Connect with us

Kerala

വണ്ടൂരില്‍ സുന്നി മദ്‌റസ അടിച്ചുതകര്‍ത്തു

Published

|

Last Updated

വണ്ടൂര്‍: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കോട് സുബുലുസ്സലാം മദ്‌റസാ കെട്ടിടം ഇരുട്ടിന്റെ മറവില്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. മദ്‌റസക്കെതിരെ ഇ കെ വിഭാഗം സുന്നികള്‍ നല്‍കിയ കള്ളക്കേസ് കഴിഞ്ഞ ദിവസം കോടതി ചെലവ് സഹിതം തള്ളിയിരുന്നു. കെട്ടിടത്തിന്റെ ചുമരുകളും ജനാലകളും മേല്‍ക്കൂരയുമെല്ലാം തകര്‍ന്നിട്ടുണ്ട്. ബെഞ്ചുകളും ഡെസ്‌ക്കുകളും പുറത്തേക്ക് വലിച്ചിടുകയും രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. മദ്‌റസയുടെ പേരും രജിസ്റ്റര്‍ നമ്പറും സൂചിപ്പിക്കുന്ന ബോര്‍ഡ് പിഴുതുമാറ്റുകയും ചെയ്തിട്ടുണ്ട്.

പോരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പാലക്കോടുള്ള ഇസ്സത്തുല്‍ ഇസ്‌ലാം സംഘം മസ്ജിദ് വളപ്പിലെ മൂന്ന് കെട്ടിടങ്ങളിലൊന്നിലാണ് മദ്‌റസ പ്രവര്‍ത്തിക്കുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സംഘടനയിലെ പിളര്‍പ്പിനെ തുടര്‍ന്ന് കുറച്ച് കാലം മദ്‌റസ അടച്ചിട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാരണവന്മാരും സംഘടനാ നേതാക്കളും ഒന്നിച്ചെടുത്ത തീരുമാനപ്രകാരം 1996 മുതല്‍ ഇരുവിഭാഗവും വ്യത്യസ്ത കെട്ടിടങ്ങളിലായി മദ്‌റസ പ്രവര്‍ത്തനം തുടരുകയായിരുന്നു. തീരുമാനപ്രകാരം മൂന്ന് കെട്ടിടങ്ങളില്‍ രണ്ടെണ്ണം ഇ കെ വിഭാഗമാണ് കൈവശം വെച്ചിരുന്നത്. എന്നാല്‍ സമീപ കാലത്തായി മൂന്നാമത്തെ കെട്ടിടത്തിനും ഇ കെ വിഭാഗം അവകാശവാദമുന്നയിക്കുകയും നിരവധി കള്ളക്കേസുകള്‍ നല്‍കുകയും ചെയ്തു.

മദ്‌റസാ കെട്ടിടം സുന്നി വിഭാഗത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ചായിരുന്നു പരാതി. കേസില്‍ ഇ കെ വിഭാഗത്തിനെതിരായി കോടതി വിധി വന്നതോടെ വീണ്ടും ഇവര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അപ്പീല്‍ പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം കെട്ടിടം സുബുലുസ്സലാം സുന്നി മദ്‌റസക്ക് അവകാശപ്പെട്ടതാണെന്ന് വിധിക്കുകയായിരുന്നു. കോടതി വിധിയില്‍ അരിശം പൂണ്ടാണ് കെട്ടിടത്തിന് നേരെയുള്ള പരാക്രമം. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.