Connect with us

Sports

'എനിക്കെതിരെ നടന്നത് വിവേചനം'

Published

|

Last Updated

ന്യൂയോര്‍ക്ക്: ഉത്തേജക മരുന്ന് പരിശോധനയില്‍ തനിക്കെതിരെ നടന്നത് വലിയ വിവേചനമാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ്. താനാണ് ഏറ്റവും കൂടുതല്‍ മരുന്നടി പരിശോധനക്ക് വിധേയയായ യു എസ് ടെന്നീസ് കളിക്കാരിയെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
23 തവണ ഗ്രാന്റ് സ്ലാം സിംഗിള്‍സ് ചാമ്പ്യനായിട്ടുള്ള വനിതാ താരമാണ് സെറീന വില്ല്യംസ്. തനിക്കെതിരെ മാത്രം നടക്കുന്ന “ഭാരിച്ച” മരുന്ന പരിശോധനയില്‍ അവര്‍ കഴിഞ്ഞ മാസം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ വിഷയത്തില്‍ ഒന്നിലധികം ട്വീറ്റുമായി അവര്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.

“മൊത്തം കളിക്കാരെയെടുത്ത് പരിശോധിച്ചാല്‍ മനസ്സിലാകും ഞാനാണ് ഏറ്റവും കൂടുതല്‍ തവണ മരുന്ന് പരിശോധനകള്‍ക്ക് വിധേയമായിരിക്കുന്നത് എന്ന്. ഇത് വിവേചനമല്ലേ? ഞാന്‍ അങ്ങനെ ചിന്തിക്കുന്നു.”- വില്ല്യംസിന്റെ ഒരു ട്വീറ്റ് ഇങ്ങനെയാണ്.

ഈ വര്‍ഷം മാത്രം അഞ്ച് തവണയാണ് യു എസ് ആന്റി ഡോപ്പിംഗ് ഏജന്‍സി (യുസാഡ)യുടെ പരിശോധനക്ക് സെറീന വില്ല്യംസ് വിധേയയായിട്ടുള്ളതെന്ന് കഴിഞ്ഞ മാസം ഡീപ്‌സ്പിന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെറീന മത്സരിക്കാതെ കളത്തിന് പുറത്ത് നില്‍ക്കുമ്പോഴത്തെ പരിശോധനാ കണക്കാണിത്. ജൂണ്‍ 14ന് ടെസ്റ്റ് നടത്താനായി യുസാഡ അധികൃതര്‍ സെറീനയുടെ വീട്ടിലെത്തി. നിശ്ചയിച്ച സമയത്തേക്കാളും 12 മണിക്കൂര്‍ നേരത്തെയാണ് അധികൃതര്‍ എത്തിയതെന്ന് സെറീന ആരോപിച്ചു. അന്ന് ടെസ്റ്റ് നടത്താതെ മടങ്ങിയ യുസാഡ ഉദ്യോഗസ്ഥര്‍ “മിസ്ഡ് ടെസ്റ്റ്” രേഖപ്പെടുത്തി.
മൂന്ന് തവണ ടെസ്റ്റ് മിസ്സാക്കിയാല്‍ ഡോപിംഗ് ലംഘനമായി കണക്കാക്കും എന്നിരിക്കെയാണ് യുസാഡയുടെ നടപടിയെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഡീപ്‌സ്പ്പിന്നില്‍ ഈ ലേഖനം വരുന്ന സമയം, അമേരിക്കയിലെ മറ്റ് കളിക്കാരെക്കാളും ഇരട്ടി തവണ സെറീന വില്ല്യംസ് ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയമായിട്ടുണ്ട്.

പുരുഷ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. യു എസ് ഓപ്പണ്‍ ചാമ്പ്യന്‍ സ്ലൊവാനി സ്റ്റീഫന്‍സ് ഒരു തവണയും സെറീനയുടെ സഹോദരി വീനസ് വില്ല്യംസ് രണ്ട് തവണയും മാത്രമാണ് ഇക്കാലയളവില്‍ ഡോപ് ടെസ്റ്റിന് വിധേയരായത്. തന്നെയാണ് ഏറ്റവും കൂടുതല്‍ പരിശോധിച്ചതെന്ന് ലേഖനം ശ്രദ്ധയില്‍പ്പെടും വരെ അറിയില്ലായിരുന്നെന്ന് സെറീന പറഞ്ഞു. വിംബിള്‍ഡണിന് മുമ്പ് നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ട് സെറീന തേടിയിരുന്നു. ഏഴ് തവണ വിംബിള്‍ഡണ്‍ ജേതാവായ സെറീന കഴിഞ്ഞ ഫൈനലില്‍ ഏഞ്ജലിക് കെര്‍ബറിനോട് പരാജയപ്പെടുകയായിരുന്നു.
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സെറീന വില്ല്യംസ് ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ സെപ്തംബറില്‍ സെറീന ആദ്യ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest