Connect with us

Gulf

ചതിയില്‍ പെട്ട് ജയിലില്‍ കഴിഞ്ഞത് മൂന്നര വര്‍ഷം; മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

ദമ്മാം: വിധിയുടെ ക്രൂരതയില്‍ സ്വപ്‌നങ്ങള്‍ നഷ്ടമായി ജയിലിലായിരുന്ന മലയാളി യുവാവ് ഒടുവില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. തൃശ്ശൂര്‍ സ്വദേശി രതീഷാണ് ദുരിതങ്ങള്‍ക്കൊടുവില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയത്. റിയാദില്‍ സ്വന്തമായി തുടങ്ങുന്ന ബാര്‍ബര്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് ദമ്മാം തുഗ്ബയിലുള്ള സപോണ്‍സറെയും തന്റെ സഹോദരനെയും ക്ഷണിക്കാനായി ശ്രീലങ്കന്‍ സ്വദേശിയുടെ സ്വകാര്യ വാഹനത്തില്‍ കയറിയതാണ് രതീഷിന്റെ ജീവിതം തടവറക്കുള്ളിലാക്കിയത്.

റിയാദില്‍ നിന്ന് ദമ്മാമിലേക്കുള്ള യാത്രക്കിടെ ചെക്ക് പോസ്റ്റില്‍ വെച്ച് പോലീസ് വാഹനം പരിശോധിക്കുകയും വാഹനത്തിന്റെ ഡിക്കിയില്‍ ശ്രീലങ്കന്‍ സ്വദേശി രഹസ്യമായി ഒളിപ്പിച്ചു വെച്ചിരുന്ന ചാരായം നിറച്ച പ്ലാസ്റ്റിക്ക് കാനുകള്‍ പിടികൂടുകയും ചെയ്തു.

ഇത് യാത്രക്കാരനായ രതീഷിന്റേതാണെന്നും താന്‍ വെറും ഡ്രൈവര്‍ മാത്രമാണെന്നും ശ്രീലങ്കക്കാരന്‍ സ്വദേശി പോലീസില്‍ മൊഴി നല്‍കിയതോടെ രതീഷ് കുടുങ്ങി. ചാരായക്കടത്തിന് കുറ്റം ചുമത്തി പോലീസ് രതീഷിനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ രതീഷിന് കഴിഞ്ഞില്ല. തുടര്‍ന്ന് കോടതി രതീഷിന് അഞ്ച് വര്‍ഷം തടവും 200 അടിയും ശിക്ഷ വിധിക്കുകയും ദമ്മാമിലെ ജയിലിലേക്ക് മാറ്റുകയുമായിരുന്നു.

മൂന്ന് വര്‍ഷത്തിനുശേഷം മോചനത്തിനായി ശ്രമിച്ചു കൊണ്ടിരുന്ന സഹോദരന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായം തേടി. തുടര്‍ന്ന് ജയില്‍ സന്ദര്‍ശിക്കുകയും ജയില്‍ അധികൃതരെയും മറ്റു ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് രതീഷിന്റെ അവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തുകയും രതീഷിന്റെ ശിക്ഷാകാലാവധി കുറക്കണമെന്ന് അഭ്യര്‍ഥിച്ച് സൗദി അധികൃതര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു.

ഇതിനിടെ മൂന്ന് വര്‍ഷമായി ജയിലിലായ രതീഷിന്റെ നല്ല പെരുമാറ്റവും ശിക്ഷാ കാലാവധി ചുരുങ്ങുന്നതിന് സഹായകമായി. ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ശിക്ഷാകാലാവധി മൂന്നര വര്‍ഷമായി കുറച്ച് ഉത്തരവ് ഇറങ്ങുകയും രതീഷ് ജയില്‍ മോചിതനാവുകയും ചെയ്തു. തുടര്‍ന്ന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ എംബസ്സി ഔട്ട്പാസ് പാസ് നല്‍കി ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങി.

സിറാജ് പ്രതിനിധി, ദമാം

Latest