കേരളവും കേന്ദ്രത്തിന്റെ വൈരാഗ്യബുദ്ധിയും

സഹകരണ ഫെഡറലിസത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടെക്കൂടെ വാചാലനാകുമ്പോഴും, സംസ്ഥാനങ്ങള്‍ക്കുമേല്‍ ഏകാധിപത്യ രീതി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍. എന്തെല്ലാം അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും പരസ്പര സഹകരണം നിലനിര്‍ത്തുകയും ചെയ്യുകയെന്നത് ഫെഡറലിസവും ജനാധിപത്യവും മാനിക്കുന്ന ഏതൊരു സര്‍ക്കാറും പുലര്‍ത്തിപ്പോന്ന സംസ്‌കാരമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ കേന്ദ്ര ഭരണം ഫെഡറല്‍ തത്വങ്ങളെയും ഭരണ ഘടനയെയും വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ തലവനായിരിക്കെ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പുലര്‍ത്താതിരിക്കുമ്പോള്‍ പ്രാദേശിക പാര്‍ട്ടിക്കാരെക്കാള്‍ തരം താണ രാഷ്ട്രീയം കളിക്കുന്ന പ്രധാനമന്ത്രിയായാണ് മോദിയെ ചരിത്രം അടയാളപ്പെടുത്തപ്പെടുക.
Posted on: July 27, 2018 10:11 am | Last updated: July 27, 2018 at 10:11 am
SHARE

കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അവഗണനക്കും വിവേചനങ്ങള്‍ക്കും രാഷ്ട്രീയത്തിനപ്പുറം നിരവധി ഘടകങ്ങളുണ്ട്. വംശീയതയുള്‍പ്പെടെ ഇതില്‍ വരുന്നുണ്ടെന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യമാണ്. കാലങ്ങളായി മാറി മാറി വരുന്ന സര്‍ക്കാറുകളുടെ താത്പര്യത്തിനപ്പുറം കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരായ ഉത്തരേന്ത്യന്‍ ബഠാബാബുമാര്‍ സ്വീകരിക്കുന്ന നടപടികളെ ഇഴ കീറി പരിശോധിച്ചാല്‍ അവഗണനക്കും വിവേചനത്തിനുമുള്ള മൂല കാരണങ്ങള്‍ കണ്ടെത്താനാകും. കഴിഞ്ഞ മുഴുവന്‍ സര്‍ക്കാറുകളുടെ കാലത്തും ആ വിവേചനം പ്രകടമായി തന്നെ അനുഭവപ്പെട്ടിരുന്നു. ഉത്തരേന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള അവഹേളനാപരമായ സമീപനങ്ങളും പുതിയ സംഭവമല്ല. എന്നാല്‍ ഇതോടൊപ്പം നേരത്തെയില്ലാത്ത തരത്തില്‍ രാഷ്ട്രീയ വൈരാഗ്യ ബുദ്ധിയോടെയുള്ള വിവേചന സമീപനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നത്.

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തോട് സ്വീകരിച്ച സമീപനങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ ഈ കാര്യങ്ങള്‍ വ്യക്തമാകും. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു സംസ്ഥാനത്ത് നിന്നുള്ള സര്‍വകക്ഷി സംഘത്തോടും മുഖ്യമന്ത്രിയോടും പ്രധാനമന്ത്രി കാണിച്ചത്. ബി ജെ പി ഇതര സര്‍ക്കാറുകള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളോടെല്ലാം രാഷ്ട്രീയ വിദ്വേഷം വെച്ചുപുലര്‍ത്തുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. ഇതോടൊപ്പം കാലാകാലങ്ങളിലായി നിലനില്‍ക്കുന്ന രാഷ്ട്രീയ മര്യാദകളെയൊക്കെ ലംഘിക്കുന്ന നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാറും ഒരു നാലാംകിട രാഷ്ട്രീയ സംസ്‌കാരമാണ് പ്രകടിപ്പിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ തലവനായിരിക്കെ പുലര്‍ത്തേണ്ട സാമാന്യ മര്യാദപുലര്‍ത്താത്ത മോദി ചിലപ്പോഴൊക്കെ പ്രാദേശിക പാര്‍ട്ടി നേതാവിനെക്കാള്‍ തരം താണ രാഷ്ട്രീയം കളിക്കുന്ന ഒരു പ്രധാനമന്ത്രിയായാണ് അടയാളപ്പെടുത്തപ്പെടുക. ഈ സമയങ്ങളില്‍ ഒരു വാര്‍ഡ് കൗണ്‍സിലറുടെ പോലും രാഷ്ട്രീയ ഉത്ബുദ്ധത കാണിക്കാത്ത നരേന്ദ്ര മോദിയെ രാഷ്ട്രീയ മാന്യത കുറഞ്ഞ പ്രധാനമന്ത്രിയായിട്ടായിരിക്കും ഭാവിയില്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടി വരിക.

കോണ്‍ഗ്രസിന്റെ കാലത്തും അവഗണന ചര്‍ച്ചാ വിഷയമായിരുന്നുവെങ്കിലും ഭരണ – ഉദ്യോഗസ്ഥ നേതൃത്വത്തോട് മുഖം തിരിക്കുന്ന സമീപനം കുറവായിരുന്നു. വരള്‍ച്ചയും കാലവര്‍ഷവുമുള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളില്‍ ദുരിതാശ്വാസമാവശ്യപ്പെട്ട് എത്രയോ തവണ കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ചെന്ന് നിവേദനം നല്‍കിയിട്ടുണ്ട്. അന്നൊന്നും പ്രധാനമന്ത്രി കാണാന്‍ കൂട്ടാക്കാത്ത സമീപനം ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍, ഫെഡറല്‍ സംവിധാനത്തെ തന്നെ അവഹേളിക്കുന്ന സമീപനമാണ് തുടര്‍ച്ചയായി കേന്ദ്രത്തില്‍ നിന്ന് കേരളത്തോടുണ്ടാകുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ നേരിട്ടറിയിക്കുന്നതിന് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് മൂന്ന് തവണ അനുമതി നിഷേധിക്കുന്ന ഒരു പ്രധാനമന്ത്രി ഏത് ജനാധിപത്യ മര്യാദകളെ അംഗീകരിക്കുന്നയാളാണ്? അേദ്ദഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ സംസ്‌കാരം കൂടി ഈ നിലപാടില്‍ സ്വാധീനിച്ചിരിക്കാം. എങ്കിലും ഇത്തരം സ്ഥാനങ്ങളിലിരിക്കുന്നവര്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദകള്‍ നഗ്നമായി ലംഘിക്കുമ്പോള്‍ അത് രാജ്യാന്തര തലത്തില്‍ രാജ്യത്തിനും രാജ്യത്തെ സംസ്‌കാരത്തിനുമുണ്ടാക്കുന്ന പരുക്ക് അത്ര ചെറുതാകാനിടയില്ല.

കേരളത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് നോട്ടു നിരോധത്തിലൂടെ രാജ്യത്തിന്റെയാകെ സമ്പദ്ഘടനയെ തകര്‍ത്ത നടപടിയുണ്ടായപ്പോള്‍ കേരളത്തിലെ സഹകരണ ബേങ്കുകളുടെ നിലനില്‍പ്പിനെ പോലും പ്രതികൂലമായി ബാധിക്കുമെന്ന ഘട്ടത്തിലും അസാധാരണമായ വരള്‍ച്ച നേരിട്ട കഴിഞ്ഞ വര്‍ഷവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കാണാന്‍ അനുമതി തേടിയെങ്കിലും അപ്പോഴെല്ലാം ഒരു സംസ്ഥാനത്തിന്റെ പൊതു ആവശ്യത്തോട് നിഷേധാത്മക നിലപാടായിരുന്നു പ്രധാനമന്ത്രി സ്വീകരിച്ചത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഉപഭോക്തൃ സംസ്ഥാനമായ കേരളം നേരിടുന്ന പ്രതിസന്ധി വിവരണാതീതമാണ്. ഭക്ഷ്യസുരക്ഷയില്‍ നേരത്തെ തന്നെ ഏറെ മുന്നേറിയെന്ന ഒറ്റക്കാരണത്താല്‍ അര്‍ഹമായ റേഷന്‍ വിഹിതം പോലും വെട്ടിക്കുറച്ച് പ്രതികാര മനോഭാവത്തോടെയാണ് കേന്ദ്രം പെരുമാറുന്നത്. ഈ വിഷയത്തിലും പതിവ് അവഗണന തുടര്‍ന്ന പ്രധാനമന്ത്രി അനുമതി നല്‍കിയില്ലെന്നുമാത്രമല്ല വകുപ്പ് മന്ത്രിയെ കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
വകുപ്പ് മന്ത്രിക്കും മേധാവികള്‍ക്കും മുമ്പാകെ നേരിട്ടും അല്ലാതെയും നിരവധി തവണ വിഷയം ഉന്നയിച്ചിരുന്നുവെന്ന് അറിയിച്ചിട്ടും പ്രധാനമന്ത്രി തന്റെ നിലപാട് മാറ്റിയിരുന്നില്ല. പിന്നീട് കാണാന്‍ അനുമതി നല്‍കിയപ്പോഴും പ്രധാനമന്ത്രി സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളോട് പ്രതികരിച്ചില്ല. വ്യക്തിപരമായ പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രിയെ പരിഹസിച്ച പ്രധാനമന്ത്രി ഉന്നയിച്ച ആവശ്യങ്ങളോട് പ്രതിലോമകരമായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രയെ കളിയാക്കിയ പ്രധാനമന്ത്രി സര്‍ക്കാര്‍ ചെലവില്‍ 1,848 കോടി മുടക്കി 84 വിദേശ യാത്രകള്‍ നടത്തിയയാളാണെന്ന് മനഃപൂര്‍വം വിസ്മരിക്കുകയായിരുന്നു. സഹകരണ ഫെഡറലിസത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടെക്കൂടെ വാചാലനാകുമ്പോഴും, സംസ്ഥാനങ്ങള്‍ക്കുമേല്‍ ഏകാധിപത്യ രീതി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ ഇതിന്റെ പ്രധാന ഉദാഹരണങ്ങളില്‍ ചിലതാണ്.

റെയില്‍വേ വികസനത്തിലും ഇതര വിഷയങ്ങളിലും പ്രതികാര ബുദ്ധിയോടെയാണ് കേന്ദ്രം കേരളത്തെ സമീപിക്കുന്നതെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബോധ്യമായിത്തുടങ്ങിയിട്ടുണ്ട്. അടിയന്തര വേഗത്തില്‍ സ്ഥലമേറ്റെടുത്ത് നല്‍കിയ പാലക്കാട് കോച്ച് ഫാക്ടറിയുടെ വിഷയത്തില്‍ വാക്സ്ഥിരതയില്ലാത്ത കേന്ദ്ര സമീപനം കേരളത്തോടുള്ള വിവേചനം തുറന്നുകാട്ടുന്നതാണ്. നേരത്തെ നിശ്ചയിച്ച ഭൂമിക്ക് പുറമെ അധിക ഭൂമി വേണമെന്ന ആവശ്യവും യുദ്ധകാലാടിസ്ഥാനത്തില്‍ നിവര്‍ത്തിച്ച് കൊടുത്ത ഒരു സംസ്ഥാനത്തോട് ഇപ്പോള്‍ കോച്ച് ഫാക്ടറിയില്ലെന്ന് പറയുന്നത് എന്ത് മാത്രം അശ്ലീലമാണ്? ഇങ്ങനെ രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് രാഷ്ട്രീയ വൈരാഗ്യത്തോടെയും മുതലെടുപ്പ് നീക്കത്തോടെയുമാണ് പെരുമാറുന്നത്.
സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഓഖി ദുരന്തത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം സ്വീകരിച്ച നിലപാട് ഇത്തരത്തില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെയും മുതലെടുപ്പിന്റെതുമായിരുന്നു. ദുരന്തസമയത്തെ സാന്ത്വനത്തിനപ്പുറം ആവശ്യമായ സഹായം ഇതുവരെ എത്തിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഒരു മന്ത്രിയെ അയച്ച് മാധ്യമശ്രദ്ധ നേടി തിരിച്ചുപോകുകയാണ് ചെയ്തത്. എന്നാല്‍ ഓഖി ദുരന്തത്തെ ഗൗരവപൂര്‍വം കൈകാര്യം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ വളരെ പെട്ടെന്ന് അടിസ്ഥാന-ധന സഹായമുള്‍പ്പെടെ ചെയ്‌തെങ്കിലും ഈ വകയില്‍ നല്‍കാമെന്നേറ്റ ധനസഹായം കേന്ദ്രം ഇതുവരെ നല്‍കിയിട്ടില്ല. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളെ ഉപദ്രവിക്കുന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പേരില്‍ കേരളത്തിന്റെ റേഷന്‍ വിഹിതം തടഞ്ഞുവെച്ചിരിക്കുന്ന നടപടിയും 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിലും കേരളം ഏറ്റുവാങ്ങുന്ന അവഗണന ഇതാണ് കാണിക്കുന്നത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൗതിക സാഹചര്യങ്ങളിലും സംസ്‌കാരത്തിലും മറ്റും കേരളം മുന്നിട്ടുനില്‍ക്കുന്നുവെന്നത് ഒരു ന്യൂനതയായാണ് കേന്ദ്രം പലപ്പോഴും കാണുന്നത്. എന്തെല്ലാം അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും പരസ്പര സഹകരണം നിലനിര്‍ത്തുകയും ചെയ്യുകയെന്നത് ഫെഡറലിസവും ജനാധിപത്യവും മാനിക്കുന്ന ഏതൊരു സര്‍ക്കാറും പുലര്‍ത്തിപ്പോന്ന സംസ്‌കാരമായിരുന്നു.

എന്നാല്‍, ഇപ്പോഴത്തെ കേന്ദ്ര ഭരണം ഫെഡറല്‍ തത്വങ്ങളെയും ഭരണ ഘടനയെയും വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഗവര്‍ണര്‍മാരുടെ നിയമനം, രാഷ്ട്രപതി-ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തുടങ്ങിയ നടപടിക്രമങ്ങളില്‍ രാജ്യം കാലങ്ങളായി തുടര്‍ന്നുവരുന്ന കീഴ്‌വഴക്കളെ അട്ടിമറിച്ചും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണമാരെ ഉപയോഗിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിച്ചും കേന്ദ്രസര്‍ക്കാര്‍ പല തവണ നടത്തിയ ശ്രമങ്ങള്‍ രാജ്യം കണ്ടതാണ്. ഒരു സംസ്ഥാനത്തെ മന്ത്രിസഭാ രൂപവത്കരണങ്ങളിലുള്‍പ്പെടെ രാഷ്ട്രീയ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് മ്ലേച്ഛമായ രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര സര്‍ക്കാറിന് കര്‍ണാടകയില്‍ തിരിച്ചടി നേരിട്ടിരുന്നു. കേന്ദ്രത്തിന്റെ നെറികെട്ട രാഷ്ട്രീയത്തിനേറ്റ വലിയ ആഘാതമായിരുന്നു അത്.
ഇതിന് പുറമെ സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാന്‍ മറ്റു പാര്‍ട്ടികളെ പിളര്‍ത്തിയും നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞും കൂറുമാറ്റിയും പാര്‍ട്ടികളെ വേരോടെ പിഴുതും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നയനിലപാടുകളില്ലാത്ത നെറികെട്ട രാഷ്ട്രീയമാണ് മോദിയും ബി ജെ പിയും പുറത്തെടുക്കുന്നത്. ഗോവ, മണിപ്പൂര്‍, ത്രിപുര, നാഗാലാന്‍ഡ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ബി ജെ പിയുടെ ഈ നെറികെട്ട രാഷ്ട്രീയത്തിന്റെ നേര്‍ ചിത്രമാണ്. ഒപ്പം രാഷ്ട്രീയ ശത്രുക്കളെ ഒതുക്കാന്‍ മനസ്സാക്ഷിക്കുത്തില്ലാതെ വിവിധ ഏജന്‍സികളെ പ്രത്യക്ഷമായി ഉപയോഗിക്കുന്ന തരംതാഴ്ന്ന രാഷ്ട്രീയ തന്ത്രവും രാജ്യത്തെ രാഷ്ട്രീയ സംസ്‌കാരത്തെ മലീമസമാക്കുന്ന നടപടിയാണ്.

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം എല്‍ എമാരെ റാഞ്ചാനുള്ള നീക്കങ്ങള്‍ക്ക് തടയിട്ട രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ മണിക്കൂറുകള്‍ക്കകം ആദായ നികുതി ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങിയതും അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമെന്നായപ്പോള്‍ 37 എം പിമാരുള്ള എ ഐ എ ഡി എം കെ നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ റെയ്ഡ് നടത്തുന്നതിലുമെല്ലാം ഇതേ രാഷ്ട്രീയം തന്നെയാണ് കാണുന്നത്.