Connect with us

Kerala

കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ക്ക് താക്കീത്

Published

|

Last Updated

തിരുവനന്തപുരം: പോലീസുകാര്‍ ശിക്ഷിക്കപ്പെടുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കേസില്‍ വധശിക്ഷ ലഭിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ഇത് മൂന്നാമത്. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ ഒന്നാം പ്രതി ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് സി ബി ഐ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

1950 കളില്‍ തൃശൂര്‍ മലക്കപ്പാറ സ്റ്റേഷനില്‍ ആദിവാസി യുവാവന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസുകാര്‍ക്ക് വധ ശിക്ഷ വിധിച്ചിരുന്നു. താനൂര്‍ പോലീസ് സ്റ്റേഷനില്‍ എസ് ഐയെ വെടിവച്ചുകൊന്ന കോണ്‍സ്റ്റബിളിനും വധ ശിക്ഷയായിരുന്നു വിധി. എന്നാല്‍ കീഴ്‌കോടതി വിധികള്‍ മേല്‍കോടതി ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു.
രാജന്‍ മുതല്‍ പ്രവീണ്‍ വരെയായി വധക്കേസുകളിലെ പോലീസുകാര്‍ക്ക് ജീവപര്യന്തമാണ് പരമാവധി ലഭിച്ചിട്ടുള്ളത്. 2005ല്‍ ഉദയകുമാര്‍ കൊല്ലപ്പെട്ട അതേവര്‍ഷമാണ് ബസ് ജീവനക്കാരനായ പ്രവീണിനെ ഡി വൈ എസ് പി ഷാജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം വെട്ടിക്കൊന്നത്. ഷാജിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍വരെ ആവശ്യപ്പെട്ടെങ്കിലും ശിക്ഷ ജീവപര്യന്തത്തില്‍ ഒതുങ്ങി. ആദ്യ ഉരുട്ടിക്കൊലപാതകമായ രാജന്‍ കേസില്‍ പ്രതികളായ ജയറാം പടിക്കല്‍, മുരളീ കൃഷ്ണദാസ്, കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരെ വിചാരണ കോടതി കഠിന തടവിന് ശിക്ഷിച്ചെങ്കിലും സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിന്‌ശേഷം ഇവര്‍ ജയില്‍ മോചിതരായി. പാനൂരില്‍ എസ് ഐ സോമന്‍ കൊല്ലപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകരായ പോലീസുകാരായിരുന്നു പ്രതികള്‍. എന്നാല്‍ തെളിവില്ലെന്ന് കണ്ട് പ്രതികളെ വെറുതേവിടുകയായിരുന്നു.

നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ഐ ജി. ആര്‍ ലക്ഷ്മണ ശിക്ഷിക്കപ്പെട്ടതാണ് കേരളാ പോലീസില്‍ ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍ ആദ്യമായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡി വൈ എസ് പി സന്തോഷ് നായരും അബ്ദുള്‍ റഷീദും വിചാരണ നേരിടുകയാണ്.
ഉദയകുമറിനെ ഉരുട്ടികൊന്ന രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ ലഭിച്ചത് ഉത്തരവാദിത്തം മറന്ന് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതാണ്. ഒരാളെ പോലീസ് അറസ്റ്റ് ചെയ്താല്‍ അടുത്ത ബന്ധുക്കളെ വിവരമറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. നിയമസഹായം തേടാന്‍ അനുവാദം നല്‍കണം. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന കാര്യം പിടികൂടിയ ആളെ അറിയിക്കണം. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. സ്റ്റേഷനിലെ ജി ഡി രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഉദയകുമാറിന്റെ കാര്യത്തില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.

2005 സെപ്തംബര്‍ 27ന് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ഉദയകുമാറിനെയും സുഹൃത്തിനെയും രാത്രി പത്തരയോടെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് ഭാഷ്യം. ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്ന 4000 രൂപയാണ് പോലീസില്‍ സംശയമുണ്ടാക്കിയത്. സ്റ്റേഷനിലെത്തിച്ച ഉദയകുമാറിനെ ക്രൂരമായി മര്‍ദിച്ചു. ബോണസ് കിട്ടിയ പണമാണെന്ന് പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. പിന്നീട് മാപ്പു സാക്ഷികളായ വനിതാ പോലീസുകാരടക്കം ഉദയകുമാറിനെ മര്‍ദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി മൊഴികള്‍ പുറത്തുവന്നു.ഉദയകുമാറുമായി ബന്ധപ്പെട്ട ആരെയും പോലീസ് വിവരമറിയിച്ചിരുന്നില്ല.
രാത്രിയോടെ ഉദയകുമാറിന്റെ നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുഖമില്ലാത്തതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണതാണെന്നാണ് പോലീസ് പറഞ്ഞത്. മരണകാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ കുടുങ്ങുന്നത്. തന്റെ ഗുണ്ടകള്‍ ഒരുത്തനെ തല്ലിക്കൊന്നിട്ടുണ്ടെന്ന് സ്‌കൂളില്‍ സഹപാഠിയായിരുന്ന മേലുദ്യോഗസ്ഥനോട് ഫോര്‍ട്ട് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിജയകുമാര്‍ ഫോണില്‍ പറഞ്ഞ വാചകവും സി ബി ഐക്ക് നിര്‍ണായക തെളിവായി. ഇത് മുഖ്യതെളിവില്‍ ഒന്നായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.

കുറ്റാരോപിതരായ പോലീസുകാരെ ആദ്യമായി വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഡമ്മി പോലീസുകാരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചില പോലീസുകാരുടെ നീക്കവും വിമര്‍ശന വിധേയമായി. കേസിലെ ഒന്നാം സാക്ഷിയും ഉദയകുമാറിന്റെ സുഹൃത്തുമായ സുരേഷ് വിചാരണവേളയില്‍ കൂറുമായി പ്രതിഭാഗം ചേര്‍ന്നു. ഒന്നാം പ്രതിയായ ജിതകുമാറിന് എ എസ് ഐയായി സ്ഥാനക്കയറ്റം ലഭിച്ചു. രണ്ടാംപ്രതി ശ്രീകുമാര്‍ നാര്‍ക്കോട്ടിക് സെല്‍ സിവില്‍ പോലീസ് ഓഫീസര്‍, അജിത് കുമാര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി (അന്നത്തെ എസ് ഐ), ടി കെ ഹരിദാസും (അന്നത്തെ അസി. കമ്മിഷണര്‍), ഇ കെ സാബുവും (അന്നത്തെ സി ഐ) എസ് പിമാരായി വിരമിച്ചു. രണ്ട് എസ് പിമാര്‍ക്കും ഐ പി എസ് നല്‍കാന്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്രം തള്ളുകയായിരുന്നു.

Latest