പാക് പൊതുതിരഞ്ഞെടുപ്പ് ഫലം: കൃത്രിമം നടന്നുവെന്ന് നവാസ് ശരീഫ്

Posted on: July 27, 2018 11:18 pm | Last updated: July 28, 2018 at 9:58 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ‘മോഷ്ടിക്കപ്പെട്ടു’വെന്നും ആശാസ്യമല്ലാത്ത ഈ സ്ഥിതി രാജ്യത്തെ രാഷ്ട്രീയത്തില്‍ മോശം പ്രതിഫലനം ഉണ്ടാക്കുമെന്നും മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. തിരഞ്ഞെടുപ്പില്‍ ഇംറാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പി ടി ഐ മുന്നേറ്റമുണ്ടാക്കിയതിന് ശേഷം ആദ്യമായാണ് ശരീഫിന്റെ പ്രതികരണം വരുന്നത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് അഡിയാല ജയിലില്‍ കഴിയുന്ന ശരീഫ്, സന്ദര്‍ശകരോട് സംസാരിക്കുകയായിരുന്നു.
ഫൈസാലാബാദ്, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തന്റെ പാര്‍ട്ടിയായ പി എം എല്‍- എന്‍ സ്ഥാനാര്‍ഥികള്‍ ഇവിടങ്ങളില്‍ സുരക്ഷിത നിലയിലായിരുന്നു. എന്നാല്‍, ഫലം പുറത്തുവന്നപ്പോള്‍ എല്ലാവരും പരാജയപ്പെട്ടു. ഇതില്‍ കൃത്രിമം ഉണ്ടെന്നാണ് നവാസ് ശരീഫിന്റെ ആരോപണം.
ലണ്ടനിലെ നാല് അനധികൃത ആഡംബര ഫഌറ്റുകളുടെ പേരില്‍ സാമ്പത്തിക കുറ്റകൃത്യം ആരോപിച്ച് പാക് ജയിലില്‍ കഴിയുന്ന നവാസ് ശരീഫ്, മകള്‍ മരിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്ക് പരസ്പരം കാണുന്നതിനുള്ള ദിവസമായിരുന്നു വ്യാഴാഴ്ച. അന്ന് നിരവധി പാര്‍ട്ടി നേതാക്കളും ജയിലിലെത്തിയിരുന്നു. 2013ലെ തിരഞ്ഞെടുപ്പിനെക്കാളും മോശം പ്രകടനമാണ് ഇത്തവണ ഇംറാന്‍ ഖാന്റെ പാര്‍ട്ടിയുടേതെന്ന് ശരീഫ് അഭിപ്രായപ്പെട്ടതായി നേതാക്കള്‍ ഇന്നലെ വെളിപ്പെടുത്തി.

പി എം എല്‍- എന്‍ പ്രസിഡന്റ് ശഹബാസ് ശരീഫ്, ഖൈബര്‍ പക്തും ഖ്വ പ്രവിശ്യാ ഗവര്‍ണര്‍ ഇഖ്ബാല്‍ സഫര്‍ ഝാഗ്ര, മറിയമിന്റെ മക്കളായ ജുനൈദ് സഫ്ദര്‍, മഹ്‌നൂര്‍ സഫ്ദര്‍, മെഹ്‌റൂന്നിസ, മുന്‍ ഫെഡറല്‍ മന്ത്രി മറിയ്യും ഔറംഗസേബ്, പി എം എല്‍- എന്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് മെഹ്ദി തുടങ്ങിയവരുമായാണ് നവാസ് ശരീഫും മകളും മരുമകനും കൂടിക്കാഴ്ച നടത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ ഉത്തരവ് അനുസരിച്ച് മൂവരെയും ജയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിക്കുകയും നേതാക്കള്‍ക്ക് കൂടിക്കാഴ്ചക്ക് അവസരം ഉണ്ടാക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികളാണ് നേതാക്കള്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.

നവാസ് ശരീഫും ശഹബാസും തമ്മില്‍ അരമണിക്കൂര്‍ നീണ്ട പ്രത്യേക കൂടിക്കാഴ്ചയും നടന്നു.
നവാസ് ശരീഫിന് ജയിലില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് നേതാക്കള്‍ പിന്നീട് ആരോപിച്ചു. അരോഗ്യപരമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെങ്കിലും നവാസ് ശരീഫിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രചാരണത്തില്‍ പാര്‍ട്ടികള്‍ വിവേചനം നേരിട്ടിരുന്നു:
നിരീക്ഷക സംഘം
ഇസ്‌ലാമാബാദ്: ഇംറാന്‍ ഖാന് അപ്രതീക്ഷിത വിജയം സമ്മാനിച്ച പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ നീതി ലഭിച്ചില്ലെന്ന് ആരോപണം. പ്രചാരണ കാലത്ത് പല പാര്‍ട്ടികള്‍ക്കും പല തരത്തിലുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യമായിരുന്നു നിലവിലുണ്ടായിരുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ നിരീക്ഷക സംഘം വിലയിരുത്തി.
തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്നതിന് പല ചട്ടങ്ങളും നിലവിലുണ്ടായിരുന്നു. എന്നാല്‍, അതില്‍ ഒട്ടും തന്നെ തുല്യത ഉണ്ടായിരുന്നില്ല. പല പാര്‍ട്ടികളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം നിയന്ത്രിച്ചിരുന്നു.- ഇ യു തിരഞ്ഞെടുപ്പ് നിരീക്ഷക മിഷന്‍ മേധാവി മൈക്കല്‍ ഗാഹ്‌ലര്‍ പറഞ്ഞു.
അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും സമാനമായ ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു. തന്റെ പാര്‍ട്ടിയുടെ പ്രചാരണ ക്യാമ്പയിനുകള്‍ സൈന്യം അധികാരമുപയോഗിച്ച് അടിച്ചമര്‍ത്തി എന്നായിരുന്നു നവാസ് ശരീഫിന്റെ ആരോപണം.