കശ്മീര്‍: ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് ഇമ്രാന്‍ ഖാന്‍

Posted on: July 26, 2018 7:39 pm | Last updated: July 27, 2018 at 9:05 am

ഇസ്്‌ലാമാബാദ്: പാക്കിസ്ഥാന്റെ മുന്‍ നിലപാടുകളില്‍നിന്നും ഒട്ടും വ്യതിചലിക്കാതെ ഇമ്രാന്‍ ഖാനും . കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയാകാമെന്നാണ് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പാക്കിസ്ഥാന്‍ തെഹ് രീക് ഇന്‍സാഫ് പാര്‍ട്ടിയുടെ സാരഥി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. കശ്മീര്‍ വിഷയത്തില്‍ എക്കാലത്തും സമാധാന ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച പാക്കിസ്ഥാന്‍ ആക്രമണം നിര്‍ത്തിയിട്ട് ചര്‍ച്ചയാകാമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങിയിരുന്നില്ല. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ ഇല്ലാതാക്കണമെന്ന കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം സംബന്ധിച്ച് ഒന്നും വ്യക്തമാക്കാന്‍ ഇമ്രാന്‍ ഖാനും തയ്യാറായിട്ടില്ല.

കശ്മീര്‍ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് തന്നെ ഗുണകരമാകുമെന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ആദ്യം രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ മോശക്കാരനായി ചിത്രീകരിച്ചു. കശ്മീര്‍ വിഷയത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത്. ഇന്ത്യ സമാധാനത്തിനമായി ഒരടി മുന്നോട്ട് വെച്ചാല്‍ താന്‍ രണ്ടടി മുന്നോട്ട് വെക്കും. ഇന്ത്യയുമായി നല്ല വാണിജ്യബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അടുത്ത പാക് പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.