പാക് തിരഞ്ഞെടുപ്പ് ഫലം

Posted on: July 27, 2018 10:03 am | Last updated: July 27, 2018 at 10:03 am

മാറ്റത്തിന്റെ കാഹളവുമായാണ് പാക്കിസ്ഥാനിലെ പതിനൊന്നാമത് പൊതുതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്. രാഷ്ട്രീയത്തില്‍ കൂടുതല്‍ പഴക്കവും തഴക്കവുമുള്ള നവാസ് ശരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിംലീഗിനെയും ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും പുറംതള്ളി മുന്‍ക്രിക്കറ്റ് താരം ഇംറാന്‍ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയാണ് ജനറല്‍ അസംബ്ലിയിലെ 272 സീറ്റില്‍ 118 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നത്. സ്വന്തമായി കേവല ഭൂരിപക്ഷമില്ലെങ്കിലും സൈന്യം നിര്‍ത്തിയ സ്വതന്ത്രരടക്കമുള്ളവരുടെ പിന്തുണയോടെ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. അതിനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാണ്. 58 സീറ്റുമായി മുന്‍ ഭരണ കക്ഷിയായ പി എം എല്‍ ആണ് രണ്ടാമത്. അനധികൃത സ്വത്ത് കേസില്‍ ഇസ്‌ലാമാബാദിലെ അക്കൗണ്ടബിലിറ്റി കോര്‍ട്ട് 10 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നവാസ് ശരീഫ് ജയിലിലായതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ശഹബാസ് ശരീഫാണ് പി എം എല്ലിനെ നയിച്ചത്. പി പി പി യാണ് 35 സീറ്റുമായി മൂന്നാമത്.

10.6 കോടി വോട്ടര്‍മാരുള്ള പാക്കിസ്ഥാനില്‍ ബുധനാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. 85,000 പോളിംഗ് സ്‌റ്റേഷനുകളിലായി 3,71,388 സൈനികരെയും 4,50,000 പോലീസുകാരെയും നിയോഗിച്ചു വന്‍ സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. പാക് ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ ഇത്ര കനത്ത സുരക്ഷ. എങ്കിലും വോട്ടെടുപ്പിനിടെ വ്യാപക ആക്രമം നടക്കുകയും 34 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രചാരണത്തിനിടെ ജൂലൈ 13ന് നടന്ന ആക്രമണത്തില്‍ 150 പേരും കൊല്ലപ്പെട്ടിരുന്നു.
വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് പി എം എല്‍ പ്രസിഡന്റ് ശഹബാസ് ശരീഫും പി പി പി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയും ആരോപിക്കുന്നത്. പോളിംഗ് ഏജന്റുമാരെ പുറത്താക്കി അവരുടെ അസാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടത്തിയതെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും ഇംറാന്‍ ഖാനെ സഹായിക്കുന്നതിനും സൈന്യവും ഐ എസ് ഐയും ഇടപെട്ടുവെന്നും ആരോപിക്കപ്പെടുന്നു. പാക് ഇലക്ഷന്‍ കമ്മീഷന്‍ ഇതെല്ലാം തള്ളിക്കളഞ്ഞു. തോല്‍ക്കുന്ന പാര്‍ട്ടികള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സാധാരണമാണെന്നും പരാതികളുള്ളവര്‍ക്ക് കമ്മീഷനെ സമീപിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു. 2013ലും തിരഞ്ഞെടുപ്പ് ക്രമക്കേടും അട്ടിമറിയും ഉയര്‍ന്നതാണ്. തഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയാണ് അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്.

അഴിമതിയാരോപണത്തില്‍ ശരീഫും കൂട്ടാളികളും ശിക്ഷിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പായതിനാലാണ് ഇംറാന്‍ ഖാന് അനുകൂലമായ വിധിയെഴുത്ത് നടന്നതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. രാഷ്ട്രീയത്തില്‍ ശരീഫിന്റെ പിന്‍ഗാമിയാകുമെന്ന് ഉറപ്പിച്ചിരുന്ന മകള്‍ മറിയം ശരീഫും അഴിമതിക്കേസില്‍ അകപ്പെട്ടത് ഖാന് കൂടുതല്‍ ഗുണകരമാവുകയും ചെയ്തു.
അഴിമതിവിരുദ്ധത മുഖ്യവിഷയമാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട ഇംറാന്‍ഖാന്റെ മുന്നേറ്റം വലിയ പ്രതീക്ഷയോടെയാണ് പാക്ജനത നോക്കിക്കാണുന്നത്. പതിറ്റാണ്ടുകളായി ഭരണകൂടത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ഗ്രസിച്ചു കഴിഞ്ഞ അഴിമതി പൂര്‍ണമായി തുടച്ചു മാറ്റാനാവില്ലെങ്കിലും ഈ ലക്ഷ്യത്തില്‍ ആശാവഹമായ നീക്കങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം സൈന്യത്തിന് പ്രിയങ്കരനായ ഇംറാന്‍ഖാന്‍ അധികാരത്തിലേറുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം ആശങ്കാകുലമാണ്. സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനാകുകയുള്ളൂവെന്നും അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇത് ഇടയാക്കുമെന്നുമൊക്കെയാണ് ഇന്ത്യന്‍ ഭരണ കൂടത്തിന്റെ ആശങ്ക. ഇത്തരം മുന്‍വിധികള്‍ സാധൂകരിക്കുന്ന വിധത്തില്‍ തീവ്രനിലപാടായിരിക്കുമോ അതിര്‍ത്തി പ്രശ്‌നത്തിലും ഉഭയകക്ഷി ബന്ധത്തിലും ഇംറാന്‍ഖാന്‍ കൈക്കൊള്ളുക, അതോ നിര്‍ത്തി വെച്ച ഇന്ത്യാ-പാക് ചര്‍ച്ചകള്‍ പുനരാരംഭിച്ച് ബന്ധം ഊഷ്മളമാക്കാനുള്ള വിവേകപരമായ നിലപാടായിരിക്കുമോ? കാത്തിരുന്നു കാണേണ്ടതാണ്. ഇംറാന്‍ഖാന്റെ വരവ് ഇന്ത്യാ-പാക് ബന്ധത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് ശശിതരൂരിന്റെ പക്ഷം.

രാഷ്ട്രീയത്തില്‍ സൈന്യത്തിനുള്ള വന്‍സ്വാധീനത്തെ അതിജീവിച്ചു ജനാധിപത്യ ഭരണം മുന്നോട്ട് കൊണ്ടുപോകുക പാക്കിസ്ഥാനില്‍ ഏറെ ശ്രമകരമാണ്. മൂന്നര പതിറ്റാണ്ടോളം ക്രിക്കറ്റില്‍ തിളങ്ങുകയും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ആള്‍റൗണ്ടര്‍മാരിലൊരാളും വേഗതയേറിയ പേസ് ബൗളറുമായി വാഴ്ത്തപ്പെടുകയും ചെയ്ത ഇംറാന്‍ഖാന് ഭരണാധികാരിയെന്ന നിലയില്‍ എത്രത്തോളം തിളങ്ങാനാവും? ക്രിക്കറ്റിനേക്കാള്‍ ദീര്‍ഘമേറിയതാണ് രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ്. 1996-ല്‍ പെഷവാറിലെ ഒരു റാലിയില്‍ വെച്ചാണ് തെഹ്‌രികെ ഇന്‍സാഫ് രൂപവത്കരിച്ചത്. 22 വര്‍ഷം വേണ്ടി വന്നു അദ്ദേഹത്തിന് ലക്ഷ്യം കാണാന്‍. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ കാലം തികക്കാനാകാതെ സൈന്യത്തിന്റെ ‘വെടിയേറ്റു’ നിലം പതിച്ച അനുഭവമാണ് പാക് ചരിത്രത്തില്‍ പൊതുവെ കാണാനാവുക. അതിനിടെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനായത് കഴിഞ്ഞ പി എം എല്‍ സര്‍ക്കാറിനും അതിന് മുമ്പത്തെ പി പി പി സര്‍ക്കാറിനും മാത്രമാണ്. എങ്കില്‍ പോലും ഈ രണ്ട് സര്‍ക്കാറുകള്‍ക്കും നേതൃത്വം നല്‍കിയവര്‍ക്ക് ഇടക്കാലത്ത് ഇറങ്ങിപ്പോകേണ്ടി വന്നു. ചരിത്രം തിരുത്താന്‍ ഇംറാന്‍ ഖാനാകുമോ?