ഹജ്ജ്: 124 പേര്‍ക്ക് കൂടി അവസരം

Posted on: July 26, 2018 12:11 am | Last updated: July 26, 2018 at 12:11 am
SHARE

നെടുമ്പാശ്ശേരി: ഈവര്‍ഷം ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 124 പേര്‍ക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയില്‍ നിന്ന് 2627 മുതല്‍ 2871 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവ് വന്ന 548 സീറ്റുകളാണ് അപേക്ഷകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി വീതിച്ചുനല്‍കിയത്.

ഗുജറാത്ത് 43, കര്‍ണാടക 99, മധ്യപ്രദേശ് 24, മഹാരാഷ്ട്ര 181, രാജസ്ഥാന്‍ 27, തമിഴ്‌നാട് 17, തെലങ്കാന 23 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച സീറ്റുകള്‍. കാത്തിരിപ്പ് പട്ടികയില്‍ നിന്ന് അവസരം ലഭിച്ചവര്‍ ഹജ്ജ് കമ്മിറ്റിയുടെ പേരില്‍ ബേങ്കില്‍ പണം അടച്ച പേ ഇന്‍ സ്ലിപ്പും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഈമാസം 28ന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിക്കണം. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയിലും യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയിലുമാണ് പണമടക്കാന്‍ സൗകര്യമുള്ളത്.

ഹജ്ജ് കമ്മിറ്റി ഓഫീസ് മാറ്റി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് താത്കാലികമായി ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന നെടുമ്പാശ്ശേരിയിലെ സിയാല്‍ അക്കാദമിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആഗസ്റ്റ് ഒന്നിനാണ് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രയാകുന്നത്. ഈമാസം 31 മുതല്‍ ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനം ആരംഭിക്കും. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വഴിയുള്ള മുഴുവന്‍ തീര്‍ഥാടകരും യാത്രയാകുന്നത് വരെ ഹജ്ജ് കമ്മിറ്റി ഓഫീസ് സിയാല്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കും.

സിയാല്‍ ഡയറക്ടര്‍ എ സി കെ നായര്‍ താത്കാലിക ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സിയാല്‍ എക്‌സി. ഡയറക്ടര്‍ എ എം ഷബീര്‍, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അഡ്വ. ടി കെ അബ്ദുര്‍റഹ്മാന്‍, ക്യാമ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം, കോ-ഓര്‍ഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍, ഹജ്ജ് സെല്‍ അംഗങ്ങളായ സി എം അഷ്‌കര്‍, എം എം നസീര്‍, ട്രെയിനര്‍മാരായ മുഹമ്മദ് ഇഖ്ബാല്‍, ഇബ്രാഹിം കുഞ്ഞ് മുടിക്കല്‍, അന്‍സാരി സംബന്ധിച്ചു.