ഏഴ് വയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ രണ്ടാനമ്മയും പിതാവും റിമാന്‍ഡില്‍

Posted on: July 25, 2018 11:13 pm | Last updated: July 25, 2018 at 11:13 pm
SHARE
റിമാന്‍ഡിലായ രണ്ടാനമ്മയും കുട്ടിയുടെ പിതാവും

കരുനാഗപ്പള്ളി: ഏഴ് വയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് തുടയും ഗുഹ്യഭാഗങ്ങളും പൊള്ളല്‍ ഏല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ രണ്ടാനമ്മയും കുട്ടിയുടെ പിതാവും റിമാന്‍ഡില്‍. പതാരം കിടങ്ങയം ചെപ്പള്ളില്‍തെക്കതില്‍ അനീഷ്(34), കുട്ടിയെ ക്രൂരമായി മര്‍ദിച്ച ആര്യ(26) എന്നിവരെ കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

തഴവ ഗവ. എല്‍ പി എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യയാണ് രണ്ടാനമ്മയുടെ കൊടുംക്രൂരതക്ക് ഇരയായത്. ഒരാഴ്ചയായി സ്‌കൂളില്‍ എത്താതിരുന്ന കുട്ടിയെ അന്വേഷിച്ച് അധ്യാപകര്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ പനിയാണെന്ന മറുപടിയാണ് വീട്ടുകാര്‍ നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച സ്‌കൂളിലെത്തിയ കുട്ടി ക്ലാസില്‍ ഇരുന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. കാലിലെ പാടുകണ്ട അധ്യാപിക വിവരം തിരക്കിയപ്പോള്‍ കുട്ടി ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമച്ചെങ്കിലും സംശയം തോന്നിയ അധ്യാപിക സഹഅധ്യാപികയെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ പശിശോധിച്ചപ്പോഴാണ് വയറിലും കാലിലുമായി 11ഓളം പൊള്ളിച്ചപാട് കണ്ടത്. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് വെച്ചതാണെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. പുറത്ത് അറിയാതിരിക്കാന്‍ അച്ഛന്‍ മുറിവില്‍ തേന്‍ തേച്ചുതരുമെന്നും കുട്ടി പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരേയും പോലീസിനേയും സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അച്ഛനെയും രണ്ടാനമ്മയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ ദേഹത്തുണ്ടായ പാടുകള്‍

ആയുധം ഉപയോഗിച്ച് മര്‍ദിച്ചതിന് ഐ പി സി 324 വകുപ്പ് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ടിപ്പര്‍ ലോറി ഡ്രൈവറായ അനീഷിന്റെ ആദ്യവിവാഹത്തിലെ കുട്ടിയാണ് പീഡനത്തിനിരയായ ആദിത്യ. ഈ വിവാഹബന്ധം വേര്‍പെടുത്താതെയാണ് ആര്യയെ വിവാഹം കഴിച്ച് കുടെ താമസിപ്പിക്കുന്നത്. കുട്ടി ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണിപ്പോഴുള്ളത്.