ബദല്‍ രേഖയും മതേതര മുന്നണിയും

Posted on: July 27, 2018 10:17 am | Last updated: July 27, 2018 at 10:17 am

സി എം പി രൂപീകൃതമായിട്ട് ഇന്ന് 32 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ന്യൂനപക്ഷങ്ങളോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനത്തെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് പാര്‍ട്ടി രൂപവത്കരണത്തിനിടയാക്കിയത്. അതു സംബന്ധിച്ച് എം വി രാഘവനും ഒരു ഡസനോളം പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ ബദല്‍ രേഖ ഇപ്പോഴും പ്രസക്തവുമാണ്.
രാഷ്ട്രീയരംഗത്ത് വളരെ വിവാദം സൃഷ്ടിച്ച ബദല്‍ രേഖയാണ് സി എം പി രൂപവത്കരണത്തിന്റെ അടിസ്ഥാന ശില. കേരളത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെ പറ്റി വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ 1985-86 കളില്‍ സി പി എമ്മില്‍ ഉണ്ടായി. ഇടത് മുന്നണിക്കെതിരായി നിലകൊള്ളുന്ന യു ഡി എഫ് അന്ന് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എങ്ങനെ മുന്നണി ശക്തിപ്പെടുത്താമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടായത്. ന്യൂനപക്ഷ-ഭൂരിപക്ഷ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ച വീണ്ടും പ്രസക്തമായിരിക്കുന്ന സാഹചര്യമാണല്ലോ ഇപ്പോഴത്തേത്.

പാര്‍ട്ടിയില്‍ വിവിധ ഘടകങ്ങളിലും സംഘടനകളിലും പാര്‍ട്ടി നയത്തെപറ്റി സ്വതന്ത്രവും കാര്യമാത്ര പ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നതിന് പ്രയോജനപ്രദവും ആവശ്യവുമാണെന്നാണ് സിപി എം ഭരണഘനടയില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയായ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിയെ ഒറ്റപ്പെടുത്തുവാനേ സഹായിക്കുകയുള്ളൂ എന്ന സി പി എം കേന്ദ്രകമ്മിറ്റി കത്തിനെതിരായി എം വി രാഘവന്‍, പുത്തലത്ത് നാരായണന്‍, പി വി കുഞ്ഞിക്കണ്ണന്‍, ഇ കെ ഇമ്പിച്ചിബാവ, ടി ശിവദാസ മേനോന്‍, വി വി ദക്ഷിണാമൂര്‍ത്തി, പാട്യം രാജന്‍, പി വി മൂസാംകുട്ടി, സി കെ ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കേരളത്തില്‍ ലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുമായുള്ള മുന്നണി പാര്‍ട്ടിക്ക് പ്രയോജനപ്പെടുമെന്നും, കേന്ദ്ര കമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും സമര്‍ഥിച്ചുകൊണ്ട് ഒരു ഭിന്നാഭിപ്രായ കുറിപ്പ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെയും, പാര്‍ട്ടി സമ്മേളനത്തിന് മുമ്പാകെയും അവതരിപ്പിച്ചത്.
നമ്മുടെ ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ള മൗലികമായ അവകാശങ്ങള്‍ പോലും രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഇന്ന് ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്നും സി പി എം പാര്‍ട്ടി പരിപാടിയില്‍ അടിവരയിട്ട് പറഞ്ഞിട്ടുള്ള കാര്യം ബദല്‍ രേഖയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ പൊതുവായ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ അത് ന്യൂനപക്ഷ പ്രീണനമാകുമെന്നുമുള്ള വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. ബദല്‍ രേഖയില്‍ ഒപ്പിട്ട നേതാക്കളെ കൂടാതെ ഇ കെ നായനാര്‍ അടക്കമുള്ള പ്രമുഖരായ പലരും ഈ ഭിന്നാഭിപ്രായ കറുപ്പിനോട് അന്ന് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കേരള കോണ്‍ഗ്രസ്, ലീഗ് കക്ഷികളുമായി ഒരു കാലത്തും ബന്ധപ്പെടുകയില്ലെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം പാര്‍ട്ടിയെയും ബഹുജന പ്രസ്ഥാനത്തേയും മുസ്‌ലിം – ക്രിസ്ത്യന്‍ ജനസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ബദല്‍ രേഖ അടിവരയിട്ട് ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിലെ തൊഴിലാളികളെയും സാധാരണക്കാരായ ജനങ്ങളെയും പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ അനുയോജ്യമായ ഒരു നയമേ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കാവൂ എന്ന അംഗീകൃത നയത്തിന്റെ അടിസ്ഥാനത്തിലാണ് എം വി രാഘവനും കൂട്ടരും ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സമൂഹത്തിലെ ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലുമുള്ള ജനങ്ങളെയാകെ വര്‍ഗാടിസ്ഥാനത്തില്‍ ഇടതുപക്ഷത്തോടൊപ്പം അണിനിരത്താന്‍ കഴിഞ്ഞാലേ ഇടതു പക്ഷത്തിന്റെ ലക്ഷ്യം നിറവേറ്റപ്പെടുകയുള്ളൂ.

തനിക്കെതിരായി കൈക്കൊണ്ട അച്ചടക്കനടപടിക്കെതിരായി സംസ്ഥാന കമ്മിറ്റിക്ക് എ വി രാഘവന്‍ നല്‍കിയ കത്തില്‍ പറയുന്നു: ”ശരീഅത്ത് പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പാര്‍ട്ടിയെ വര്‍ഗീയവാദികള്‍ മതവിരോധികള്‍ എന്ന് മുദ്രകുത്തി മുസ്‌ലിം ജനവിഭാഗങ്ങളില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുമെന്നും അത് കണക്കിലെടുത്താലേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. അത് കണക്കിലെടുക്കാത്തതിന്റെ ഫലം മുസ്‌ലിം വര്‍ഗീയ വാദികള്‍ ഒന്നിക്കുന്നിടത്തേക്കാണ് ചെന്നെത്തിയത്. മതവിരോധ പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തൊരിടത്തും വളര്‍ന്നിട്ടില്ല. നമ്മുടേത് ഒരു മതവിരുദ്ധ പ്രസ്ഥാനവുമല്ല. മുസ്‌ലിമായാലും, ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും സിഖുകാരനായാലും ഏത് മതത്തിലും ജാതിയിലും പെട്ടവരായാലും അവരെ വര്‍ഗപരമായി അണിനിരത്തുകയാണ് വേണ്ടത്.”
ഏക സിവില്‍ കോഡ് നടപ്പിലാക്കാനും, ശരീഅത്തിനെതിരായ നിലപാടുമായും കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ഇന്ന് രംഗത്തു വന്നിരിക്കുകയാണല്ലോ. ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കണമെന്ന് നിര്‍ദേശക തത്വങ്ങളില്‍ (ആര്‍ട്ടിക്കിള്‍ 44) പറയുന്നുണ്ടെന്നുള്ളത് ശരിയാണ്. എന്നാല്‍ ഭരണ ഘടനയിലെ മൗലിക അവകാശങ്ങളില്‍ (ആര്‍ട്ടിക്കിള്‍ 25,26,27,28) ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഈ അവകാശങ്ങള്‍ മൗലികമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ദേശക തത്വങ്ങള്‍ ഭരണാധികാരികള്‍ക്ക് ഭരണ ഘടന നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണെങ്കില്‍ മൗലിക അവകാശങ്ങള്‍ രാജ്യം അംഗീകരിച്ച പൗരന്‍മാരുടെ മുഖ്യമായ അവകാശങ്ങളുമാണ്. ഈ അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മൗലിക അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് നിര്‍ദേശക തത്വങ്ങള്‍ നടപ്പിലാക്കുക അസാധ്യവുമാണ്. ഭരണഘടനയിലെ നിര്‍ദേശക തത്വത്തിലെ ഒരു വ്യവസ്ഥയും, ഒരു മൗലിക അവകാശവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കോടതിക്ക് മൗലിക അവകാശത്തെ മാത്രമേ ഉയര്‍ത്തിപ്പിടിക്കുവാന്‍ കഴിയുകയുള്ളൂ.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഉറക്കെ ശബ്ദിച്ചുകൊണ്ടും അതിന്റെ അടിസ്ഥാനത്തിലുള്ള ബദല്‍ രേഖ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാണ് സി എം പി രൂപവത്കരിച്ചത്. നമ്മുടെ രാജ്യത്തെ വര്‍ഗീയ ശക്തികളുടെ ഭരണക്കുത്തക അവസാനിപ്പിക്കാനും, അവരുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാനും മറ്റാരെക്കാളും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മതേതരപ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്ന് എം വി ആര്‍ പറഞ്ഞിരുന്നു. 1987-ല്‍ തന്നെ ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഇടതുപക്ഷപാര്‍ട്ടികളും ജനാധിപത്യ-മതേതരപാര്‍ട്ടികളും യോജിച്ചുനില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ നിലയിലുള്ള അഭിപ്രായം ആദ്യമായി പറഞ്ഞ ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്നു എം വി ആര്‍. അന്ന് ഈ അഭിപ്രായത്തെ മാനിക്കാന്‍ സി പി എം അടക്കമുള്ള ഇടതുപാര്‍ട്ടികളും, കോണ്‍ഗ്രസ് അടക്കമുള്ള മതേതരപാര്‍ട്ടികളും തയ്യാറായില്ല. എന്നാല്‍ പിന്നീട് ഈ പാര്‍ട്ടികള്‍ക്കെല്ലാം ബി ജെ പിക്കെതിരായ ഇടതുപക്ഷ-മതേതര ഐക്യത്തിന്റെ പ്രാധാന്യം ബോധ്യമായി. ആ നിലയില്‍ ഇടതുപാര്‍ട്ടികളും മതേതരപാര്‍ട്ടികളും ഒരു നിലപാട് കൈക്കൊണ്ടതുകൊണ്ടാണ് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇടതുപാര്‍ട്ടികള്‍ക്ക് വളരെ മെച്ചപ്പെട്ട സ്ഥാനം ആ സര്‍ക്കാറില്‍ ലഭിക്കുകയും ചെയ്തു.
ബി ജെ പി ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് വളരെ ശക്തമായി പിടിമുറുക്കിയിരിക്കുകയാണ്. മതേതരത്വത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ ഭരണഘടനയെപ്പോലും അവര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. വര്‍ഗീയ വിരുദ്ധപ്രസ്ഥാനങ്ങള്‍ക്കുള്ള പ്രസക്തി അതുകൊണ്ടുതന്നെ ഇന്ന് വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.

ദളിതര്‍ക്കും സമൂഹത്തിലെ താഴേക്കിടയിലുള്ള ജനവിഭാഗങ്ങള്‍ക്കും എതിരായി വ്യാപകമായ കടന്നാക്രമണങ്ങളാണ് ആ പാര്‍ട്ടിയും അതിന്റെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള ദളിതര്‍ ഈ കടന്നാക്രമണങ്ങള്‍ക്കെതിരായി ശക്തമായ ബാരിക്കേഡ് സൃഷ്ടിച്ചിരിക്കുന്നത് എടുത്തു പറയേണ്ടതാണ്. എന്താഹാരം കഴിക്കണമെന്ന മൗലിക അവകാശത്തെപ്പോലും സംഘ്പരിവാര്‍ സംഘടനകള്‍ വെല്ലുവിളിക്കുകയാണ്. ബീഫ് കഴിച്ചാല്‍ കൊലപ്പെടുത്തുമെന്നുള്ള ഭീഷണിയും അത്തരത്തിലുള്ള ഡസന്‍ കണക്കിന് കൊലപാതകങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ടായി.
മൂന്ന് പതിറ്റാണ്ടുകാലം സംസ്ഥാനത്തെ യു ഡി എഫില്‍ ഉറച്ചുനിന്ന സി എം പി കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിന്റെ രാഷ്ട്രീയ നിലപാട് മാറ്റുകയും ഇടതുമുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോവുകയുമാണ്. രാജ്യത്ത് നിലവിലുള്ള സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തെ നേരിടുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇടതുപക്ഷത്തിനും മാത്രമേ കഴിയുകയുള്ളൂ എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഈ നിലപാട് കൈക്കൊണ്ടത്. കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് അധികാരത്തിലുള്ള വര്‍ഗീയ ഛിദ്രശക്തികളുടെ പാര്‍ട്ടിയേയും സംഘ്പരിവാര്‍ സംഘടനകളേയും ഫലപ്രദമായി നേരിടാന്‍ ഒരിക്കലും കഴിയുകയില്ല. ഏറ്റവും വിപുലമായ ഇടതുമതേതര മുന്നണി ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ആ കടമ നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ചുമതലയാണ് ഇപ്പോള്‍ ഇടതുപക്ഷം ഏറ്റെടുക്കേണ്ടത്. ഈ യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടാണ് സി എം പി ഇന്ന് ഇടതു ചേരിയോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്.