Connect with us

Gulf

ആഴക്കടലില്‍ സ്രാവുകള്‍ക്കൊപ്പമുള്ള ശൈഖ് ഹംദാന്റെ വീഡിയോ വൈറല്‍

Published

|

Last Updated

ഭീമാകാരന്മാരായ സ്രാവുകളുടെ കൂടെ നീന്തുന്ന ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

ദുബൈ: ദുബൈ കിരീടാവകാശിയും എക്‌സി. കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയുടെ രാജകുമാരന്‍ മാത്രമല്ല. അതി സാഹസികതകളുടെയും വിനോദ പ്രകടനങ്ങളുടെയും പേരുകേട്ട രാജകുമാരന്‍ കൂടിയാണ്.
രാജ്യത്തെ താമസക്കാരെയും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ആരോഗ്യകരമായ ചുറ്റുപാടില്‍ ജീവിക്കുന്നതിന് ആശയങ്ങള്‍ അദ്ദേഹം രൂപീകരിക്കുന്നത് ലോക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. തന്റെ ഇന്‍സ്റ്റാഗ്രാം ആരാധകരെ ഒരിക്കല്‍ കൂടി അമ്പരപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ശൈഖ് ഹംദാന്‍ പുതിയൊരു വീഡിയോ കൂടി പുറത്തുവിട്ടു.

ഭീമാകാരന്മാരായ സ്രാവുകളുടെ കൂടെ നീന്തുന്നതിന്റെ വീഡിയോ, നിശ്ചല ദൃശ്യങ്ങളാണ് ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
വീഡിയോ പുറത്തുവിട്ടതിന്റെ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് വീക്ഷിച്ചത് ലക്ഷക്കണക്കിന് പേരാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ “ഫസ്സ” എന്ന രണ്ടക്ഷരം കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ ശൈഖ് ഹംദാന്‍ സ്രാവുകളുടെ അരികിലൂടെയും അവയുടെ വയറിന് തൊട്ട് താഴെയും നീന്തുന്ന ദൃശ്യങ്ങളും ചിത്രീകരണത്തിലുണ്ട്.
നോര്‍വീജിയന്‍ കടല്‍, ഉത്തര അറ്റലാന്റിക് എന്നിവയുടെ മധ്യത്തിലുള്ള ഫറോഇ ദ്വീപിലാണ് സംഭവം.

വീഡിയോക്ക് താഴെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ശൈഖ് ഹംദാന്റെ ധൈര്യത്തെ പ്രകീര്‍ത്തിച്ചു കമന്റുകളുടെ വര്‍ഷമാണ് ഒരുക്കുന്നത്. സാധാരണ ഗതിയില്‍ വലിയ സ്രാവുകളെ തീര പ്രദേശങ്ങളില്‍ കാണുക അസാധ്യമാണ്. ആഴക്കടലില്‍ മാത്രം കാണുന്ന ഇവയുടെ അടുത്തിടപഴകുന്നതിന് പ്രത്യേക മെയ്വഴക്കം വേണമെന്ന് വീഡിയോ വീക്ഷിച്ചവര്‍ കമന്റുകളിലൂടെ അഭിപ്രായപ്പെടുന്നുണ്ട്.