പ്ലസ് ടുവിന് ശേഷം പെരുവഴി !

പ്ലസ് ടു വരെയുള്ള പാഠ്യപദ്ധതിയും മൂല്യനിര്‍ണയ രീതിയും ഉദാരമാക്കിയതോടെ കൂടുതല്‍ വിജയശതമാനം നമുക്കുണ്ട്. ഉപരിപഠനത്തിന് യോഗ്യത നേടുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ സാധ്യമല്ലെങ്കില്‍ ഫീസ് നിരക്ക് നിയന്ത്രിച്ച് സ്വകാര്യ മേഖലയിലെങ്കിലും അത് സംവിധാനിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അണ്‍ എയിഡഡ് സ്‌കൂളുകളെ പോലെ പാരലല്‍ കോളജുകളെയും ഭാഗികമായെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതോടെ അവിടങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും തുല്യനീതി ഉറപ്പ് വരുത്താന്‍ സാധിക്കും. അതിനായി പാരലല്‍ കോളജുകളിലെ അധ്യാപകരുടെ യോഗ്യത, അടിസ്ഥാന സൗകര്യങ്ങള്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായാല്‍ അത് ഗുണഫലമേ ഉണ്ടാക്കുകയുള്ളൂ.
Posted on: July 26, 2018 9:00 am | Last updated: July 26, 2018 at 4:11 pm
SHARE

പ്ലസ്ടുവിന് 84 ശതമാനം മാര്‍ക്ക് നേടിയ മകളുടെ അഡ്മിഷന് ശിപാര്‍ശ തേടിയാണ് അയാള്‍ വന്നിരിക്കുന്നത്, മലപ്പുറം ജില്ലയിലെ ഒരു ജനപ്രതിനിധിയുടെ വീട്ടില്‍. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള എയിഡഡ് കോളജില്‍ എങ്ങനെയെങ്കിലും ഒരു ബിരുദ സീറ്റ് കിട്ടാന്‍ വേണ്ടി പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂട്ടിയാണ് വന്നിരിക്കുന്നത്. എന്തു ചെയ്യാന്‍, നമ്മുടെ കോളജില്‍ ഇനി ഒഴിവില്ലല്ലോ, നിങ്ങളിനി പാരലല്‍ കോളജില്‍ പോയി ചേര്‍ക്കൂ എന്ന് ഉപദേശിച്ച് ആ പിതാവിനെ തിരിച്ചയക്കുന്നതിന് ഈ ലേഖകന്‍ സാക്ഷിയാണ്. ഡിഗ്രിക്ക് ബി എസ് സി ബോട്ടണി കോഴ്‌സിന് ഏത് പാരലല്‍ കോളജില്‍ ചേര്‍ക്കാനാണ് എന്ന ഉത്തരമില്ലാത്ത ചോദ്യം ഉയര്‍ത്തി അയാള്‍ പടിയിറങ്ങി. അടുത്ത ജനപ്രതിനിധിയുടെ വീട് ലക്ഷ്യമാക്കി.

പ്ലസ്ടുവിന് 75ഉം 85ഉം അതിനു മുകളിലും ശതമാനം മാര്‍ക്ക് നേടിയ മക്കള്‍ക്ക് ഡിഗ്രിക്ക് സീറ്റ് കിട്ടാന്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും പടിവാതിലുകള്‍ കയറിയിറങ്ങുകയാണ് മലബാറിലെ നിരവധി രക്ഷിതാക്കള്‍. ഇത് പുതിയ പ്രതിഭാസമൊന്നുമല്ല. വര്‍ഷങ്ങളായി ഇത് തുടരുന്നു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സീറ്റ് കിട്ടാത്തവര്‍ ലക്ഷങ്ങളും പതിനായിരങ്ങളും കൊടുത്ത് എങ്ങനെയെങ്കിലും കുട്ടികളെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പറഞ്ഞയക്കുന്നു. മാനേജ്‌മെന്റ് സീറ്റില്‍ പണം കൊടുത്ത് സീറ്റ് വാങ്ങാന്‍ പണത്തിന് പുറമെ രാഷ്ട്രീയമത സ്വാധീനവും വേണമെന്നത് വേറെ കാര്യം. അടുത്ത കാലം വരെ പത്താം തരം കഴിഞ്ഞാല്‍ പെരുവഴിയിലാകുന്ന കുട്ടികളുടെ എണ്ണമായിരുന്നു മലബാറില്‍ പ്രത്യേകിച്ച്, മലപ്പുറത്ത് കൂടുതലുണ്ടായിരുന്നത്. കോരന് കഞ്ഞി കുമ്പിളില്‍ തന്നെയെന്ന ചൊല്ലുപോലെ. ആവശ്യക്കാര്‍ക്ക് പഠിക്കാന്‍ സൗകര്യമില്ലാത്ത അവസ്ഥ. ഇന്നും അതില്‍ വലിയ മാറ്റമുണ്ടായിട്ടില്ല.

സര്‍ക്കാര്‍ സീറ്റിലും മാനേജ്‌മെന്റ് സീറ്റുകളിലും അംഗീകൃത അണ്‍ എയിഡഡ് കോളജുകളിലും പണം കൊടുത്ത് സീറ്റ് നേടാന്‍ സാധിക്കാത്ത പണമില്ലാത്ത വിദ്യാര്‍ഥികള്‍ എവിടെ പഠിക്കും? അതിനുള്ള ഉത്തരമാണ് പാരലല്‍ കോളജുകള്‍ തുടര്‍ന്ന് വരുന്ന പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂര വിദ്യാഭ്യാസ മാര്‍ഗവും. പ്രൈവറ്റ് രജിസ്‌ട്രേഷന്‍, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ രജിസ്‌ട്രേഷന്‍ എന്നിങ്ങനെ രണ്ട് തരം. പാഠ്യപദ്ധതി, പരീക്ഷ, സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സമാനതകളുണ്ടെങ്കിലും ഈ വിഭാഗത്തോട് കാണിക്കുന്നത് കടുത്ത അനീതിയാണ്. പണം കുറഞ്ഞതിന്റെ പേരില്‍, ചെറിയ മാര്‍ക്ക് കുറവിന്റെ പേരില്‍, രാഷ്ട്രീയ സ്വാധീനമില്ലാത്തതിന്റെ പേരില്‍ നേരിടുന്ന അനീതിയെന്ന് ചുരുക്കി പറയാം. ഇവര്‍ക്ക് വിദ്യാഭ്യാസം വെറും അഭ്യാസമാണ്.

ഇത്തവണ പരീക്ഷയില്‍ വിജയിച്ചവരുടെയും അവര്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള സീറ്റുകളുടെയും ചില കണക്കുകള്‍ പരിശോധിക്കാം. ഉദാഹരണമായി ഉപരിപഠനത്തിന് കൂടുതല്‍ വിദ്യാര്‍ഥികള്‍ യോഗ്യത നേടിയ മലപ്പുറം ജില്ലയുടെ കാര്യങ്ങള്‍ ഇങ്ങനെയാണ്: ജില്ലയില്‍ നിന്ന് ഇത്തവണ ഉപരിപഠനത്തിന് അര്‍ഹത നേടിയത് 46,110പേര്‍. വി എച്ച് എസ് ഇ, ടെക്‌നിക്കല്‍, ഓപ്പണ്‍ സ്‌കൂള്‍ എന്നിവയുടെ ഫലം കൂടി പുറത്തു വന്നതോടെ 50,000 ത്തിലേറെ പേര്‍.

ഇനി ഇവര്‍ക്ക് പഠിക്കാനുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെയാണ്. കോഴിക്കോട് സര്‍വകലാശാലക്ക് കീഴിലുള്ള സര്‍ക്കാര്‍ കോളജുകള്‍ എട്ട്, എയിഡഡ് കോളജുകള്‍ 13, അണ്‍ എയിഡഡ് കോളജുകള്‍ 51. ഇതിനു പുറമെ ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള അഞ്ച്, അപ്ലൈഡ് സയന്‍സ് കോളജുകള്‍, 10 അറബി കോളജുകള്‍ ഇവയെല്ലാം കൂടി കണക്കാക്കിയാല്‍ വരുന്ന ബിരുദ സീറ്റുകളുടെ എണ്ണം 19,000ത്തിന് താഴെ മാത്രം. ബാക്കി വരുന്ന മുപ്പത്തി അയ്യായിരത്തോളം മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരമില്ല.

കലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഓരോ വര്‍ഷവും 50,000ത്തിലേറെ വിദ്യാര്‍ഥികള്‍ സമാന്തര സ്ഥാപനങ്ങളില്‍ പഠനം നടത്തി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴിയാണ് മുന്നോട്ട് പോകുന്നത്. മലബാറിലെ സര്‍വകലാശാലകളിലും സ്ഥിതി വ്യത്യസ്തമല്ല. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ പ്രതിവര്‍ഷം 45,000 ത്തോളം വിദ്യാര്‍ഥികളാണ് വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലും പ്രൈവറ്റ് രജസ്‌ട്രേഷന്‍ മാര്‍ഗവും പഠിച്ചിറങ്ങുന്നത്.

ഇങ്ങനെ പഠിക്കുന്നവര്‍ക്ക് കൃത്യമായ ക്ലാസുകളില്ല, സര്‍ക്കാര്‍ കോളജുകളില്‍ ലഭിക്കുന്ന സേവനങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ല. അധ്യാപകര്‍ നല്‍കുന്ന ഇന്റേണല്‍ മാര്‍ക്ക്, ഇടക്കിടെയുള്ള ടെസ്റ്റുകള്‍, സര്‍ക്കാര്‍ കോളജുകളിലുള്ള എല്ലാ കോഴ്‌സുകളും പഠിക്കാനുള്ള സൗകര്യം തുടങ്ങി ഇവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്ക് പരിധിയില്ല. എല്ലാ വേര്‍തിരിവും സഹിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കിട്ടിയാലും കാര്യമില്ല. ആ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുല്ലുവിലപോലും ലോകത്ത് പല രാജ്യങ്ങളും നല്‍കുന്നില്ല. പിന്നെ എന്തിന് ഇങ്ങനെ പഠിക്കുന്നു എന്ന ചോദ്യം ഉയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഇതിനിടെയാണ് സര്‍വകലാശാലകള്‍ നടത്തിവരുന്ന ഡിഗ്രി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കാന്‍ യു ജി സി ഉത്തരവ് നല്‍കിയത്. ഇതോടെ സര്‍വകലാശാലകള്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുകയും ഈ കുട്ടികളെ വിദൂര വിദ്യാഭ്യാസ മാര്‍ഗം വഴി രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടുപോവാനും ശ്രമിച്ചു.

ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന കുരങ്ങന്‍ കളിപോലെ ഇപ്പോഴിതാ മറ്റൊരു തീരുമാനം കഴിഞ്ഞ ദിവസം വന്നിരിക്കുന്നു. സര്‍വകലാശാലകളെ നിയന്ത്രിക്കുന്ന കേന്ദ്രത്തിലെ യു ജി സിയുടെതാണ് പുതിയ തീരുമാനം. സര്‍വകലാശാലകള്‍ നടത്തി വന്ന വിദൂര വിദ്യാഭ്യാസ മാര്‍ഗവും നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നു. കണ്ണൂര്‍, കോഴിക്കോട്, കേരള, എം ജി സര്‍വകലാശാലകള്‍ തുടര്‍ന്ന് വന്ന വിദൂര വിദ്യാഭ്യാസ മാര്‍ഗ കോഴ്‌സുകളാണ് നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഉന്നത പഠനം അവതാളത്തിലാക്കുന്നതാണ് ഈ തീരുമാനം. ഇതിനിടെ പ്രൈവറ്റ് കോളജുകളില്‍ ചേര്‍ന്ന കുട്ടികളെ ഇനി ഏത് മോഡില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയുമില്ല. ഫലത്തില്‍ വിദൂര വിദ്യാഭ്യാസമില്ല, പ്രൈവറ്റ് രജിസ്‌ട്രേഷനുമില്ല. ഒന്നുമില്ല.

എ പ്ലസ് ഗ്രേഡുള്ള സര്‍വകലാശാലകള്‍ക്ക് മാത്രമേ വിദൂര വിദ്യാഭ്യാസ പഠന വിഭാഗം തുടങ്ങാന്‍ അനുമതിയുള്ളൂ. നാലില്‍ 3.26ന് മുകളില്‍ വരുന്ന പോയിന്റ് നേടിയതിനെയേ നാക് എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. കേരളത്തിലെ ഒരു സര്‍വകലാശാലക്കും ഈ പദവി ലഭിച്ചിട്ടില്ല. ഇന്ത്യയിലെ ചില സ്വകാര്യ സര്‍വകലാശാലകള്‍ക്കു മാത്രമേ ഈ ഗ്രേഡ് ലഭിച്ചിട്ടുള്ളൂ എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

വിദൂരവിദ്യാഭ്യാസ മാര്‍ഗം വഴിയും പ്രൈവറ്റ് രജിസ്‌ട്രേഷനും നിര്‍ത്തലാക്കുകയാണ് ഇതിനേക്കാള്‍ ഏറ്റവും നല്ലത്. കോഴ്‌സ് പൂര്‍ത്തിയാക്കി തങ്ങള്‍ക്ക് കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പോലും ഇനി വിവേചനം കാണിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഒരേ യോഗ്യതയുള്ള രണ്ട് തരം പൗരന്മാരെ വാര്‍ത്തെടുക്കാനേ ഇത് സഹായിക്കൂ. കൂടാതെ വിദേശ രാജ്യങ്ങളില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുകയുമില്ല.എല്ലാവര്‍ക്കും സര്‍ക്കാര്‍ റെഗുലര്‍ കോളജില്‍ പഠിക്കാനുള്ള അവസരമാണ് ഉണ്ടാവേണ്ടത്.

ആവിശ്യത്തിലധികം ബിരുദക്കാരും ബിരുദാനന്തര ബിരുദം നേടിയവരും ഉള്ള നാടാണ് നമ്മുടേത്. എന്നാല്‍ വിദ്യാസമ്പന്നരായ ഇവര്‍ക്കാണെങ്കില്‍ ഈ യോഗ്യതക്കുള്ള ജോലി നല്‍കാനും നമുക്ക് സാധിക്കുന്നില്ല. വിദ്യാസമ്പന്നര്‍ ഒരു രാജ്യത്തിന്റെ ആസ്തിയായാണ് (അലൈ)േ സാമ്പത്തിക ശാസ്ത്രത്തില്‍ പരിഗണിക്കാറുള്ളത്. എന്നാല്‍, കേരളത്തെ സംബന്ധിച്ചിടത്തോളം ഇവര്‍ ബാധ്യതയാണ് (ഹശമയഹശ്യേ). അഭ്യസ്തവിദ്യരായ നിരവധി പേര്‍ തൊഴില്‍രഹിതരായോ തുച്ഛമായ വേതനത്തിനോ തൊഴിലെടുക്കുന്ന അവസ്ഥയും ഇതുവഴിയുണ്ടാവുന്നു. പരമ്പരാഗതമായ ആര്‍ട്‌സ് ആന്റെ സയന്‍സ് കോളജുകള്‍ക്കു പകരം വിദേശ രാജ്യങ്ങളില്‍ കൂടി തൊഴില്‍ സാധ്യതയുള്ള മേഖലകളെ ഉള്‍കൊള്ളിച്ചുള്ള കോഴ്‌സുകള്‍ ഇന്നും നമുക്ക് അപ്രാപ്യമാണ്.

ഒരു വാഴ വെക്കുമ്പോള്‍ ഒരു വര്‍ഷം മുന്നില്‍ കാണുന്ന നമ്മള്‍ വിദ്യാഭ്യാസ രംഗത്ത് ഒരു മാറ്റം വരുത്തുമ്പോള്‍ ആയിരംകൊല്ലമെങ്കിലും മുന്നില്‍ കാണണമെന്ന ചൈനീസ് പഴമൊഴിപോലെ കൂടുതല്‍ പഠനങ്ങളും നടപടികളും സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്ലസ് ടു വരെയുള്ള പാഠ്യപദ്ധതിയും മൂല്യനിര്‍ണയ രീതിയും ഉദാരമാക്കിയതോടെ കൂടുതല്‍ വിജയശതമാനം നമുക്കുണ്ട് എന്നത് വാസ്തവമാണ്. ഉപരിപഠനത്തിന് യോഗ്യത നേടുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ സാധ്യമല്ലെങ്കില്‍ ഫീസ് നിരക്ക് നിയന്ത്രിച്ച് സ്വകാര്യ മേഖലയിലെങ്കിലും അത് സംവിധാനിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. നിലവില്‍ സംസ്ഥാനമാകെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാരലല്‍ കോളജുകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. അണ്‍ എയിഡഡ് സ്‌കൂളുകളെ പോലെ ഇവയും ഭാഗികമായെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരുന്നതോടെ അവിടങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും തുല്യനീതി ഉറപ്പ് വരുത്താന്‍ സാധിക്കും. അതിനായി പാരലല്‍ കോളജുകളിലെ അധ്യാപകരുടെ യോഗ്യത, അടിസ്ഥാന സൗകര്യങ്ങള്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായാല്‍ അത് ഗുണഫലമേ ഉണ്ടാക്കുകയുള്ളൂ. എങ്കില്‍ ഇവിടങ്ങളില്‍ പഠിച്ചിറങ്ങുന്നവരുടെ ഭാവി ആശങ്കയിലാകുന്ന അവസ്ഥയുണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here