മനുഷ്യക്കടത്ത് തടയല്‍ നിയമം

Posted on: July 27, 2018 10:33 pm | Last updated: July 27, 2018 at 10:33 pm
SHARE

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വ്യാഴാഴ്ച പാര്‍ലിമെന്റ് അംഗീകരിച്ച മനുഷ്യക്കടത്ത് തടയല്‍ നിയമം. നിര്‍ബന്ധിത ജോലി, വേശ്യാവൃത്തി, ഭിക്ഷാടനം എന്നിവക്കായി തട്ടിക്കൊണ്ടുപോകുന്നത് ശിക്ഷാര്‍ഹമാക്കുന്ന ബില്‍ ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷത്തില്‍ കുറയാത്ത പിഴയും നിര്‍ദേശിക്കുന്നു. മനുഷ്യക്കടത്ത് പരാതികളില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബ്യൂറോകള്‍, പ്രതിരോധം, രക്ഷാപ്രവര്‍ത്തനം, ഇരകളുടെ സംരക്ഷണം എന്നിവക്കായി ജില്ലാ തലത്തില്‍ യൂനിറ്റുകള്‍ തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.

മറ്റു കുറ്റകൃത്യങ്ങള്‍ക്കൊപ്പം രാജ്യത്ത് മനുഷ്യക്കടത്തും വര്‍ധിക്കുകയാണ്. 2015-ല്‍ 6,877 കേസുകളാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2016-ല്‍ 8,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 15,379 പേരാണ് പ്രസ്തുത വര്‍ഷം സംഘങ്ങളുടെ വലയില്‍ അകപ്പെട്ടത്. ഇവരില്‍ 58ശതമാനവും (9,034പേര്‍) 18 വയസ്സിന് താഴെയുള്ളവരായിരുന്നു. 3000ത്തിലേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചിമബംഗാളാണ് രാജ്യത്ത് ഈ കുറ്റകൃത്യത്തില്‍ മുന്നില്‍. രാജസ്ഥാന്‍ 1,422, ഗുജറാത്ത് 548, മഹാരാഷ്ട്ര 517, തമിഴ്‌നാട് 434 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍. സഊദി, യു എ ഇ, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് മനുഷ്യക്കടത്ത് കൂടുതലും.

നിര്‍ബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം, വേശ്യാവൃത്തി, നിര്‍ബന്ധിത വിവാഹം, ദത്തെടുക്കല്‍, അവയവം മാറ്റല്‍ എന്നിവ ഉള്‍പ്പെടെ ക്രൂരമായ ചുഷണങ്ങള്‍ക്കാണ് കടത്തിക്കൊണ്ട് പോകുന്നവര്‍ ഇരയാവുന്നത്. സ്ത്രീകളാണ് ഇരകളില്‍ കൂടുതലും. വീട്ടുജോലിക്കാരി, ശുചീകരണ തൊഴിലാളി തുടങ്ങിയ തസ്തികകളില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താണ് ഏജന്റുമാര്‍ ഇരകളെ സമീപിക്കുന്നത്. ഗ്രാമങ്ങളില്‍ ചെന്ന് കാണാന്‍ കൊള്ളാവുന്ന നിര്‍ധന യുവതികളെ കണ്ടെത്തി ഗള്‍ഫിന്റെ സുവര്‍ണ ജീവിതം പറഞ്ഞു മോഹിപ്പിച്ച് വലവീശിപ്പിടിക്കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍. സ്ത്രീകള്‍ തന്നെയാണ് സംഘത്തിലെ പ്രധാന കണ്ണികള്‍. ഇവരുടെ വാക്കുകള്‍ വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെടുന്നവര്‍ മിക്കപ്പോഴും എത്തുന്നത് പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നവരുടെ കരങ്ങളിലാണ്. ഇരകള്‍ രക്ഷപ്പെടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് വാങ്ങിവെക്കുയാണ് ഇവിടെ എത്തിയാല്‍ നടത്തിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. സംശയം തോന്നിയാല്‍ മൊബൈല്‍ഫോണും പിടിച്ചുവെക്കും. പിന്നീട് പുറത്തിറങ്ങാന്‍ പോലും അനുവാദമുണ്ടാകില്ല. അപരിചിതമായ സ്ഥലങ്ങളിലെ ഇരുണ്ട മുറിയില്‍ തളക്കപ്പെടുന്ന ഇരകള്‍ രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ സ്ഥാപന നടത്തിപ്പുകാരുടെ സമ്മര്‍ദത്തിന് വഴങ്ങിയോ, പീഡനം ഭയന്നോ എല്ലാറ്റിനും വഴങ്ങാന്‍ തയാറാകുന്നു.

ഇതിനിടെ ഡല്‍ഹി പോലീസ് ദുബൈ അധികൃതരുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മാത്രം പ്രതിവര്‍ഷം നാല്‍പ്പതോളം യുവതികളെ ഗള്‍ഫിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നതായി കണ്ടെത്തി. ഇവരെല്ലാം ഗള്‍ഫ് നാടുകളിലെ വിവിധ അനാശാസ്യ കേന്ദ്രങ്ങളില്‍ ദുരിത ജീവിതം നയിക്കുകയാണ്. ഇതേ രീതിയില്‍ ബെംഗളൂരുവില്‍ പോലീസ് നടത്തിയ ഓപറേഷനില്‍ പിടികൂടിയ മനുഷ്യക്കടത്ത് സംഘം ഒരു വര്‍ഷം കൊണ്ട് 200 യുവതികളെ ഗള്‍ഫിലേക്ക് കൊണ്ടുപോയതായി കണ്ടെത്തിയിരുന്നു. മസ്‌കറ്റിലെയും ദുബൈയിലെയും അനാശാസ്യ കേന്ദ്രങ്ങളിലാണ് ഇവരെ കൊണ്ടുപോയതെന്നാണ് സംഘത്തിലെ കണ്ണികള്‍ വെളിപ്പെടുത്തിയത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 23 (1) പ്രകാരം ഇന്ത്യയില്‍ മനുഷ്യക്കടത്ത് നിരോധിച്ചിട്ടുണ്ട്. അത് തടയാന്‍ വിമാനത്താവളങ്ങളില്‍ ശക്തമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ മയങ്ങി വിമാനത്താവള ഉദ്യോഗസ്ഥരില്‍ പലരും കുറ്റവാളികളെ സഹായിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. മതിയായ രേഖകളോ മറ്റോ ഇല്ലാതെയാണ് ഇരകളായ സ്ത്രീകള്‍ പലപ്പോഴും വിമാനത്താവളങ്ങളിലെ എമിഗ്രേഷനിലെത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിന് നേരെ കണ്ണടക്കുന്നു. എമിഗ്രേഷന്‍ കൗണ്ടറില്‍ ചാര്‍ജുള്ള പോലീസ് ഉദ്യോഗസ്ഥരും ഓഫീസ് കവാടത്തില്‍ രേഖകള്‍ പരിശോധിക്കുന്നവരുമാണ് ചില വിമാനത്താവളത്തില്‍ മനുഷ്യക്കടത്തിന് നേതൃത്വം നല്‍കുന്നത്. രണ്ട് എമിഗ്രേഷന്‍ ഓഫീസര്‍മാരായിരുന്നു മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായത്. യു എ ഇയിലെ അനാശാസ്യ കേന്ദ്രങ്ങളിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതികളില്‍ ഏഴ് പേരും പോലീസുകാരാണ്. നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ നിയമ ലംഘനം നടത്തിയാല്‍ എങ്ങനെയാണ് രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരിക. മനുഷ്യക്കടത്ത് തടയുന്നതിന് നിയമം കര്‍ക്കശമാക്കേണ്ടത് ആവശ്യം തന്നെ. പക്ഷേ അതുകൊണ്ടു മാത്രമായില്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും കൃത്യനിര്‍വഹണവും ഉറപ്പു വരുത്തുക കൂടി വേണം. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പോലീസുകാര്‍ ശിക്ഷിക്കപ്പട്ടത് മറ്റുള്ളവര്‍ക്ക് പാഠമാകുന്ന വിധം മനുഷ്യക്കടത്ത് കേസിലും കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ടെങ്കിലേ നിയമനിര്‍മാണം ഫലവത്താകുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here