Connect with us

Kerala

എങ്ങിനെ അമ്പരക്കാതിരിക്കും? മാസാമാസം ക്ഷേമ പെന്‍ഷന്‍; ബെന്‍സ് മുതല്‍ ബി എം ഡബ്ല്യു കാര്‍ വരെ സ്വന്തമായുണ്ട് !

Published

|

Last Updated

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന അനര്‍ഹരെ കണ്ടെത്താന്‍ സര്‍വേ നടത്തിയ ധനവകുപ്പ് ഞെട്ടി, ബെന്‍സും ബി എം ഡബ്ല്യു കാറും സ്വന്തമായുള്ളവര്‍ പോലും പാവങ്ങള്‍ക്ക് കഞ്ഞികുടിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ വാങ്ങുന്നു. ഓണത്തിന് ക്ഷേമപെന്‍ഷന്‍ നല്‍കുമ്പോള്‍ ഇത്തരക്കാരുടെ പെന്‍ഷന്‍ തടഞ്ഞുവെക്കാന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിര്‍ദേശം നല്‍കി. മക്കള്‍ക്ക് സ്വന്തമായി ആഡംബര കാറുള്ള രക്ഷിതാക്കളും പെന്‍ഷന്‍ വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. ഇത്തരം ആളുകളുടെ സാമ്പത്തിക സ്ഥിതി പ്രത്യേകം പരിശോധിക്കാനാണ് തീരുമാനം. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സ്വയം ഒഴിയാന്‍ ഒരിക്കല്‍ കൂടി അവസരം നല്‍കും. ഇതിന് സന്നദ്ധമാകാതെ തുടര്‍ന്നും പെന്‍ഷന്‍ വാങ്ങിയാല്‍ നല്‍കിയ പെന്‍ഷന്‍ തുക തിരിച്ചുപിടിക്കുന്നതിനൊപ്പം പിഴ ചുമത്താനാണ് ആലോചന.

സ്വന്തമായി കാറുള്ള 64473 പേരാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍. ഇതില്‍ 61 പേര്‍ ബെന്‍സ് കാറുള്ളവര്‍. 28 പേര്‍ക്ക് ബി എം ഡബ്ല്യു. ഇന്നോവയുള്ള 2465 പേരും സ്‌കോഡയുടെ ഏറ്റവും ഉയര്‍ന്ന മോഡലുള്ള 64 പേരും ഹോണ്ടകാറുള്ള 296 പേരും സ്‌കോര്‍പിയോ ഉള്ള 191 പേരും പട്ടികയിലുണ്ട്.
ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കാണ് പെന്‍ഷന് അര്‍ഹത. മക്കള്‍ക്ക് സ്വന്തമായി കാറുള്ള മാതാപിതാക്കളും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇത്തരത്തില്‍ 94043 പേരെയാണ് കണ്ടെത്തിയത്. ഇവരുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് അനര്‍ഹരുണ്ടെങ്കില്‍ ഒഴിവാക്കാനാണ് തീരുമാനം.

ധനവകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ അനര്‍ഹരുടെ പട്ടിക പഞ്ചായത്ത് തിരിച്ച് സെക്രട്ടറിമാര്‍ക്ക് നല്‍കും. എല്ലാവരുടെയും സാമ്പത്തികസ്ഥിതി പരിശോധിച്ച് പെന്‍ഷന് അര്‍ഹതയുണ്ടോ എന്ന് റിപ്പോര്‍ട്ടു ചെയ്യാനാണ് നിര്‍ദേശം. ക്ഷേമപെന്‍ഷന് അര്‍ഹതപ്പെട്ട പുതിയ അപേക്ഷകരെ പരിഗണിക്കാന്‍ കഴിയാതെ വന്നതോടെയാണ് അനര്‍ഹരെയും ഇരട്ട പെന്‍ഷന്‍ വാങ്ങുന്നവരെയും ഒഴിവാക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ യോഗ്യതയുള്ളവരെന്ന് കണ്ടെത്തിയ നാല് ലക്ഷം പേര്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്. പെന്‍ഷന്‍ പട്ടിക ശുദ്ധീകരിക്കാതെ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയാല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ധനവകുപ്പ് നിലപാട്.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പെന്‍ഷന്‍ തുക ഉയര്‍ത്തി കുടിശ്ശികയില്ലാതെ വിതരണവും തുടങ്ങിയതോടെ സാമൂഹിക സുരക്ഷാപെന്‍ഷന്‍ ആകര്‍ഷകമായിരുന്നു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഏതാണ്ട് 34 ലക്ഷം പേരുണ്ടായിരുന്ന പട്ടിക എല്‍ ഡി എഫ് ഭരണം തുടങ്ങി ആദ്യവര്‍ഷം തന്നെ 42 ലക്ഷത്തിന് മുകളിലെത്തി.
ഒരു ലക്ഷം രൂപ കുടുംബ വാര്‍ഷിക വരുമാനമായിരുന്നു നിലവിലുള്ള മാനദണ്ഡം. വരുമാന പരിധിക്ക് പുറമെ 1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീടുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍ കൂടെ താമസിക്കുന്നവര്‍, രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആയിരം സി സിയേക്കാള്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ടാക്‌സിയല്ലാത്ത കാറുള്ളവര്‍ എന്നിവരെയാണ് പെന്‍ഷന്‍ അര്‍ഹതാപട്ടികയില്‍ നിന്ന് ഒഴിവാക്കുന്നവര്‍.

സെന്‍സസ് പ്രകാരം കേരളത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണത്തിന്റെ അത്ര തന്നെ പേര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. ഇതൊരിക്കലും പൊരുത്തപ്പെടുന്നില്ലെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു. കുറേയധികം പേര്‍ക്ക് ഇരട്ട പെന്‍ഷനുണ്ടെന്നും പുനര്‍വിവാഹിതരായവര്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നതായും മരിച്ചവരുടെ പേരില്‍ പോലും പെന്‍ഷന്‍ വാങ്ങുന്നതായും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇങ്ങനെയുള്ളവര്‍ മാര്‍ച്ച് മാസത്തിനകം പട്ടികയില്‍ നിന്ന് ഒഴിവാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
അഞ്ച് ക്ഷേമ പെന്‍ഷനുകളാണ് തദ്ദേശ സ്ഥാപനങ്ങള്‍ വഴി പ്രധാനമായും വിതരണം ചെയ്യുന്നത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, 50 വയസ്‌കഴിഞ്ഞ അവിവാഹിത അമ്മമാര്‍ക്കുള്ള പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയാണിത്. ഇതില്‍ എല്ലാം കൂടി 4245541 പേര്‍ വരും.

അക്കൗണ്ടുകള്‍ വഴിയും സഹകരണ ബേങ്കുകള്‍ വഴി നേരിട്ട് വീട്ടിലെത്തിച്ചും പെന്‍ഷന്‍ നല്‍കുന്നുണ്ട്. ബേങ്ക് വഴി പെന്‍ഷന്‍ ലഭിക്കുന്നവരില്‍ മരിച്ച ശേഷവും ചിലരുടെ ബന്ധുക്കള്‍ എ ടി എം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടിലെത്തുന്ന പെന്‍ഷന്‍ തുക വാങ്ങിയെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെന്‍ഷന്‍ വിതരണത്തിന് തയ്യാറാക്കുന്ന സോഫ്റ്റ് വെയറിലൂടെ ഇത്തരം നീക്കങ്ങള്‍ തടയും. പെന്‍ഷന്‍ വിതരണത്തിന് കമ്പനി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

മരിച്ചവര്‍ 31256 പേര്‍
തിരുവനന്തപുരം: പഞ്ചായത്ത് രേഖകള്‍ പ്രകാരം മരിച്ച 31256 പേരുടെ പേരില്‍ നിലവില്‍ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഇത് അമ്പതിനായിരത്തിന് മുകളില്‍ വരും. കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ്- 5753 പേര്‍. തൃശൂരില്‍ 5468, കോഴിക്കോട് 4653, പാലക്കാട് 4286, തിരുവനന്തപുരം 4016 പേരും മരിച്ചവരാണ്.

Latest