തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി

Posted on: July 27, 2018 6:47 pm | Last updated: July 27, 2018 at 9:46 pm

തിരുവനന്തപുരം: മണ്ണന്തല കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി പത്ത് കുട്ടികള്‍ക്ക് പരുക്കേറ്റു. നാലാഞ്ചിറ സര്‍വോദയ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ബ്രേക്ക് തകരാറിലായ ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട ബസിടിച്ചിച്ച് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച രണ്ട് പേര്‍ക്ക് പരുക്കേറ്റു.

തകര്‍ന്ന ബസില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന പ്രാഥമിക വിവരം. മണ്ണന്തല പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.