ദുബൈയില്‍ മറ്റൊരു ഉപനഗരം: 550 കോടി ഡോളറില്‍ വാണിജ്യ കേന്ദ്രം

Posted on: July 25, 2018 9:09 pm | Last updated: July 25, 2018 at 9:09 pm
SHARE
ദുബൈ ക്രീക്ക് ടവറിന്റെ തറനിരപ്പ്‌

ദുബൈ: ദുബൈയില്‍ മറ്റൊരു ഉപ നഗരം വരുന്നു. റാസ് അല്‍ ഖോര്‍ പക്ഷി സങ്കേതത്തിനു സമീപം ഏക്കര്‍ കണക്കിന് സ്ഥലത്തു രണ്ടു ലക്ഷത്തിലധികം ആളുകള്‍ സ്ഥിരമായി താമസിക്കുന്ന നഗരമായിരിക്കും ഇത്. നിര്‍മാണം പകുതി വഴിയിലാണ്. ദുബൈ ഹോള്‍ഡിങ്ങും ഇമാറും ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്. ദുബൈ ക്രീക്ക് ഹാര്‍ബര്‍ എന്ന പേരിലാണ് മൊത്തത്തില്‍ പദ്ധതി അറിയപ്പെടുക. ദുബൈ സ്‌ക്വയര്‍ എന്ന പേരില്‍ ആധുനിക വാണിജ്യ സമുച്ചയം ഇവിടെ പണിയുമെന്ന് ഇമാര്‍ പ്രോപ്പര്‍ടീസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ വാര്‍ത്താലേഖകരെ അറിയിച്ചു.

500 മീറ്റര്‍ വ്യാസത്തില്‍ തറനിരപ്പുള്ള ദുബൈ ക്രീക്ക് ടവറാണ് പ്രധാന ആകര്‍ഷണം. ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടമായി ഇത് മാറും. അര കിലോമീറ്റര്‍ ചുറ്റളവില്‍ പച്ചപ്പിനു നടുവിലായിരിക്കും ക്രീക്ക് ടവര്‍. ഇതിനു ചുവടെ ക്രീക് പ്ലാസ എന്ന പേരില്‍ വാണിജ്യ കേന്ദ്രങ്ങള്‍, ആംഫി തിയേറ്റര്‍ എന്നിവ ഉണ്ടാകും. ക്രീക്ക് ടവറിന്റെ തറയുടെ നിര്‍മാണം പൂര്‍ത്തിയായി. 1.20 ലക്ഷം ടണ്‍ കോണ്‍ക്രീറ്റ് ആണ് ഉപയോഗിച്ചത്. 367 കോടി ദിര്‍ഹം ആണ് ചെലവ് ചെയ്യുന്നത്. അതേസമയം വാണിജ്യ കേന്ദ്രത്തിനു വേണ്ടിവരുന്ന ചെലവ് 550 കോടി ഡോളര്‍.

ദുബൈ ക്രീക്ക് ഹാര്‍ബര്‍ പദ്ധതിയുടെ ഭാഗമായി ദ്വീപ് നഗരം രൂപപ്പെടുത്തിയിട്ടുണ്ട്. ക്രീക്ക് മറീന എന്ന പേരിലുള്ള ദ്വീപില്‍ നൗകകള്‍ക്ക് ക്ലബ്ബും ഉദ്യാനങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും താമസ കേന്ദ്രങ്ങളും ഒരുങ്ങുന്നുണ്ട്. 60 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി. അനേകം താമസ കെട്ടിടങ്ങളും ഹോട്ടലുകളും വേറെ. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. ഇവിടത്തെ താമസ കേന്ദ്രങ്ങള്‍ നിക്ഷേപകര്‍ക്ക് അടുത്ത വര്‍ഷം ആദ്യം കൈമാറും.

ക്രീക്ക് മറീനയിലെ പാത

ദുബൈ ക്രീക്ക് ഹാര്‍ബറിലെ ദുബൈ സ്‌ക്വയര്‍ വാണിജ്യ കേന്ദ്രം, 26 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ്. 550 കോടി ഡോളര്‍ ചെലവ് ചെയ്താണ് ദുബൈ സ്‌ക്വയര്‍ നിര്‍മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ അഞ്ചു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ചില്ലറ വില്‍പന കേന്ദ്രം ഒരുക്കും. ഇവിടെ ചൈനാ ടൗണ്‍ ഉണ്ടാകും. യു എ ഇയില്‍ രണ്ടുലക്ഷത്തിലധികമുള്ള ചൈനക്കാരെ ഇവിടേക്ക് ആകര്‍ഷിക്കും. മൂന്ന് നിലകളിലായാണ് വാണിജ്യ കേന്ദ്രങ്ങള്‍. ഒരു നിലയില്‍ കലാവസ്തുക്കള്‍ക്കാണ് പ്രാധാന്യം നല്‍കുക. 9,262 താമസ യൂണിറ്റുകള്‍ ഉണ്ടാകും. മേഖലയിലെ ഓണ്‍ലൈന്‍ വ്യാപാര ആസ്ഥാനമായിരിക്കും ഇത്. നിരവധി റസ്റ്റോറന്റുകള്‍ വേറെ.

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പത്തു മിനുട്ടു യാത്ര ചെയ്താല്‍ ഇവിടെ എത്താം. നഗര നിര്‍മാണം ദ്രുതഗതിയില്‍ ആണെന്നും മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു. ദുബൈയിലേക്ക് ധാരാളം സഞ്ചാരികള്‍ എത്തുന്നു. അവര്‍ക്ക് ഈ നൂറ്റാണ്ടിലെ മികച്ച വിപണിയാണ് ഒരുക്കുന്നത്. സാമ്പ്രദായിക മാള്‍ സങ്കല്‍പത്തില്‍ നിന്ന് ഭിന്നമായ ഒന്നായിരിക്കും ദുബൈ സ്‌ക്വയര്‍.

LEAVE A REPLY

Please enter your comment!
Please enter your name here