Connect with us

Articles

ഉത്തരം കിട്ടി, പ്രഭാവതിയമ്മയുടെ കണ്ണീരിന്

Published

|

Last Updated

ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി പുറത്തുവരുമ്പോള്‍ നീതികിട്ടുന്നത് ഒരു അമ്മയുടെ കണ്ണുനീരിന്. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയ രാജന്റെ അച്ഛന്‍ ഈച്ചര വാര്യരെപ്പോലെ നീതിതേടി അലഞ്ഞ ഒരമ്മയുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഉരുട്ടിക്കൊലക്കേസിലെ വിധി.
മകനെ കൊലപ്പെടുത്തിയതാര്? അവന്റെ മൃതദേഹം എവിടെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ തന്നെ ഈച്ചര വാര്യര്‍ക്ക് ജീവിതത്തില്‍ നിന്ന് യാത്രയാകേണ്ടിവന്നെങ്കില്‍, 13 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ആറ് പോലീസുകാര്‍ കുറ്റക്കാരാണെന്ന് സി ബി ഐ പ്രത്യേക കോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ മകനുവേണ്ടി നടത്തിയ പോരാട്ടം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. ആര്‍ക്കും ഇനി ഇതുപോലൊരു ഗതി വരരുത്. ഇനിയൊരമ്മക്കും തന്നെപ്പോലെ കരയേണ്ടി വരരുത്. അതിനു വേണ്ടിയാണ് താന്‍ കോടതി കയറുന്നത്- നിയമപോരാട്ടത്തിനിടയിലും പ്രഭാവതി പറയുമായിരുന്നു.

മകന് ഒരു വയസ്സ് കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതില്‍ പിന്നെ ആ അമ്മക്ക് ജീവിതം മകന്‍ തന്നെയായിരുന്നു. വീട്ടുജോലിക്കും മറ്റും പോയാണ് പ്രഭാവതി മകനെ വളര്‍ത്തിയത്. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടായ സെപ്തംബര്‍ 27ന് രാത്രി മോഷണക്കുറ്റം ആരോപിച്ചാണ് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്‌കുമാറിനെയും ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തതും പിന്നീട് ഉദയകുമാര്‍ കൊല്ലപ്പെടുന്നതും. 26 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോള്‍ ഉദയകമാറിന്റെ പ്രായം.

ഓണത്തിന് ലഭിച്ച ബോണസടക്കമുള്ള തുകയുമായി അമ്മക്കും തനിക്കും വസ്ത്രമെടുക്കാനാണ് നെടുങ്കാട് കീഴാറന്നൂരിലെ വീട്ടില്‍ നിന്ന് ഉദയന്‍ പോയത്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കിന് സമീപത്തുനിന്ന് രാത്രി 10.30നാണ് ഉദയകുമാറിനെയും സുഹൃത്തും മോഷണക്കേസിലെ പ്രതിയുമായ സുരേഷ്‌കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഉദയകുമാറിന്റെ കൈയില്‍ 4020 രൂപ കണ്ടതോടെ പോലീസിന്റെ സംശയം വര്‍ധിച്ചു. ബോണസ് കിട്ടിയ തുകയാണെന്നു പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. മര്‍ദനത്തെ തുടര്‍ന്ന് രാത്രി പത്തരയോടെ ഉദയകുമാര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യംമൂലം കുഴഞ്ഞുവീണതാണെന്നു പറഞ്ഞാണ് പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചതായി പിന്നീട് വ്യക്തമായി. രാത്രി ഒമ്പതോടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങളുമായി മടങ്ങിയെത്തുമായിരുന്ന മകന് ഭക്ഷണമൊരുക്കിവെച്ചു കാത്തിരുന്ന അമ്മ പിന്നെ കാണുന്നത് മകന്റെ ചേതനയറ്റ ശരീരമാണ്. ജഗതിയിലുള്ള സ്‌കൂളില്‍ ആയയായി ജോലി നോക്കിയിരുന്ന പ്രഭാവതിയമ്മയോട് രാവിലെ 11 മണിക്കാണ് മകന്‍ മരിച്ച വിവരം പോലീസ് അറിയിക്കുന്നത്.

ഉദയകുമാറിനെ ഉരുട്ടിക്കൊന്നതാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്തോ ഉപകരണം ഉപയോഗിച്ച് ഉരുട്ടിയതുമൂലമുള്ള മുറിവുകളാണ് ഇരുതുടകളിലും കാണപ്പെട്ടതെന്നും ഈ മുറിവുകളും മര്‍ദനത്തിന്റെ ആഘാതവുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
പലരുടെയും സഹായത്തോടെയാണ് പ്രഭാവതിയമ്മ നിയമപോരാട്ടത്തിനിറങ്ങിയത്. ക്രൈം ബ്രാഞ്ച് ആണ് ആദ്യം കേസ് അന്വേഷിച്ചത്. കോടതിയില്‍ വിചാരണക്കിടെ സാക്ഷികളടക്കം കൂട്ടത്തോടെ കൂറുമാറിയതോടെ അട്ടിമറി മണത്തു. പ്രഭാവതിയെ സ്വാധീനിക്കാന്‍ അടക്കം ശ്രമം നടന്നു. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ മകന് നീതി ലഭിക്കണമെന്ന ലക്ഷ്യത്തില്‍ അവര്‍ ഉറച്ചുനിന്നു. അങ്ങനെയാണ് പ്രഭാവതി ഹൈക്കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് കേസ് സി ബി ഐക്ക് വിടാന്‍ കോടതി ഉത്തരവിട്ടു. നിരവധി തവണ ഭീഷണിയും സ്വാധീനവുമെല്ലാം ഉണ്ടായിട്ടും കേസില്‍നിന്ന് അവര്‍ പിന്‍മാറിയില്ല. ഒടുവില്‍ 13 വര്‍ഷത്തിനുശേഷം അനുകൂല വിധിയെത്തി.
മകന്റെ മരണശേഷം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടായതായി പ്രഭാവതിയമ്മ പറയുന്നു. നെടുങ്കാട് മണ്ണടി ക്ഷേത്രത്തിനു സമീപം സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീട്ടിലാണ് ഇപ്പോള്‍ താമസം. കൂട്ടിന് സഹോദരന്‍ മോഹനനുണ്ട്. വരാപ്പുഴ കസ്റ്റഡിമരണമടക്കം പോലീസ് പ്രതിക്കൂട്ടിലായിരിക്കുന്ന സമയത്ത് വിധിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പത്മാവതിയമ്മ പറയുന്നു.

---- facebook comment plugin here -----

Latest