മാത്യു ടി തോമസിനെ തത്കാലം മാറ്റില്ല

Posted on: July 25, 2018 10:02 am | Last updated: July 25, 2018 at 11:17 am

തിരുവനന്തപുരം:മന്ത്രി മാത്യു ടി തോമസിനെ തത്കാലം മാറ്റേണ്ടെന്ന് ജനതാദള്‍ ദേശീയ നേതൃത്വത്തില്‍ ധാരണ. മന്ത്രിസ്ഥാനം പങ്കിടണമെന്ന കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ തീരുമാനം. കേരളത്തില്‍ മന്ത്രിസഭാപുനഃസംഘടന വരികയാണെങ്കില്‍ അപ്പോഴത്തെ സാഹചര്യം നോക്കി പരിഗണിക്കാമെന്നാണ് നിലപാട്. മാത്യു ടി തോമസിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ഗൗഡ ചര്‍ച്ച നടത്തി. അതേസമയം, സീനിയര്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നതിലും വ്യക്തിപരമായ അധിക്ഷേപങ്ങളുയര്‍ത്തുന്നതിലും ഗൗഡ അതൃപ്തി അറിയിച്ചു. ജനറല്‍സെക്രട്ടറി ഉള്‍പ്പെടെ ദേശീയ നേതൃത്വം മാത്യു ടി തോമസിനൊപ്പം നിന്നതാണ് കൃഷ്ണന്‍കുട്ടിക്ക് തിരിച്ചടിയായത്. മന്ത്രിയെ മാറ്റുന്ന കാര്യത്തിലെ തീരുമാനം കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ദേവഗൗഡക്ക് വിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മാത്യു ടി തോമസിനെ ഗൗഡ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയത്.

സീനിയര്‍ നേതാവ് എന്ന പരിഗണനയില്‍ കൃഷ്ണന്‍കുട്ടിക്ക് മന്ത്രിസഭയില്‍ അവസരം നല്‍കണമെന്നായിരുന്നു അദ്ദേഹത്തെ പിന്തുണക്കുന്നവരുടെ നിലപാട്. മന്ത്രിസഭാ രൂപവത്കരണ വേളയില്‍ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ സ്ഥാനം പങ്കുവെക്കാമെന്ന് ധാരണയുണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു. മാത്യു ടിയെ ലക്ഷ്യമിട്ട് വര്‍ഗീയച്ചുവയുള്ള ആരോപണങ്ങളുമുയര്‍ത്തി. പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ മന്ത്രിയില്‍ നിന്നുണ്ടാകുന്നില്ലെന്ന വിമര്‍ശം ഉയര്‍ത്തി പാര്‍ട്ടി പിന്തുണ ആര്‍ജിക്കാനും ശ്രമം നടത്തി. എന്നാല്‍ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവും കൗണ്‍സിലും മന്ത്രിയെ മാറ്റാനുള്ള തീരുമാനത്തിനൊപ്പം നിന്നില്ല. തീരുമാനം ദേവഗൗഡക്ക് വിട്ടതിന് പിന്നാലെയാണ് പരസ്യപ്രതികരണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും രൂക്ഷമായത്. സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കുട്ടിയുടെ സ്വന്തം പേഴ്‌സനല്‍ അസിസ്റ്റന്റ് ടി ടി അരുണ്‍ തന്നെ വര്‍ഗീയ ചുവയുള്ള വിമര്‍ശം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്‌ചെയ്തു. അധികാരം നിലനിര്‍ത്താന്‍ വൃത്തികെട്ട വര്‍ഗീയ കളിയുമായി മാത്യു ടി തോമസ് വീണ്ടും എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. മാര്‍ത്തോമ്മാ സഭയിലെ സ്വാധീനം ഉപയോഗിച്ച് പി ജെ കുര്യന്‍ വഴി സോണിയ ഗാന്ധിയെ ഇടപെടുവിച്ചാണ് മന്ത്രിസ്ഥാനം നേടിയതെന്നും പോസ്റ്റിലുണ്ടായിരുന്നു.
ഇത് വിവാദമായതോടെ കൃഷ്ണന്‍കുട്ടി അരുണിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കി. ഇതിന്റെ തുടര്‍ച്ചയായി മാസങ്ങള്‍ക്ക് മുമ്പ് മാത്യു ടിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിവാക്കിയ ജീവനക്കാരിയെ രംഗത്തിറക്കി വാര്‍ത്താസമ്മേളനം നടത്തി. ഇതിന് പിന്നിലും കൃഷ്ണന്‍കുട്ടിക്കൊപ്പമുള്ളവരാണെന്ന് മാത്യു ടി ഗൗഡയെ അറിയിച്ചു. ഇതും കൃഷ്ണന്‍കുട്ടിക്ക് തിരിച്ചടിയായി.