പാക്കിസ്ഥാനില്‍ ഇംറാന്‍ ഖാന്റെ മുന്നേറ്റം; തൂക്കുസഭക്ക് സാധ്യത, ഫലപ്രഖ്യാപനം വൈകുന്നു

Posted on: July 26, 2018 9:45 am | Last updated: July 26, 2018 at 2:00 pm
SHARE

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ നടന്ന നിര്‍ണായക പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിക്ക് (പി ടി ഐ) മുന്നേറ്റം. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുകയാണ്. 47 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 113 സീറ്റുകളില്‍ പിടിഐ മുന്നിട്ടു നല്‍ക്കുന്നതായി ഡോണ്‍ വ്യക്തമാക്കുന്നു. 137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തൂക്കുസഭക്കാണ് സാധ്യത കൂടുതല്‍. തൂക്കുസഭയാണ് ഉണ്ടാകുന്നതെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ ഇംറാന്‍ ഖാന് സഖ്യകക്ഷികളെ കണ്ടെത്തേണ്ടിവരും. അതേസമയം, ഇംറാന്‍ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പി എം എല്‍- എന്‍ ആണ് രണ്ടാം സ്ഥാനത്ത്. 64 സീറ്റുകളിലാണ് പിഎംഎല്‍- എന്‍ ലീഡ് ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി) 43 സീറ്റുകളില്‍ വിജയത്തിനരികെയെന്നും അനൗദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. പി എം എല്‍ എന്നിന്റെ സഖ്യ കക്ഷിയായ മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് (എം ക്യു എം) അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എം എം എ ഒമ്പത് സീറ്റുകളില്‍ മുന്നിലാണ്.

നാഷനല്‍ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തുന്‍ക്വാ എന്നീ പ്രവിശ്യാ ഭരണകൂടങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് ശേഷവും തുടര്‍ന്നു. തീവ്രവാദി സംഘടനകള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങളിലടക്കം 85,000 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 71 വര്‍ഷത്തെ പാക് ചരിത്രത്തില്‍ ഭരണ കാലാവധി പൂര്‍ത്തിയായ ശേഷം ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.