകര്‍ന്ന് വീണുണ്ടാവുന്ന അപകട മരണങ്ങളുടെയും കാലമാണെന്നാണ് പൊതുവെ പറയാറുള്ളത്. അത്തരം സാഹചര്യങ്ങളില്‍ അപകടങ്ങളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി ഓടിയെത്താറുള്ളത് പ്രദേശവാസികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായ യുവാക്കളാണ്. നിര്‍ഭാഗ്യവശാല്‍ അപകടത്തില്‍ അകപ്പെട്ടവരെ സഹായിക്കേണ്ടതെങ്ങനെയെന്നോ സംരക്ഷണ രീതികളും സുരക്ഷാമാര്‍ഗങ്ങളും എന്തെല്ലാമെന്നോ അത്യാസന്ന നിലയിലുള്ളവര്‍ക്ക് നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകളെന്തെല്ലാമെന്നോ ഒരിക്കലെങ്കിലും ഒരിടത്ത് നിന്നും മനസ്സിലാക്കാന്‍ രക്ഷാപ്രവര്‍ത്തകരായി എത്താറുള്ളവര്‍ക്ക് അവസരം ലഭിച്ചിട്ടില്ലാത്തതിനാല്‍ പരിശീലനം ലഭിച്ചവരുടെ ആഗമനവും പ്രതീക്ഷിച്ചിരിക്കേണ്ട അവസ്ഥയാണുണ്ടാ വാറുള്ളത്.
Posted on: July 28, 2018 8:45 am | Last updated: July 27, 2018 at 10:36 pm
SHARE

തായ്‌ലാന്‍ഡിലെ വൈല്‍ഡ് ബോര്‍ഡ് എന്ന ഫുട്‌ബോള്‍ ടീം അംഗങ്ങളും അവരുടെ കോച്ചും സാഹസിക വിനോദയാത്രക്കിടയില്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങുകയും 18 ദിവസങ്ങള്‍ക്ക് ശേഷം അവരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിക്കുകയും ചെയ്തല്ലോ.
ഒരു പക്ഷേ അങ്ങനെ സംഭവിച്ചിരുന്നത് ഇന്ത്യയിലായിരുന്നുവെങ്കില്‍ അപകടത്തില്‍ അകപ്പെട്ടവരുടെ സ്ഥിതി എന്താകുമായിരുന്നു? അത്തരം സന്ദര്‍ഭങ്ങളില്‍ ഇവിടെയുള്ള ഭരണാധികാരികളുടെ നിലപാടുകളും സമീപനങ്ങളും ഏതൊക്കെ രീതിയിലായിരിക്കും? ഇങ്ങനെ ഒരുവേള ചിന്തിക്കാത്തവരായി ആരും ഉണ്ടാകാന്‍ സാധ്യതയില്ല.

കര്‍മനിരതരായ ഭരണാധികാരികളുംഅര്‍പ്പണബോധമുള്ള ജനങ്ങളും ചേര്‍ന്നാല്‍ എത്തിപ്പിടിക്കാനാവാത്തതായി യാതൊന്നുമില്ലെന്നതിന്റെ നേര്‍കാഴ്ചയായി ഇതിനെ വിലയിരുത്താം. അതോടൊപ്പം ഇത് ഇന്ത്യയിലെ ഭരണാധികാരികളുടെ ചെയ്തികളെ വിലയിരുത്താനുള്ള അവസരമായിട്ടെടുക്കാവുന്നതുമാണ്.

റഷ്യയില്‍ വെച്ച് നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിനിടയില്‍ തായ്‌ലാന്‍ഡിലെ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ പ്രകൃതിദുരന്തത്തില്‍ അകപ്പെട്ടതും അവര്‍ക്ക് 18 ദിവസങ്ങള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകരുടെ സമര്‍പ്പിത ശ്രമങ്ങളാല്‍ രക്ഷപ്പെടാനായതും ലോകരാജ്യങ്ങള്‍ വലിയ രൂപത്തില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, ഇത് കേരളമെന്ന ചെറിയ സംസ്ഥാനം ചര്‍ച്ച ചെയ്യേണ്ടതും എറെ ഗുണ പാഠങ്ങള്‍ ഉള്‍കൊള്ളേണ്ടതുമാണെന്ന വസ്തുത ഭരണാധികാരികള്‍ വിസ്മരിച്ച് കൂടാത്തതാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുഗതാഗത മേഖലയിലും ഭവനനിര്‍മാണ രംഗത്തും ഏറെ പുരോഗതി കൈവരിച്ച് കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ നിലവിലെ റോഡുകളിലൂടെയുള്ള വാഹനഗതാഗതം ഏറെ പ്രയാസകരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ റോഡുകള്‍ വികസിപ്പിക്കുന്നതോടൊപ്പം തന്നെ വിശാലമായവ പുതുതായി നിര്‍മിക്കുന്നതിലും ഏറെ താത്പര്യത്തോടെയുള്ള നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചിലയിടങ്ങളിലെല്ലാം പഴയ റോഡുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉയരത്തില്‍ മണ്ണിട്ട് നികത്തുന്നതും പതിവായി കൊണ്ടിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ മഴക്കാലത്ത് അനുഭവിക്കേണ്ടി വരാറുള്ള പ്രയാസങ്ങളും ദുരിതങ്ങളും വാക്കുകള്‍ക്കതീതമാണ്. മാത്രമല്ല, അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവര്‍ ദുരന്തഭീഷണിയെ നേരിടാന്‍ ശേഷിയില്ലാത്തതിനാല്‍ സര്‍ക്കാറിന്റെ കാരുണ്യത്തിന് വേണ്ടി കാത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ടവരായി മാറിക്കൊണ്ടിരിക്കുന്നവരുമാണ്. ജനങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരകളാവുകയോ ദുരന്തഭീഷണിയെ നേരിടേണ്ടതായ സാഹചര്യം ഉണ്ടാകുകയോ ചെയ്യുന്ന പക്ഷം അടിയന്തരമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി രൂപവത്കരിച്ചിട്ടുള്ള സംവിധാനത്തെയാണ് ദുരന്തനിവാരണ അതോറിറ്റി എന്ന് അറിയപ്പെടുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ 2005ലെ ദുരന്തനിവാരണ നിയമ ശിപാര്‍ശ പ്രകാരമാണ് സംസ്ഥാനങ്ങള്‍ ഈ അതോറിറ്റി രൂപവത്കരിച്ചിട്ടുള്ളത്. നിയമപ്രകാരം മുഖ്യമന്ത്രിയായിരിക്കണം സമിതിയുടെ അനൗദ്യോഗിക അധ്യക്ഷന്‍. അതോടൊപ്പം എട്ട് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യേണ്ടതും മുഖ്യമന്ത്രി തന്നെയാണ്. തന്നെയുമല്ല സമിതിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് അധ്യക്ഷനും വേണം. അദ്ദേഹമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. ഈ നിയമത്തിലൊരിടത്തും മന്ത്രിമാരും ഉദ്യോഗസ്ഥരുമായിരിക്കണം അംഗങ്ങള്‍ എന്ന് പറയുന്നില്ലെങ്കിലും കേരളത്തില്‍ സമിതിയുടെ ഉപാധ്യക്ഷന്‍ റവന്യൂ മന്ത്രിയാണ്. ദൈനംദിന ഭരണത്തിരക്കുകളില്‍ വലയുന്ന ചീഫ് സെക്രട്ടറിയെയാണ് അതോറിറ്റിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കൃഷി മന്ത്രിയും റവന്യൂ, ആഭ്യന്തര വകുപ്പുകളിലെ അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ളവരും അതോറിറ്റിയിലെ അംഗങ്ങളാണ്.

ജില്ലാ തലങ്ങളിലും അതോറിറ്റിക്ക് ഉപസമിതികള്‍ രൂപവത്കരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടാറുള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം വേനല്‍ക്കാലം അഗ്‌നിബാധയുടെയും വര്‍ഷക്കാലം മുങ്ങിമരണങ്ങളുടെയും കെട്ടിടങ്ങള്‍ മരങ്ങള്‍ മുതലായവ തകര്‍ന്ന് വീണുണ്ടാവുന്ന അപകട മരണങ്ങളുടെയും കാലമാണെന്നാണ് പൊതുവെ പറയാറുള്ളത്. അത്തരം സാഹചര്യങ്ങളില്‍ അപകടങ്ങളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി ഓടിയെത്താറുള്ളത് പ്രദേശവാസികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായ യുവാക്കളാണ്. നിര്‍ഭാഗ്യവശാല്‍ അപകടത്തില്‍ അകപ്പെട്ടവരെ സഹായിക്കേണ്ടതെങ്ങനെയെന്നോ സംരക്ഷണ രീതികളും സുരക്ഷാമാര്‍ഗങ്ങളും എന്തെല്ലാമെന്നോ അത്യാസന്ന നിലയിലുള്ളവര്‍ക്ക് നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകളെന്തെല്ലാമെന്നോ ഒരിക്കലെങ്കിലും ഒരിടത്ത് നിന്നും മനസ്സിലാക്കാന്‍ രക്ഷാപ്രവര്‍ത്തകരായി എത്താറുള്ളവര്‍ക്ക് അവസരം ലഭിച്ചിട്ടില്ലാത്തതിനാല്‍ പരിശീലനം ലഭിച്ചവരുടെ ആഗമനവും പ്രതീക്ഷിച്ചിരിക്കേണ്ടതായ അവസ്ഥയാണുണ്ടാവാറുള്ളത്.

മറ്റുള്ളവരെ അപേക്ഷിച്ച് സേവനതത്പരത കൂടുതലുള്ളവരാണ് മലയാളികള്‍. ആശുപത്രികളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളിലും ശുദ്ധജലക്ഷാമവും സഹായധന സമാഹരണത്തിലുമെല്ലാം സേവന തത്പരരായ യുവാക്കളുടെ സാന്നിധ്യം കേരളത്തിലെ നിത്യ കാഴ്ചകളാണ്. മത സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, ബഹുജന കൂട്ടായ്മകള്‍ എന്നിവക്ക് കീഴിലെല്ലാം സന്നദ്ധ സേവനത്തിന് തയ്യാറായി നില്‍ക്കാറുള്ള യുവാക്കളുടെ എണ്ണം പരിശോധിച്ചാല്‍ അത് സംസ്ഥാനത്തെ സേനാംഗങ്ങളുടെ പത്തിരട്ടിയിലധികമാണെന്ന് കാണാവുന്നതാണ്.

ഒരു ഗ്രാമ പഞ്ചായത്തില്‍ ചുരുങ്ങിയ പക്ഷം അന്‍പത് സന്നദ്ധ സേവകര്‍ക്കെങ്കിലും അഗ്‌നിബാധയും ജലദുരന്തങ്ങളും വാഹന അപകടങ്ങളുമെല്ലാം നേരിടേണ്ടതെങ്ങനെയെല്ലാമാണെന്നും അടിയന്തര ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് ഏതെല്ലാം രീതിയിലായിരിക്കണമെന്നും വിദഗ്ധരാല്‍ പരിശീലനം നല്‍കുകയും അവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്താല്‍ തന്നെ ഇന്ന് കാണുന്ന വിധത്തിലുള്ള നിസ്സഹായരായ സന്നദ്ധ സേവകരെയെല്ലാം തന്നെ ഫലപ്രദവും പ്രായോഗികവുമായ ദുരന്തനിവാരണ സേവകരാക്കി മാറ്റിയെടുക്കാനാകും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാനിടയില്ലാത്തതാണ്.

വേനല്‍ക്കാല ദുരന്തങ്ങളിലൊന്നായ തീപിടുത്തവും മഴക്കാലത്തുണ്ടാവാറുള്ള മുങ്ങിമരണങ്ങളും പൊതുജന ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ ഉടനെ ഫയര്‍ഫോഴ്‌സ് കാര്യാലയങ്ങളുമായിട്ടാണ് ബന്ധപ്പെടാറുള്ളത്. എന്നാല്‍, സാധ്യമായ വേഗതയില്‍ സംഭവസ്ഥലങ്ങളില്‍ എത്തിച്ചേരാറുള്ള സേനാംഗങ്ങള്‍ ആവശ്യമായ ഉപകരണങ്ങളില്ലാത്ത കാരണത്താല്‍ നിസ്സഹായരായി തിരിച്ച് പോകുന്നതാണ് കാലങ്ങളായി കണ്ട് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷകാലങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ പ്രളയക്കെടുതികളാണ് ഇത്തവണ അനുഭവപ്പെട്ടിട്ടുള്ളത് കായല്‍പ്രദേശങ്ങളിലെ വെള്ളക്കെട്ടില്‍ അകപ്പെട്ടവരെ മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിച്ചതിനാല്‍ അവരുടെ ജീവന്‍ സുരക്ഷിതമാക്കാനായെങ്കിലും തീരപ്രദേശങ്ങളിലെ കുടുംബങ്ങളിലധികവും വീട് വിട്ട് താമസിക്കാന്‍ തയ്യാറാവാത്ത കാരണത്താല്‍ അപകടങ്ങളില്‍ അകപ്പെട്ടു. കടല്‍, കായലുകള്‍ എന്നിവയിലെ ജല നിയന്ത്രണവും നീക്കംചെയ്യലും അസാധ്യമാണെന്നത് കൊണ്ട് അത്തരം സാഹചര്യങ്ങളിലുള്ളവരെ പുരനധിവസിപ്പിക്കാറുള്ള സര്‍ക്കാര്‍ നടപടികള്‍ സ്വാഗതാര്‍ഹമാണെങ്കിലും നീക്കം ചെയ്യാനാകുന്ന വെള്ളക്കെട്ടുകളില്‍ അകപ്പെടുന്നവരെ മാനസികമായി പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന സമീപനങ്ങളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്.

ജൂലൈ മാസത്തിലെ ശക്തമായ മഴയില്‍ ഒഴുകിയെത്തിയ മഴവെള്ളം രണ്ടാഴ്ചയിലധികം കെട്ടിക്കിടന്ന കാരണത്താല്‍ ഏതാനും കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോവുകയും 150 ഓളം കുടുംബങ്ങള്‍ സഞ്ചരിക്കാന്‍ മാര്‍ഗമില്ലാതെ പ്രയാസപ്പെടുന്നതുമാണ് മലപ്പുറം ജില്ലയിലെ പത്തനാപുരം എന്ന പ്രദേശത്ത് കാണാനായത്. സംസ്ഥാന പാതക്കടിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഓവ് പൈപ്പില്‍ മണ്ണ് കെട്ടി കിടന്നതാണ് വെള്ളക്കെട്ടിനാധാരമായ കാരണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് ബോധ്യമാവുകയും അവരുടെ അഭ്യര്‍ഥന പ്രകാരം ഓവ് പൈപ്പിനകത്തെ മണ്ണ് നീക്കം ചെയ്യാന്‍ തയ്യാറായി സ്ഥലത്തെത്തിയ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസിന് ആവശ്യമായ ഉപകരണങ്ങളില്ലെന്ന കാരണത്താല്‍ നിസ്സഹായരായി മടങ്ങി പോവേണ്ടി വരികയും മറ്റ് പോംവഴികളൊന്നും തന്നെ ഇല്ലാത്ത കാരണത്താല്‍ പൊതുമരാമത്ത് വകുപ്പ് സംസ്ഥാന പാത വെട്ടിപൊളിച്ച് വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയുമാണ് ഉണ്ടായത്.

സംസ്ഥാനത്ത് ആധുനിക സാങ്കേതിക വിദ്യകള്‍ അഭ്യസിച്ച് കൊണ്ടിരിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും ദുരന്ത സാഹചര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതും ഏറെ പ്രയോജനകരവുമായ ആധുനിക യന്ത്രസാമഗ്രികള്‍ ഫയര്‍ ആന്റ് റസ്‌ക്യൂസര്‍വീസ് പൊതുമരാമത്ത് വകുപ്പ് എന്നീ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെങ്കിലും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇതേ വരെയും താത്പര്യം കാണിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. വര്‍ത്തമാനകാലത്ത് ജനം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടെങ്കിലും ആധുനിക യന്ത്രോപകരണങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ലാ കേന്ദ്രങ്ങളിലെങ്കിലും ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. എങ്കില്‍ പാതകള്‍ക്ക് കുറുകെ സ്ഥാപിച്ച ഓവ് പൈപ്പുകള്‍ അടഞ്ഞുണ്ടാവുന്ന വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ പോലും ദിവസങ്ങളോളം വാഹന ഗതാഗതം തടഞ്ഞ് റോഡ് വെട്ടിപ്പൊളിക്കേണ്ടതായ സാഹചര്യം ഒഴിവാക്കപ്പെടുകയും അത്തരം കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്കുണ്ടാവാറുള്ള ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയും പൊതു ഖജനാവില്‍ നിന്നും പണം ചോര്‍ന്ന് പോവുന്ന സാഹചര്യം ഒഴിവാക്കപ്പെടുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here