Connect with us

Gulf

അബുദാബി റോഡുകളില്‍ അധികവേഗത്തിനുള്ള അനുമതി നിര്‍ത്തലാക്കുന്നു

Published

|

Last Updated

അബുദാബി: അബുദാബി റോഡുകളില്‍ പരമാവധി വേഗപരിധിയേക്കാള്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ അധികം പോകാമെന്ന അനുമതി ആഗസ്ത് 12 മുതല്‍ നിര്‍ത്തലാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. പ്രധാന റോഡുകളിലും ചെറിയ റോഡുകളിലുമെല്ലാം ഈ വേഗാനുമതിയുണ്ടായിരുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ പരമാവധി വേഗാനുമതിയുള്ള റോഡുകളില്‍ 120 കിലോമീറ്റര്‍ വരെ പോകാമായിരുന്നു.

എന്നാല്‍ ആഗസ്ത് 12 മുതല്‍ അബുദാബി നിരത്തുകളിലെ മുഴുവന്‍ റഡാറുകളും റോഡുകളില്‍ രേഖപ്പെടുത്തിയ പരമാവധി വേഗപരിധി കടക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. നഗരത്തില്‍ പലയിടങ്ങളില്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ 60 കിലോമീറ്ററും 80 കിലോമീറ്ററുമുണ്ട്. ഇവിടെ ഒരു കിലോമീറ്റര്‍ വേഗം അധികമായാല്‍ പോലും ഗതാഗത നിയമലംഘനത്തിന് പിഴയടക്കേണ്ടി വരും.

അബുദാബി റോഡുകളിലെ അപകടങ്ങളുടെയും നിയമലംഘനങ്ങളുടെയുമെല്ലാം പശ്ചാത്തലത്തില്‍ നടന്ന വിശദ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അബുദാബി പോലീസ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പറഞ്ഞു.

Latest