മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു

Posted on: July 27, 2018 8:51 am | Last updated: July 27, 2018 at 7:02 pm
SHARE

കാസര്‍കോട്: മുന്‍ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു. 76 വയസ്സായിരുന്നു. കാസര്‍കോട് ചെര്‍ക്കളത്തെ സ്വവസതിയില്‍ വെള്ളിയാഴ്ച രാവിലെ 8.20 ഒാടെയായിരുന്നു അന്ത്യം. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലെത്തിച്ചത്. ഹൃദയ സ‌ംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററാണ്.

ബാരിക്കാട് മുഹമ്മദ് ഹാജി – ആയിഷുമ്മ ദമ്പതികളുടെ മകനായി 1942 സെപ്തംബര്‍ 15ന് കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളത്ത് ജനനം. മുസ്ലിം യൂത്ത് ലീഗിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായി.

1987ല്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന് 1991,1996,2001 തിരഞ്ഞെടുപ്പുകളിലും ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2001ലെ എ കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി. പിന്നാക്ക വിഭാഗ ക്ഷേമ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, യുഡിഎഫ കാസര്‍കോട് ജില്ലാ ലെയസണ്‍ കമ്മിറ്റി ചെയര്‍മാന്‍, കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, ജില്ലാ സ്‌പോര്‍ട്‌സ് കൗണസില്‍ അംഗം, പിന്നാക്ക സമുദായ ഏകോപന സമിതി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ഖബറടക്കം വൈകുന്നേരം ആറ് മണിക്ക് ചെര്‍ക്കളം മുഹ്യുദീന്‍ ജുമാ മസ്ജിദില്‍

ഭാര്യ:ആയിഷാ ചെര്‍ക്കളം (മുന്‍ പ്രസിഡന്റ് ചെങ്കളഗ്രാമ പഞ്ചായത്ത് )
മക്കളുടെ പേര്:സി.എ. മുഹമ്മദ് നാസര്‍ (മസ്‌ക്കറ്റ് ),സി.എ. മെഹറുനിസ (ബോംബെ),സി.എ. മുംതാസ് സമീറ (മെമ്പര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത്),സി.എ.അഹമ്മദ് കബീര്‍ (എം.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡണ്ട്)
മരുമക്കള്‍: എ.പി.അബ്ദുള്‍ കാദര്‍ അയ്യൂര്‍ (ബോംബെ) (എം.ഡി.പോമോന എക്‌സ്‌പോര്‍ട്ടിംഗ്),കെ.എ. അബ്ദുള്‍ മജീദ് (മഞ്ചേശ്വരം),നുസ്ഫത്തുനിസ (ചാവക്കാട് ),ജാസ്മിന്‍ (ബേവിഞ്ച).

സഹോദരങ്ങള്‍:പരേതനായ എവറസ്റ്റ് അബ്ദുള്‍ റഹ്മാന്‍,പരേതനായ അബ്ദുല്‍ ഖാദര്‍ കപാഡിയ, ചെര്‍ക്കളം അബൂബക്കര്‍,എവറസ്റ്റ് കുഞ്ഞാമു, പരേതനായ അഹ്മദ്.പരേതനായ മമ്മുപുലിക്കുന്ന്, ആയിശ ബാവിക്കര, പരേതയായ നഫീസ കോട്ടിക്കുളം,ബീബി ബദിയഡുക്ക,പരേതയായ കദീജ പൊവ്വല്‍

LEAVE A REPLY

Please enter your comment!
Please enter your name here