സാമൂഹിക മാധ്യമങ്ങള്‍ ആള്‍ക്കൂട്ട ഭീകരത

അന്യങ്ങളെയും എതിരഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാനും വ്യത്യസ്തതകളെ അംഗീകരിക്കാനുമുള്ള ബഹുസ്വരതയുടെ ജനാധിപത്യബോധം സൃഷ്ടിക്കാനാണ് സംഘടനകള്‍ ശ്രദ്ധിക്കേണ്ടത്. മതം, ജാതി, വിശ്വാസം, രാഷ്ട്രീയം, മൂഢമായ പാരമ്പര്യബോധം, മിഥ്യാഭിമാനം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സംഘടനകളും നേതൃത്വവും സമൂഹത്തെ നിര്‍വചിച്ചു തുടങ്ങിയാല്‍ ജനാധിപത്യത്തിന്റെയും രാഷ്ട്രത്തിന്റെയും ആധാരശിലകളെയും മനുഷ്യത്വ മൂല്യങ്ങളെയും ആള്‍ക്കൂട്ട വാഴ്ചക്ക് തീറെഴുതേണ്ടിവരും.
Posted on: July 25, 2018 9:49 am | Last updated: July 25, 2018 at 9:49 am
SHARE

ഇത് മുഹമ്മദ് അസാം അഹ്മദ്. ഗൂഗിള്‍ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന മുപ്പത്തിരണ്ടുകാരന്‍. ഹൈദരാബാദിലെ മലക്‌പേട്ട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമൊത്ത് കര്‍ണാടകയിലെ ബിദാറില്‍ വന്നതായിരുന്നു. അവിടെ വെച്ച് അക്രമികള്‍ ഇവരെ തല്ലിച്ചതച്ചു. അസാം അഹ്മദ് തല്‍ക്ഷണം കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന നൂര്‍ മുഹമ്മദ്, മുഹമ്മദ് സല്‍മാന്‍, ഖത്വര്‍ സ്വദേശിയായ സാലം ഈദല്‍ ഖുബൈസി എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
സംഭവത്തിന് പിന്നിലെ കാരണം വളരെ ലളിതം. നാല് പേര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് വാട്‌സാപ്പില്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള മെസേജ് വന്നു. നിമിഷനേരം കൊണ്ട് ഗ്രൂപ്പുകളില്‍ പ്രചരിച്ചു. ഉടന്‍ വികാരഭരിതരായ ജനക്കൂട്ടം മറ്റുള്ളവരെകൂടി വിവരമറിയിച്ച് ആക്രോശിച്ച് ഇവര്‍ക്ക് നേരെ വരികയും ആക്രമിക്കുകയുമായിരുന്നു. സ്ഥലം വാങ്ങുന്നതിന് വേണ്ടിയാണ് അസാമും സംഘവും അവിടെയെത്തിയത്. വൈകുന്നേരം നാലര മണിക്ക് സ്‌കൂളിന് സമീപമുള്ള ചായക്കടക്കടുത്ത് വണ്ടി നിര്‍ത്തി. സമീപത്ത് വന്ന കുട്ടികളോട് വാത്സല്യം തോന്നിയ ഖത്വര്‍ സ്വദേശി സാലം കുട്ടികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്തു. ഇത് കണ്ട ആരോ ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നും പറഞ്ഞ് ജനത്തെ വിളിച്ചുകൂട്ടി. ഉടന്‍ തന്നെ ജനങ്ങള്‍ ഒരുമിച്ച് കൂടിയപ്പോള്‍ അപകടം ഭയന്ന് ഇവര്‍ കാറില്‍ കയറി അവിടെ നിന്നും പോയി. അപ്പോഴേക്കും ഇവരുടെയും വാഹനത്തിന്റെയും ഫോട്ടോ എടുത്ത് ആരോ വാട്‌സാപ്പുകളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് റോഡില്‍ കല്ലും മരവും വെച്ച് അവരെ വഴിയില്‍ തടഞ്ഞ് തല്ലിച്ചതക്കുകയായിരുന്നു.

വാട്‌സാപ്പിലൂടെയുള്ള പ്രചാരണങ്ങള്‍ വഴി അക്രമിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആള്‍ക്കൂട്ടവും സംസ്‌കാരത്തിന്റെയും മതത്തിന്റെയുമൊക്കെ സംരക്ഷകരായി സ്വയം അവരോധിച്ച സംഘടനകളും മൗലികവാദികളും തങ്ങള്‍ക്കു വിരോധമുള്ളവരെയും ദുര്‍ബലരായ പാവപ്പെട്ട ജനവിഭാഗങ്ങളെയും സ്ത്രീകളെയും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും തെരുവില്‍ കൈകാര്യം ചെയ്ത് ഓരോരുത്തരും തങ്ങളാഗ്രഹിക്കുന്ന നീതി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. നിയമം പ്രയോഗിക്കപ്പെടേണ്ടത് കോടതിയിലാണ്, തെരുവിലല്ല. കുറ്റാന്വേഷണത്തിന്റെയും വിചാരണയുടെയും ശിക്ഷാവിധിയുടെയും വേദിയായി തെരുവ് മാറാന്‍ പാടില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സമകാലിക ഭാരതീയ ജീവിതത്തില്‍ എത്രമേല്‍ ഭീകരമായ ആഭ്യന്തര ഭീഷണിയായി മാറിയിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് സുപ്രീം കോടതിയുടെ പ്രഖ്യാപനം. വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ നിന്നും ഉയിര്‍കൊള്ളുന്ന ആള്‍ക്കൂട്ടവാഴ്ച തടയുന്നതില്‍ ഓരോ സംസ്ഥാനത്തെയും ഭരണകൂടങ്ങള്‍ പരാജയപ്പെടുകയാണ്. അതുകൊണ്ടാണ് ആള്‍ക്കൂട്ട വാഴ്ചയുടെ അക്രമത്തെ പ്രത്യേക കുറ്റകൃത്യമായിക്കണ്ട് നിയമനിര്‍മാണം നടത്തണമെന്ന് പാര്‍ലിമെന്റിനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.
ഏതൊരു വ്യക്തിയെ ആക്രമിക്കാനും തല്ലിക്കൊല്ലാനും ആരോ ഉണ്ടാക്കിയ, സത്യമാണോ അസത്യമാണോ എന്ന് പോലുമറിയാത്ത ഒരു മെസേജ് മാത്രം മതിയെന്നുള്ളിടത്താണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ അവസ്ഥ. ഇത്തരം വാര്‍ത്തകള്‍ വളരെ വേഗതയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെടുന്നു. ജോലിക്കിടയിലും ജോലികഴിഞ്ഞ് വിശ്രമത്തിനിടയിലും കാര്യമായി ഫേസ്ബുക്കും വാട്‌സാപ്പും യൂടൂബുമൊക്കെയായി സമയം ചെലവിടുന്നവര്‍ ഇടക്കിടെ ഇത്തരം മെസേജുകള്‍ കണ്ട് മനസ്സ് ഒരു തരം അരക്ഷിതാവസ്ഥ അനുഭവിക്കുമ്പോള്‍ കുടുംബത്തിലെ കുട്ടികളെ രക്ഷിക്കാനും ശത്രുക്കള്‍ക്കെതിരെ ആളുകളെ ഇളക്കിവിടാനും സോഷ്യല്‍ മീഡിയയെ ചൂഷണം ചെയ്യുകയാണ്. ഇതുകൊണ്ടുള്ള പ്രത്യാഘാതം ചെറുതല്ലെന്ന് ഇക്കാരണത്താല്‍ ഇന്ത്യയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാകും.
പശുമാംസം തിന്നു, പശുക്കളെ അടിച്ചു, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, നഗ്നത വെളിവാക്കുന്ന വസ്ത്രം ധരിക്കുന്നു, ദുര്‍മന്ത്രവാദം നടത്തുന്നു, പൊതുമുതല്‍ കൈയേറുന്നു, ജാതി മാറി വിവാഹം കഴിക്കുന്നു, ആണും പെണ്ണും ഒരുമിച്ചു നടക്കുന്നു തുടങ്ങിയ ആരോപണങ്ങളുയര്‍ത്തി സദാചാര സംരക്ഷകരും ഗോ സംരക്ഷകരും സംസ്‌കാര സംരക്ഷകരുമായി അവകാശപ്പെടുന്ന ഗുണ്ടകള്‍ ഭ്രാന്തനീതി നടപ്പാക്കിയ എത്രയോ സംഭവങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്. ക്രൂര മര്‍ദനവും തല്ലിക്കൊല്ലലും തീവെപ്പും വരെ ഇതിന്റെ പേരില്‍ നടക്കുന്നു. കൈയൂക്കും സംഘബലവും കൊണ്ട് സാഹിത്യകാരന്മാരെയും പൊതുപ്രവര്‍ത്തകരെയും കൊല്ലുന്നതും സാഹിത്യാവിഷ്‌കാരങ്ങളെയും സ്വതന്ത്ര അഭിപ്രായങ്ങളെയും തടയുന്നതുമെല്ലാം ഈ ആള്‍ക്കൂട്ട ദുഷ്പ്രഭുത്വത്തിന്റെ ഭാഗമാണ്.

ഭൂരിപക്ഷ സമൂഹത്തിലെ ചിലരാല്‍ അന്യമായി കണക്കാക്കുന്ന ന്യൂനപക്ഷം ജാതി മത ലിംഗ ഭേദമന്യേ ആള്‍ക്കൂട്ട ഭീകര വാഴ്ചക്കിരയാക്കപ്പെടാം എന്ന ആപത്കരമായ സാഹചര്യം ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്ന് വേണം കരുതാന്‍. ഇത്തരം ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ആട്ടിമറിക്കാനുള്ള ശ്രമങ്ങളും ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ പശുവിന്റെ പേരില്‍ നടത്തിയ ആക്രമണ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മുഹമ്മദ് സമീഉദ്ദീന്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി പിന്നീട് രംഗത്തുവന്നു. ജൂണ്‍ 18 മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമീഉദ്ദീന്‍ ജൂലൈ 14നാണ് ആശുപത്രി വിട്ടത്. ഹാപൂര്‍ ജില്ലയിലെ ബജേര ഖുര്‍ദ് ഗ്രാമത്തിലാണ് 64കാരനായ സമീഉദ്ദീനെ ഹിന്ദുത്വ ഭീകരവാദികള്‍ തല്ലിച്ചതക്കുകയും 50കാരനായ ഖാസിമിനെ അടിച്ചുകൊല്ലുകയും ചെയ്തത്. പശുവിന്റെ പേരില്‍ നടന്ന അക്രമം സോഷ്യല്‍ മീഡിയയില്‍ വീഡിയോ സഹിതം പ്രചരിക്കപ്പെട്ടിട്ടും വാഹനാപകടവുമായി ബന്ധപ്പെട്ട അക്രമമെന്നാണ് ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തിരുന്നത്.

സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചതിന്റെ പേരില്‍ നടക്കുന്ന അക്രമവും കൊലപാതകവും കഴിഞ്ഞ ശേഷമാണ് പലപ്പോഴും യാഥാര്‍ഥ്യം നേരെ മറിച്ചാണെന്ന് അക്രമികളും സമൂഹവും തിരിച്ചറിയുന്നത്. 2015 സെപ്തംബര്‍ 28ന് പശുവിന്റെ ഇറച്ചി കഴിച്ചെന്നും ഇറച്ചി വീട്ടില്‍ സൂക്ഷിച്ചെന്നും ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ്, മകന്‍ ഡാനിഷ് എന്നിവരെ ഗ്രാമത്തിലെ 25 പേര്‍ അടങ്ങുന്ന സംഘം അക്രമിച്ച് അഖ്‌ലാഖിനെ കൊന്നു. സൂക്ഷിച്ചുവെച്ചത് ആട്ടിറച്ചിയായിരുന്നുവെന്ന് പിന്നീടാണ് പുറത്തറിയുന്നത്. അതേസമയം പ്രതികള്‍ക്ക് സര്‍ക്കാര്‍ ജോലിയും എട്ട് ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കിയെന്നാണ് പിന്നീട് വന്ന വാര്‍ത്ത.

മഹാരാഷ്ട്രയിലെ ധുലെയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നാരോപിച്ച് ആള്‍ക്കൂട്ടം നിരപരാധികളായ അഞ്ച് പേരെ തല്ലിക്കൊല്ലാനിടയാക്കിയ വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതു പോലുമല്ലായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ നിരത്തിക്കിടത്തിയിരിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ഹിന്ദിയിലുള്ള വിവരണത്തില്‍ പറയുന്നത് അവയവങ്ങള്‍ തട്ടിയെടുക്കാന്‍ ഇറങ്ങിയിട്ടുള്ള പ്രത്യേക സംഘങ്ങള്‍ കൊന്നതാണെന്നാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ സിറിയയില്‍ വിഷവാതക ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ദൃശ്യമായിരുന്നു അത്. 2013ലാണ് സിറിയയില്‍ നെര്‍വ് ഗ്യാസ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവര്‍ സിറിയന്‍ കുട്ടികളായിരുന്നു. അന്ന് അതിന്റെ ദൃശ്യങ്ങളും വാര്‍ത്തയും മാധ്യമങ്ങളില്‍ വന്നിരുന്നു. സമാനമായ വീഡിയോ ഉപയോഗിച്ച് പാക്കിസ്ഥാനില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായുള്ള പ്രചാരണവും നടന്നിരുന്നു. ഈ വ്യാജ വീഡിയോകള്‍ വഴി രാജ്യത്ത് ഇതിനകം 20 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
മലേഗാവില്‍ രണ്ട് പേരെ മര്‍ദിക്കുന്ന മറാത്തിയിലുള്ള ദൃശ്യം ധൂലെയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെ ജനം പിടികൂടി മര്‍ദിക്കുന്നതെന്ന് അവകാശപ്പെട്ട് മറ്റൊരു വീഡിയോയും പ്രചരിപ്പിച്ചിരുന്നു. അത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകല്‍ ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് പോലീസ് ഉറപ്പിച്ചു പറഞ്ഞു. വീഡിയോ വ്യപകമായി പ്രചരിച്ചതോടെ കാണുന്നവരെയെല്ലാം ജനം സംശയത്തോടെ നോക്കുകയായിരുന്നു. ഇതിനിടയിലാണ് ഇതര സംസ്ഥാനക്കാരനായ ഒരാള്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ടത്. ഉടന്‍ കാകാര്‍ പാഡ ഗ്രാമവാസികള്‍ കല്ലുകളും വടികളുമായി ഇയാളെ വളഞ്ഞിട്ട് ആക്രമിച്ചു. ഇതില്‍ ഇടപെട്ട മറ്റു നാല് പേരെയും ജനം തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഇതിനകം 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, വീഡിയോ ഉണ്ടാക്കിയത് ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പോലീസും മാധ്യമങ്ങളും പുറത്തുകൊണ്ടുവരുന്ന സത്യവാര്‍ത്ത സമൂഹമറിയും മുമ്പ് സോഷ്യല്‍ മീഡിയയില്‍ യാതൊരു അതിര്‍വരമ്പുമില്ലാതെ യഥാര്‍ഥമല്ലാത്ത കാര്യങ്ങള്‍ പ്രചരിക്കുകയും അക്രമവും കൊലപാതകവും നടമാടുകയുമാണ്.

അസാമില്‍ രണ്ട് പേര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ 16 അംഗസംഘം അഭിജിത് നാദ്, നിലോത്പാല്‍ ദാസ് എന്നിവരെ ആക്രമിച്ച് കൊന്നു. 45 വയസ്സുകാരനായ മധ്യപ്രദേശിലെ റിയാസും 38 കാരനായ സുഹൃത്ത് ഷക്കീലും പശുവിനെ അറുത്തുവെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ടു. തെരുവിന് നരേന്ദ്ര മോദി ചൗക്ക് എന്ന പേര് നല്‍കിയതിന്റെ പേരില്‍ രാമചന്ദ്ര യാദവ് എന്ന എഴുപതുകാരനെ ജനക്കൂട്ടം കഴുത്തറുത്തു കൊന്നു. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലായിരുന്നു സംഭവം.
ഉത്തരേന്ത്യന്‍ പ്രാകൃതത്വമെന്ന് പൊങ്ങച്ചം പറഞ്ഞിരുന്ന സദാചാര ഗുണ്ടായിസവും ആള്‍ക്കൂട്ട അക്രമവും മലയാള നാട്ടിലുമുണ്ട്. കടയില്‍ നിന്ന് എന്തോ ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ പ്രബുദ്ധമലയാളി തല്ലിക്കൊന്നത് വിസ്മരിക്കാന്‍ കഴിയില്ല. തെരുവിന്റെ അക്രമത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ സഹിഷ്ണുതയുടെയും നന്മയുടെയും പാതയിലേക്ക് നീങ്ങേണ്ടതുണ്ട്. അന്യനെ ബഹുമാനിക്കുകയും ആശയപരമായി എതിര്‍ ദിശയില്‍ നില്‍ക്കുന്നവനോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുന്നിടത്തേക്ക് എല്ലാ വിഭാഗം ജനങ്ങളും ഉയരണം. ‘ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍ നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നതെന്ന്’ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
അന്യങ്ങളെയും എതിരഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാനും വ്യത്യസ്തതകളെ അംഗീകരിക്കാനുമുള്ള ബഹുസ്വരതയുടെ ജനാധിപത്യബോധം സൃഷ്ടിക്കാനാണ് സംഘടനകള്‍ ശ്രദ്ധിക്കേണ്ടത്. മതം, ജാതി, വിശ്വാസം, രാഷ്ട്രീയം, മൂഢമായ പാരമ്പര്യബോധം, മിഥ്യാഭിമാനം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സംഘടനകളും നേതൃത്വവും സമൂഹത്തെ നിര്‍വചിച്ചു തുടങ്ങിയാല്‍ ജനാധിപത്യത്തിന്റെയും രാഷ്ട്രത്തിന്റെയും ആധാരശിലകളെയും മനുഷ്യത്വ മൂല്യങ്ങളെയും ആള്‍ക്കൂട്ട വാഴ്ചക്ക് തീറെഴുതേണ്ടിവരും.