കാല്‍പന്തിനെ മാറോട് ചേര്‍ത്ത പൂളകാക്ക ഇനി ഓര്‍മ

Posted on: July 27, 2018 11:52 pm | Last updated: July 27, 2018 at 11:52 pm
SHARE

വേങ്ങര(മലപ്പുറം): മലബാറിലെ കാല്‍ പന്തുകളിയിലെ പരിചയമുഖം പൂളകാക്ക ഇനി ഓര്‍മ. സെവന്‍സ് ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട്ട ടീമുകളിലൊന്നായി ഇടംനേടിയ കാശ്മീര്‍ ക്ലബ്ബ് കിളിനക്കോടിന്റെ ടീം മാനേജറായാണ് പൂളകാക്ക എന്ന ഉത്തന്‍ കടവത്ത് അബ്ദുറഹ്മാന്‍(85) ശ്രദ്ധേയനായിരുന്നത്. ഫുട്‌ബോള്‍ സീസണില്‍ പ്രായം വകവെക്കാതെ മൈതാനങ്ങളില്‍ നിന്നും മൈതാനങ്ങളിലേക്ക് വിശ്രമമില്ലാതെ ഓടിനടന്ന ഫുട്‌ബോള്‍ പ്രേമികളുടെ ആവേശമാണ് പൂളകാക്ക.
എഴുപതുകളില്‍ വയനാട്ടിലേക്ക് തോട്ടപ്പണിക്കായി ചേക്കേറിയ അബ്ദുറഹ്മാന്‍ അവിടെ നിന്നാണ് ഫുട്‌ബോള്‍ ഭ്രമത്തിലാവുന്നത്. വോളിബാളിനോടായിരുന്നു അബ്ദുറഹിമാന് ആദ്യ താല്പര്യം. അക്കാലത്ത് താമരശ്ശേരിയില്‍ വീറും വാശിയും നിറഞ്ഞ ഒരു വോളിബാള്‍ ടൂര്‍ണമെന്റ് നടന്നു.

അബ്ദുറഹിമാനും കൂട്ടുകാരും ഒരു ടീമിനെയിറക്കി വിജയിച്ചു. ആ സംഭവം ജന്മനാടായ കണ്ണമംഗലം കിളിനക്കോട് അബ്ദുറഹിമാന് വലിയ പേരുണ്ടാക്കി.
അബ്ദുറഹിമാനെന്താ നാടിന്റെ പേരില്‍ പന്ത് കളി ടീമുണ്ടാക്കികൂടെ എന്ന ചോദ്യം നാട്ടുകാരില്‍ നിന്നുയര്‍ന്നു. ആ ചോദ്യത്തിന്റെ ഉത്തരമായിരുന്നു കിളിനക്കോട് കാശ്മീര്‍ ക്ലബ്ബായി രൂപപ്പെട്ടത്. മരച്ചീനി വ്യാപാരിയായിരുന്ന അബ്ദുറഹിമാന്‍ വ്യാപാരാവശ്യാര്‍ത്ഥം കേരളത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുമായിരുന്നു. ആ യാത്രയാണ് പല ഫുട്‌ബോള്‍ താരങ്ങള്‍ക്കും തുണയായത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി കാശ്മീര്‍ ക്ലബ്ബിലേക്ക് ലക്ഷണമൊത്ത കളിക്കാരെ അദ്ദേഹം കണ്ടുവെച്ചു.
അങ്ങിനെ സെവന്‍സ് ഫുട്ബാളിലേക്ക് മലബാര്‍ കാലെടുത്തുവെക്കുന്ന കാലത്ത് തന്നെ കാശ്മീര്‍ ക്ലബ്ബില്‍ ഇതര ജില്ലകളില്‍ നിന്നും താരങ്ങളെത്തി.
അതോടെ കാശ്മീര്‍ ക്ലബ്ബിന്റെ ഉടമ ഉത്തന്‍ കടവത്ത് അബ്ദുറഹിമാന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കിടയില്‍ പൂളകാക്കയായി. മരച്ചീനി കച്ചവടം നടത്തുന്ന പ്രായം കൂടിയ വ്യക്തി എന്ന അര്‍ഥത്തിലാണ് നാട്ടുകാര്‍ ഈ പേര് നല്‍കിയത്.
ലുങ്കി മുണ്ടെടുത്ത് നീളന്‍ കുപ്പായമണിഞ്ഞ് തലയില്‍ തോര്‍ത്തുമുണ്ടുകൊണ്ട് കെട്ടും കെട്ടിയ സാധാരണക്കാരന്‍ ആ പേരില്‍ തന്നെ പ്രസിദ്ധനായി.
തൃശൂരില്‍ കപ്പക്കച്ചവടത്തിനെത്തിയപ്പോള്‍ മുനിസിപ്പല്‍ മൈതാനത്ത് ആകര്‍ഷകമായി കളിക്കുന്ന കറുത്ത് മെലിഞ്ഞ പയ്യനെ കണ്ടു.

ആ പയ്യന്റെ ചന്തമുള്ള കളി പൂളകാക്കക്ക് നന്നായി ഇഷ്ടപ്പെട്ടു. അവനെ തന്റെ ടീമില്‍ കളിക്കാന്‍ കൊണ്ടുവന്നു. കറുത്ത പയ്യന്‍ ടൂര്‍ണമെന്റുകളില്‍ ചിത്രങ്ങള്‍ വരച്ച് ഗോള്‍മഴ വര്‍ഷിച്ചു.
ആ പുലിയാണ് പില്‍കാലത്ത് ഇന്ത്യന്‍ ഫുട്ബാളിന്റെ കറുത്ത മുത്ത് ഐ എം വിജയനായത്.
പൂളകാക്കയുടെ താരബോധം വ്യക്തമാക്കുന്ന സംഭവമായിരുന്നു ഇത്. സംസ്ഥാന ദേശീയ അന്തര്‍ദേശീയ രംഗത്തെ മിടുക്കരായ കളിക്കാരെ സെവന്‍സില്‍ പരീക്ഷിച്ച ടീം ഉടമയാണ് പൂളകാക്ക. വിജയനെ കൂടാതെ, യു ഷറഫലി, സി ജാബിര്‍ തുടങ്ങിയ താരങ്ങളുടെ കളി കണ്ടറിഞ്ഞ് കളത്തിലിറക്കാന്‍ മുന്‍പന്തിയില്‍ നിന്നത് പൂളകാക്കയാണ്. തന്റെ ടീമിനു വേണ്ടി വിയര്‍പ്പൊഴുക്കിക്കളിച്ച സ്വദേശികളെയും എന്നും ഇദ്ദേഹം മാറോട് ചേര്‍ത്തു.
മലപ്പുറം ജില്ലയില്‍ മരിച്ചീനി തേടി പൂളകാക്ക എത്താത്ത പ്രദേശങ്ങളുണ്ടാവില്ല. കര്‍ഷകരില്‍ നിന്നും നേരിട്ടാണ് പൂള വാങ്ങിയിരുന്നതെങ്കില്‍ മറ്റു ചിലേടത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷിയും നടത്തിയിരുന്നു. വേങ്ങര ടൗണിലെ അദ്ദേഹത്തിന്റെ മൊത്ത വ്യാപാരം മരണം വരെ തുടര്‍ന്നു.

sമരച്ചീനിക്കച്ചവടത്തില്‍ നിന്നും ലഭിച്ചിരുന്ന വരുമാനമെല്ലാം ഫുട്ബാളിനു വേണ്ടിയാണ് അദ്ദേഹം ചെലവഴിച്ചത്.
മിടുക്കരായ താരങ്ങളെ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കി തന്റെ ടീമിന്റെ ജഴ്‌സിയണിയിപ്പിക്കാന്‍ പൂളകാക്ക ശ്രമം നടത്തല്‍ പതിവാണ്. അസുഖം ബാധിച്ച് വിശ്രമത്തിലായിട്ടും ഫുട്‌ബോള്‍ താരങ്ങളുമായി നല്ല സൗഹൃദം തുടര്‍ന്നിരുന്നു. മരണ വിവരമറിഞ് നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ കണ്ണമംഗലത്തെക്ക് ഒഴുകിയെത്തിയിരുന്നു.