Connect with us

Articles

സമുദായവും ഫുട്‌ബോള്‍ ഭ്രമവും

Published

|

Last Updated

ലോകകപ്പ് ഫുട്‌ബോള്‍ കഴിഞ്ഞ ദിവസം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ പ്രസിദ്ധമായ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ സമാപിച്ചു. ക്രൊയേഷ്യയെ ഫൈനലില്‍ പരാജയപ്പെടുത്തി ഫ്രാന്‍സ് വിജയകിരീടം നേടി. ലോകത്തെമ്പാടുമുള്ള ഫുട്‌േബാള്‍ പ്രേമികള്‍ അത്യന്തം ആവേശത്തോടെയാണ് ഈ രംഗം നോക്കിക്കണ്ടത്

നമ്മുടെ നാടിന്റെ മുക്കിലും മൂലയിലുമെല്ലാം ഇതിന്റെ ആവേശം കടലിരമ്പുന്ന ശക്തിയില്‍ അലയടിച്ചു. ഇഷ്ട താരങ്ങളുടെ പടുകൂറ്റന്‍ കട്ടൗട്ടുകള്‍, അവരുടെ രാഷ്ട്രങ്ങളുടെ പതാകകള്‍, തോരണങ്ങള്‍, നീട്ടി വലിച്ചുകെട്ടിയ ഫഌക്‌സ്, കമാനങ്ങള്‍ തുടങ്ങിയവ കൊണ്ട് പാതയോരങ്ങള്‍ നിറച്ചു. ഇക്കഴിഞ്ഞ 17നകം ഇതൊക്കെ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവിട്ടു. നീക്കാതായപ്പോള്‍ 23 വരെ സമയം നീട്ടി നല്‍കി. വന്‍ പാരിസ്ഥിതിക മലിനീകരണ പ്രശ്‌നമുണ്ടാക്കുന്ന ഫഌക്‌സുകളും തോരണങ്ങളുമെല്ലാം മഴയില്‍ കുതിര്‍ന്നു നീക്കം ചെയ്യപ്പെടാതെ വഴിയോരങ്ങളില്‍ ഇനിയും തൂങ്ങിക്കിടക്കുകയാണ്.

കടുത്തകായിക പ്രേമികള്‍ ഒരു പക്ഷേ, ഇത് പറയുമ്പോള്‍ പിണങ്ങിയേക്കാം. ഒരു പൗരന്റെയും കായിക പ്രേമത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നത് നേരായിരിക്കാം. കടലിരമ്പുന്ന ആവേശത്തിമര്‍പ്പില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഇതിനായി തുലച്ചത് ആയിരങ്ങളോ ലക്ഷങ്ങളോ അല്ല കോടികളാണ്. ഇതൊന്നും സ്വന്തം രാജ്യമായ ഇന്ത്യയുടെ താരങ്ങള്‍ക്ക് ജയ് വിളിക്കാന്‍ വേണ്ടി പോലുമല്ല. മറിച്ച്, വിദേശ രാഷ്ട്രങ്ങളായ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ബെല്‍ജിയത്തിന്റെയും മറ്റും താരങ്ങള്‍ക്ക് വേണ്ടി ആര്‍ത്തുവിളിച്ചു തുള്ളിച്ചാടാനായിരുന്നു.

ഈ ഘട്ടത്തില്‍ നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ നാം കണക്കിലെടുക്കേണ്ടതുണ്ട്. കാലവര്‍ഷക്കെടുതിയില്‍ പതിനായിരങ്ങളാണ് ദുരന്തമനുഭവിക്കുന്നത്. തോരാതെ തിമര്‍ത്തു പെയ്യുന്ന മഴയില്‍ വെള്ളം കയറി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ നിരവധി. ഉരുള്‍ പൊട്ടലില്‍ വീടും സര്‍വസ്വവും നഷ്ടപ്പെട്ട് കണ്ണീര്‍ കയത്തില്‍ മുങ്ങിയവര്‍ ഒട്ടേറെ. ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്ന് കുടുംബം പോറ്റാന്‍ കഴിയാതെ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി ആയിരങ്ങള്‍ കണ്ണീരൊലിപ്പിക്കുന്നു. ഇതൊക്കെയാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. ഈ സാഹചര്യത്തിലാണ് കോടിക്കണക്കിന് രൂപ സ്വരൂപിച്ച് നമ്മുടെ യുവാക്കള്‍ റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തിനായി വാരിയെറിഞ്ഞത് .

വിചിത്രമായ കാര്യം, ഈ ആരവങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലും മുന്നിട്ടിറങ്ങിയത് മുസ്‌ലിം യുവാക്കളാണെന്ന വസ്തുതയാണ്. വാട്‌സാപ്പ് വഴിയും മറ്റും പണം സ്വരൂപിക്കാനും ബാനറുകളും തോരണങ്ങളും മറ്റുമെല്ലാം കെട്ടി ഉയര്‍ത്താനും സമുദായത്തിന്റെ ചെറുപ്പക്കാര്‍ കാണിച്ച “ആവേശം” മറ്റെല്ലാവരെയും കടത്തിവെട്ടിയതായിരുന്നു. സമൂഹത്തിനും സമുദായത്തിനും മാതൃകയെന്ന് കരുതപ്പെടുന്ന പലരും ഈ ചെറുപ്പക്കാര്‍ക്ക് പ്രചോദനമായത് വേദനാജനകമാണ്.

Latest