ക്രിസ്റ്റ്യാനോയുടെ ആദ്യ മത്സരം ചീവോക്കെതിരെ

Posted on: July 27, 2018 11:56 pm | Last updated: July 27, 2018 at 11:56 pm
SHARE

റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആദ്യ മത്സരം ചീവോക്കെതിരെ. യുവെന്റസിന്റെ ജഴ്‌സിയില്‍ ക്രിസ്റ്റിയാനോ ആദ്യ ലീഗ് മത്സരം കളിക്കുക ആഗസ്റ്റിലെ മൂന്നാം ആഴ്ചാവസാനത്തില്‍ (18/19).

യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്ന് നൂറ് ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫറിലാണ് ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ ക്ലബ്ബിലെത്തിയത്. പുതിയ സാഹസികത ആരംഭിക്കുന്നുവെന്നാണ് ക്രിസ്റ്റ്യാനോ യുവെന്റസിലെ കരിയറിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്‍മാരായ യുവെന്റസ് ഇത്തവണയും ഫേവറിറ്റുകളാണ്. നാല് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തായ നാപോളി പുതിയ പരിശീലകന് കീഴിലാണ് സീസണിന് തയ്യാറെടുക്കുന്നത്. മുന്‍ എസി മിലാന്‍, റയല്‍ മാഡ്രിഡ് കോച്ചായ കാര്‍ലോ ആന്‍സലോട്ടിയാണ് നാപോളിയിലെത്തിയിരിക്കുന്നത്.

മൗറിസിയോ സാറി ചെല്‍സിയിലേക്ക് പോയതോടെയാണ് നാപോളി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാവായ ആന്‍സലോട്ടിയെ ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ യുവെന്റസിന് ശക്തമായ ഭീഷണി ഉയര്‍ത്തിയ ശേഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എ എസ് റോമ ഇത്തവണ പതിനൊന്ന് പുതിയ താരങ്ങളെയാണ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലാണ് റോമ പരാജയപ്പെട്ടത്. പ്രധാന താരങ്ങളായ റജ നെയിന്‍ഗോലാനെ ഇന്റര്‍മിലാനും ഗോള്‍ കൂപ്പര്‍ അലിസനെ ലിവര്‍പൂളിനും വിറ്റത് ആരാധകരുടെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ട്രാന്‍സ്ഫര്‍ നീക്കങ്ങളിലാണ് റോമ.