പാക്കിസ്ഥാനില്‍ വോട്ടെണ്ണല്‍ തുടങ്ങി

Posted on: July 25, 2018 8:27 pm | Last updated: July 26, 2018 at 10:00 am
SHARE

ഇസ്‌ലാമാബാദ്: നിര്‍ണായക രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ഉടന്‍ തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയായിരുന്നു വോട്ടെടുപ്പ്. പൊതു തിരഞ്ഞെടുപ്പിനിടെ രാജ്യത്ത് വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. ക്വറ്റയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെടെ 35 പേര്‍ മരിച്ചു.

മുന്‍ പ്രധാനമന്ത്രിയും പി പി പി (എന്‍) നേതാവുമായ നവാസ് ശരീഫ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കിടക്കുന്ന സാഹചര്യത്തില്‍ പ്രവചനാതീതമായിരിക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം. ഭരണപക്ഷമായ നവാസ് ശരീഫിന്റെ പാര്‍ട്ടിക്ക് പുറമെ മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്റെ പാക് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പി പി പി എന്നീ പാര്‍ട്ടികള്‍ ശക്തമായ ജനപിന്തുണയോടെ മത്സര രംഗത്തുണ്ട്.

മൂന്ന് പാര്‍ട്ടികള്‍ക്കും മികച്ച പിന്തുണയും വേരോട്ടവും ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ആര്‍ക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് മിക്ക തിരഞ്ഞെടുപ്പ് പ്രവചനങ്ങളും അവകാശപ്പെടുന്നത്. എന്നാല്‍, ഇംറാന്‍ ഖാന് നേരിയ മുന്‍തൂക്കമുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയ അസംബ്ലിയിലേക്കുള്ള 342 സീറ്റുകളിലേക്കും നാല് പ്രവിശ്യ അസംബ്ലിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

10.6 കോടി വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. ദേശീയ അസംബ്ലിയിലേക്ക് 3765 പേര്‍ ജനവിധി തേടുന്നുണ്ട്. ഇതില്‍ 60 സീറ്റുകളില്‍ വനിതകള്‍ മത്സരിക്കുന്നുണ്ട്. 71 വര്‍ഷത്തെ പാക് ചരിത്രത്തില്‍ ഭരണ കാലാവധി പൂര്‍ത്തിയായ ശേഷം ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പാണ് ഇന്നത്തേത്.

LEAVE A REPLY

Please enter your comment!
Please enter your name here