കുമ്പസാരത്തിന്റെ പേരില്‍ ലൈംഗിക പീഡനം: ഫാ. ജോബ് മാത്യുവിന് ജാമ്യം

Posted on: July 25, 2018 1:21 pm | Last updated: July 25, 2018 at 1:21 pm

കൊച്ചി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ  ഓര്‍ത്തഡോക്‌സ് വൈദികന്‍ ജോബ് മാത്യുവിന് ഹൈക്കോടതികര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം, ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, ഇരയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.

കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. രണ്ടാഴ്ചയായി പൊലീസ് കസ്റ്റഡിയിലാണെന്നും ആ കാലയളവില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നില്ലെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. എപ്പോള്‍ വേണമെങ്കിലും അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാമെന്നും അഭിഭാഷകന്‍ ഉറപ്പു നല്‍കി. ഇതേതുടര്‍ന്നാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.