ഡല്‍ഹിയില്‍ സഹോദരങ്ങളായ മൂന്ന് പിഞ്ചുകുട്ടികള്‍ ഭക്ഷണം ലഭിക്കാതെ മരിച്ചു

Posted on: July 26, 2018 4:49 pm | Last updated: July 27, 2018 at 11:03 am
SHARE

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ എട്ട് ദിവസം ഭക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് സഹോദരങ്ങളായ പിഞ്ചു കുട്ടികള്‍ മരിച്ചു. എട്ടും നാലും രണ്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ഇവരുടെ മാതാവ് കുട്ടികളെ ലാല്‍ ബഹാദൂര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നു. ഈ മാസം 23നാണ് രാജ്യത്തെത്തന്നെ ഞെട്ടിച്ച സംഭവം നടന്നത്. രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടികള്‍ മരിച്ചത് പട്ടിണിമൂലമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടികളുടെ ശരീരത്തില്‍ കൊഴുപ്പിന്റെ അംശമേ ഇല്ലായിരുന്നുവെന്നും വയര്‍ പൂര്‍ണമായും ഒഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്നും ആശുപത്രിയിലെ സൂപ്രണ്ട് അമിത സക്‌സേന പറഞ്ഞതായി ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

എങ്ങിനെയാണ് കുട്ടികള്‍ മരിച്ചതെന്ന ആശുപത്രി അധിക്യതരുടെ ചോദ്യത്തിന് ഭക്ഷണം തരൂ എന്നായിരുന്നു കുട്ടികളുടെ മാതാവ് അതിദയനീയമായി പറഞ്ഞത്. ഭക്ഷണം ലഭിക്കാതെ ഇവരും അവശയായിരുന്നു. പശ്ചിമ ബംഗാളില്‍നിന്നും കുടിയേറിയ കുട്ടികളും മാതാപിതാക്കളും ഡല്‍ഹിയിലെ മണ്ഡേവാലിയിലാണ് ജീവിച്ചിരുന്നത്. കുട്ടികളുടെ മാതാവിന് മനോദൗര്‍ബല്യമുണ്ട്. പിതാവ് റിക്ഷാ വലിക്കാരനാണ്. ഇയാള്‍ വാടകക്കെടുത്ത റിക്ഷ അടുത്തിടെ മോഷണം പോയതിനെത്തുടര്‍ന്ന് ദൂരസ്ഥലങ്ങളില്‍ ജോലി അന്വേഷിച്ച് പോവാറുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഭക്ഷണം വാങ്ങിയാണ് പിതാവ് ജോലിക്കായി പോയത്. എന്നാല്‍ കുട്ടികള്‍ ബുധനാഴ്ച മരിച്ചു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.