Connect with us

Gulf

ക്രിക്കറ്റ് വരട്ടെ; ആവേശം അതിര് കടക്കാതിരിക്കട്ടെ

Published

|

Last Updated

സെപ്റ്റംബറില്‍ യു എ ഇ യില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് വരുന്നു. കുറേകാലത്തിനു ശേഷമാണ് ഇന്ത്യ ഉള്‍പ്പെടുന്ന ഒര രാജ്യാന്തര ക്രിക്കറ്റ് മത്സരം യു എ ഇയിലെത്തുന്നത്. ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലാണ്. ക്രിക്കറ്റിലെ വന്‍ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുമെന്നതാണ് മറ്റൊരു സവിശേഷത.

ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെ ടീമുകള്‍ ഉണ്ടെങ്കിലും കൊതിപ്പിക്കുന്ന മത്സരം ഇന്ത്യയുടേയും പാകിസ്താന്റേതും തന്നെ. 2006 നു ശേഷം ആദ്യമായാണ് യു എ ഇ യില്‍ ഇന്ത്യ, പാകിസ്ഥാന്‍ മത്സരം. അബുദാബിയില്‍ സായിദ് ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു അവസാന മത്സരം. രണ്ടു ഏകദിനങ്ങളാണ് അന്ന് നടന്നത്. 2.2 കോടി ഡോളര്‍ ചെലവ് ചെയ്തു നിര്‍മിച്ച സായിദ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് ഇത്രയും നല്ല വിരുന്നൊരുക്കാന്‍ മറ്റൊന്നിനും കഴിയുമായിരുന്നില്ല. ഇന്ത്യന്‍ നിര്‍മാണ കമ്പനിയായ ഡി എല്‍ എഫ് ആണ് മത്സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ വന്‍മതിലായിരുന്ന രാഹുല്‍ ദ്രാവിഡും പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ ഇന്‍സമാമുല്‍ ഹഖും ആയിരുന്നു യഥാക്രമം ക്യാപ്റ്റന്മാര്‍. രണ്ടു ഏകദിനങ്ങള്‍ ആയിരുന്നു പരമ്പരയില്‍. ആദ്യ കളി പാകിസ്ഥാന്‍ ജയിച്ചു. രണ്ടാമത്തേത് ഇന്ത്യയും. മത്സരത്തിന് വീറും വാശിയും ഉണ്ടായിരുന്നെങ്കിലും കാണികള്‍ അതിരു കടന്നില്ല. അതിനു ശേഷം ഇരു രാജ്യങ്ങളിലും ക്രിക്കറ്റില്‍ രാഷ്ട്രീയം വീണ്ടും കലര്‍ന്നു. ഇന്ത്യ- പാക്ക് കളിയെന്നാല്‍ യുദ്ധമാണെന്നു ദേശീയതാ തീവ്ര വാദികള്‍ സൗകര്യപൂര്‍വം വിവക്ഷിച്ചു. അത് കൊണ്ട് തന്നെ ഇന്ത്യ പാക്ക് മത്സരങ്ങള്‍ അധികം നടന്നില്ല.
യു എ ഇ യില്‍ ഷാര്‍ജ എമിറേറ്റും ഇന്ത്യ- പാക്ക് മത്സരങ്ങള്‍ക്ക് വേദി ആയിട്ടുണ്ട്.

മിയാന്‍ദാദ് അവസാന ബോളില്‍ സിക്‌സ് പായിച്ചു പാകിസ്താനെ വിജയിപ്പിച്ചതു ഷാര്‍ജ സ്റ്റേഡിയത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമാണ്. അവിടെ വാതുവെപ്പുകാര്‍ കുടിയിരിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യ -പാക്ക് മത്സരങ്ങള്‍ പിന്നീട് നടന്നില്ല. ഐ പി എല്‍ ക്രിക്കറ്റില്‍ പോലും പാകിസ്ഥാന്‍ കളിക്കാര്‍ ഇല്ലാതായി.
ഇനിയിപ്പോള്‍ സെപ്തംബര്‍ 19 നു ദുബൈയില്‍ ഇന്ത്യ- പാക്ക് മത്സരം നടക്കുമ്പോള്‍ മറ്റൊരു ചരിത്ര സന്ധി. യു എ ഇ യിലെ 90 ശതമാനം വിദേശികളുടെ ശ്രദ്ധ പതിയുന്ന കളി. സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഒഴുകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 25000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള ആധുനിക സ്റ്റേഡിയമാണ് ദുബൈയിലേത്. ഷാര്‍ജയില്‍ 12000 പേര്‍ക്കാണ് കളി കാണാനാവുക. പാകിസ്ഥാന്റെ “ഹോം ഗ്രൗണ്ട്, ആണത്. സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ എത്താന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കു പാകിസ്ഥാന്‍ മുന്നോട്ടു വെക്കുന്ന മൈതാനം.

ഇന്ത്യയേക്കാള്‍, പാകിസ്താനാണ് യു എ ഇ യിലെ മൈതാനങ്ങളില്‍ അനുഭവ സമ്പത്ത്. പക്ഷെ ഇന്ത്യ ഏകദിനത്തില്‍ അപാര ഫോമിലാണ്. ഇംഗ്ലണ്ടില്‍ പരമ്പര തോറ്റത് പ്രശ്നമല്ല. വിരാട് കൊഹ്ലി നയിക്കുന്ന ടീമിലേക്കു കുറേ ചെറുപ്പക്കാര്‍ എത്താന്‍ സാധ്യതയുണ്ട്. അവര്‍ എന്തിനും പോന്നവരാണ്. ഫഖര്‍ സമാന്‍ പോലുള്ള മികച്ച പ്രതിഭകള്‍ കൊണ്ട് പാകിസ്ഥാന്‍ സമ്പന്നം. പോരാട്ടം തീ പാറുക തന്നെ ചെയ്യും. പക്ഷേ, ആവേശം അതിരുകടക്കാതിരിക്കണം. വര്‍ഗീയവാദികള്‍ മുതലെടുക്കുന്നതിനെ കരുതിയിരിക്കണം.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest