ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം ഇഴയുന്നു

Posted on: July 26, 2018 9:53 am | Last updated: July 26, 2018 at 11:55 am
SHARE

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം ജലന്ധര്‍ ബിഷപ്പിനെതിരെ നടത്തുന്ന അന്വേഷണത്തില്‍ കാലതാമസം നേരിടുന്നു. ഈമാസം 24 മുമ്പ് കേരള ത്തിലെ അന്വേഷണം അവസാനിപ്പിച്ച് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ജലന്ധറിലേക്ക് പോകുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന സൂചന. എന്നാല്‍, ഇപ്പോള്‍ അന്വേഷണം പൂര്‍ണമായും നിലച്ചമട്ടാണ്. പരാതി നല്‍കിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

തിടുക്കപ്പെട്ട് ചോദ്യം ചെയ്യലും അറസ്റ്റും വേണ്ടെന്ന ഉന്നതതലത്തില്‍ നിന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ജലന്ധറിലേക്കുള്ള യാത്ര മാറ്റിവച്ചതെന്നാണ് വിവരം. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ഉടന്‍ ജലന്ധറിലേക്ക് പോകില്ലെന്ന് അന്വേഷണച്ചുമതലയുള്ള വൈക്കം ഡി വൈ എസ് പി. കെ സുഭാഷ് വ്യക്തമാക്കി. ഇത്രയും വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ വിശദമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. ഐ ജിയും എസ് പിയും ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചശേഷമേ ജലന്ധറിലേക്കുള്ള യാത്ര തീരുമാനിക്കൂ. ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോപണവിധേയനായ ബിഷപ്പിന് കേസില്‍നിന്ന് രക്ഷപ്പെടാനാവില്ല.

ചില തെളിവുകള്‍കൂടി ലഭിക്കാനുണ്ട്. ബിഷപ്പ് വിളിക്കുകയും അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നു എന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മതിയായ തെളിവുകള്‍ ആവശ്യമാണ്. ഇതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിന് ഒരു വര്‍ഷത്തെ കോള്‍ രേഖകള്‍ ബിഎസ് എന്‍ എല്‍, ഐഡിയ, എയര്‍ടെല്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിച്ചിട്ടില്ല. കൂടാതെ കന്യാസ്ത്രീയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണും കണ്ടുകിട്ടിയിട്ടില്ല.

ബിഷപ്പിന്റെ പീഡനത്തില്‍ മനംനൊന്ത് മഠംവിട്ട കന്യാസ്ത്രീകളില്‍ നിന്ന് ബെംഗളൂരുവിലെത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍, കേസിന്റെ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും ഇവരില്‍ നിന്ന് ലഭിച്ചില്ലെന്നും ഡി വൈ എസ്പി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തെളിവുകളെല്ലാം എതിരായ പശ്ചാത്തലത്തില്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ് അന്വേഷണം മരവിച്ചതെന്ന ആക്ഷേപം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here