Connect with us

National

പാസ്വാന്റെ പാര്‍ട്ടിയും ഇടഞ്ഞു; എന്‍ ഡി എയില്‍ പുതിയ പ്രതിസന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: തെലുങ്കു ദേശം പാര്‍ട്ടിക്ക് പിന്നാലെ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തിയും എന്‍ ഡി എയില്‍ കലാപം തുടങ്ങുന്നു. ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷനായി ജസ്റ്റിസ് എ കെ ഗോയലിനെ നിയമിച്ചത് മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി കലാപം തുടങ്ങിയതെങ്കിലും മറ്റ് പല അതൃപ്തികളാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. ടി ഡി പിയെപ്പോലെ ഉടന്‍ സഖ്യം വിടില്ലെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. എസ് സി/ എസ് ടി ആക്ട് ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ വിധി പുറപ്പെടുവിച്ച ഗോയലിനെ പ്രധാന സ്ഥാനത്ത് നിയോഗിച്ചത് ദളിതുകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രം അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ സര്‍ക്കാറിനെതിരായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് കേന്ദ്ര മന്ത്രി കൂടിയായ രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം ദളിത് സംഘടനകളുടെ കൂട്ടായ്മ നടത്തുന്ന പ്രക്ഷോഭത്തില്‍ എല്‍ ജെ പി പങ്കെടുക്കുമെന്നും ചിരാഗ് പറഞ്ഞു.

“ആഗസ്റ്റ് ഒമ്പത് വരെ ഞങ്ങള്‍ സമയം തരും. അതിനുള്ളില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിരിക്കണം. ഇല്ലെങ്കില്‍ എല്‍ ജെ പി ദളിത് പ്രതിഷേധങ്ങള്‍ക്കൊപ്പം ചേരും. എന്‍ ഡി എക്ക് ഞങ്ങള്‍ കൊടുത്ത പിന്തുണ നിരുപാധികമല്ല. വിഷയത്തിലധിഷ്ഠിതമാണ്” -34കാരനായ ചിരാഗ് പാസ്വാന്‍ പറയുന്നു.

എന്നാല്‍ തെലുങ്കുദേശം പാര്‍ട്ടി എന്‍ ഡി എ വിട്ടതുപോലെ എല്‍ ജെ പി ഉടന്‍ സഖ്യം വിടില്ല. സര്‍ക്കാറിന്റെ ഭാഗമായി നിന്ന് തന്നെ ദളിതര്‍ക്ക് വേണ്ടി സമരം ചെയ്യും. ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുകയാണ്. ആവശ്യങ്ങള്‍ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. ആന്ധ്രക്ക് പ്രത്യേക പദവിയടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് കാണിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് തെലുങ്കു ദേശം പാര്‍ട്ടി എന്‍ ഡി എ വിട്ടത്.
ജസ്റ്റിസ് എ കെ ഗോയലിനെ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷനാക്കിയതിനെതിരെ ബി ജെ പി സഖ്യത്തിലെ ദളിത് എം പിമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗോയലിനെ നിയമിച്ചതില്‍ പ്രതിഷേധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും പ്രധാനമന്ത്രി മോദിക്കും കത്ത് നല്‍കിയിരുന്നു.

Latest