Connect with us

Kerala

എല്‍ ഡി എഫ് വിപുലീകരണം: ഘടകകക്ഷികള്‍ക്കുള്ളില്‍ ചര്‍ച്ച നടത്താന്‍ ധാരണ

Published

|

Last Updated

തിരുവനന്തപുരം: എല്‍ ഡി എഫ് വിപുലീകരിക്കുന്നത് സംബന്ധിച്ച് മുന്നണിയില്‍ നിലവിലുള്ള പാര്‍ട്ടികള്‍ക്കുള്ളില്‍ ചര്‍ച്ച നടത്താന്‍ ധാരണ. ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയിലെടുക്കണമെന്ന കാര്യത്തില്‍ ഓരോ പാര്‍ട്ടികളും ചര്‍ച്ച നടത്തി അടുത്ത യോഗത്തിന് മുമ്പ് അഭിപ്രായം അറിയിക്കണം. മുന്നണിയുമായി സഹകരിച്ച് നില്‍ക്കുന്നവരില്‍ ആരെയെല്ലാം ഘടകകക്ഷിയാക്കണമെന്ന് ഇതിന് ശേഷമാകും തീരുമാനിക്കുക. അടുത്ത എല്‍ ഡി എഫ് യോഗത്തിന് മുമ്പ് നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടതായി കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് ശേഷം എല്‍ ഡി എഫ് തീരുമാനമെടുക്കും.

എല്‍ ഡി എഫ് യോഗം തീരുമാനിച്ച ശേഷം പിന്നീട് തര്‍ക്കങ്ങളുണ്ടാകുന്നത് ഒഴിവാക്കാനാണ് ഓരോ പാര്‍ട്ടികളിലും ചര്‍ച്ച നടത്തുന്നത്.
ഇന്നലെ ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ലോക്താന്ത്രിക് ജനതാദള്‍, ഐ എന്‍ എല്‍, കേരളാ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍, ആര്‍ എസ് പി ലെനിനിസ്റ്റ്, നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് തുടങ്ങി മുന്നണിയുമായി വിവിധ കകക്ഷികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എം എല്‍ എമാര്‍ ഉള്ളവരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. വര്‍ഷങ്ങളായി സഹകരിച്ച് നില്‍ക്കുന്ന പാര്‍ട്ടികളും മുന്നണി വിട്ട് മടങ്ങിവന്നവരുമുണ്ട്. ഇവരില്‍ ആരെയൊക്കെ ഘടകകക്ഷിയാക്കണമെന്ന കാര്യത്തില്‍ ഓരോ പാര്‍ട്ടികളും നിലപാട് അറിയിക്കണം. ഇതിന് ശേഷം തീരുമാനമെടുക്കും.

ചെറുപാര്‍ട്ടികള്‍ തമ്മില്‍ ലയിച്ച ശേഷം ഘടകകക്ഷിയാകുകയെന്ന അഭിപ്രായമാണ് സി പി എമ്മിനുള്ളത്. ഇത് ഒരു നിര്‍ദേശമായി മുന്നോട്ടുവെക്കുന്നില്ലെങ്കിലും ഇങ്ങനെയൊരു സന്ദേശം സഹകരിച്ച് നില്‍ക്കുന്ന കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചാണ് കേരളാ കോണ്‍ഗ്രസ് സ്‌കറിയ, പിള്ള വിഭാഗങ്ങള്‍ ലയിക്കാന്‍ നീക്കം നടത്തിയത്. ഒരു പാര്‍ട്ടിയോടും ലയിക്കാന്‍ ആവശ്യപ്പെടില്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു.