Connect with us

Editorial

ഉരുട്ടിക്കൊല കേസ് വിധി

Published

|

Last Updated

പോലീസുകാര്‍ പ്രതികളായ കേസുകള്‍ വര്‍ധിച്ചുവരവെ ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ സി ബി ഐ കോടതി വിധി ആശ്വാസകരമാണ്. കേസിലെ പ്രതികളായ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ആറ് പോലീസുകാരില്‍ അഞ്ചും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തല്‍. ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവുണ്ട്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസില്‍ ഉദയകുമാറിന്റെ മരണം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ഡി വൈ എസ് പി. അജിത് കുമാര്‍, മുന്‍ എസ് പിമാരായ ഇ കെ സാബു, ഹരിദാസ്, കോണ്‍സ്റ്റബിള്‍മാരായ ശ്രീകുമാര്‍, സോമന്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. വിചാരണക്കിടെ മൂന്നാം പ്രതി സോമന്‍ മരിച്ചതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

മോഷണക്കുറ്റം ആരോപിച്ചാണ് 2005 സെപ്തംബര്‍ 27ന് വൈകിട്ട് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ വെച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്‌കുമാര്‍ എന്ന മണിയെയും അജിത്കുമാറും ശ്രീകുമാറും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഉദയകുമാറും കൂടെയുണ്ടായിരുന്ന സുഹൃത്ത് സുരേഷും അവരുടെ കൈവശമുണ്ടായിരുന്ന 4000 രൂപയെപ്പറ്റി പരസ്പരവിരുദ്ധമായി പറഞ്ഞതാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണം. പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനിടെ അജിത്കുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഉരുട്ടല്‍ ഉള്‍പ്പെടെയുള്ള മൂന്നാംമുറ പ്രയോഗത്തിലാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്നാണ് സി ബി ഐ കേസ്. ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉരുട്ടിയതില്‍ പറ്റിയ പരുക്കുകള്‍ കാരണമാണ് മരണമെന്ന് ഫോറന്‍സിക് ഡോക്ടര്‍ ശ്രീകുമാരിയുടെ മൊഴിയുമുണ്ട്.

സി ഐ ഓഫീസില്‍ നിന്ന് ചോദ്യം ചെയ്ത ശേഷം തിരിച്ചുകൊണ്ടുവന്ന ഉദയകുമാര്‍ ലോക്കപ്പില്‍ കിടന്ന് നിലവിളിക്കുന്നത് കേട്ടെന്നും മര്‍ദനത്തില്‍ അവശനായ ഉദയകുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ശ്രമിച്ചപ്പോള്‍ എസ് ഐ അജിത്കുമാര്‍ തടഞ്ഞെന്നും സാക്ഷിമൊഴിയിലുണ്ട്. ഉദയകുമാറിന്റെ സുഹൃത്ത് തിരിച്ചറിയല്‍ പരേഡില്‍ പ്രതികളായ പോലീസുകാരെ തിരിച്ചറിയുകയും ചെയ്തു. പോലീസുദ്യോഗസ്ഥര്‍ മാത്രം പ്രതികളായ കേസില്‍ ഒരാളൊഴികെ പോലീസുകാര്‍ തന്നെയാണ് മറ്റു സാക്ഷികള്‍.
തുടക്കത്തില്‍ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍ കേസന്വേഷിച്ച പോലീസുദ്യോഗസ്ഥര്‍ കുറ്റവാളികളായ പോലീസുകാരെ രക്ഷിക്കാനായി ഉദയകുമാറിനെ പ്രതിയാക്കി വ്യാജ എഫ് ഐ ആര്‍ ഉണ്ടാക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുകയും കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹരജി സമര്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത.് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത് അതിനു ശേഷമാണ്. എന്നാല്‍ അന്വേഷണം സി ബി ഐ ഏറ്റെടുത്ത ശേഷവും കേസ് അട്ടിമറിശ്രമം നടന്നു. വിചാരണക്കിടെ മാപ്പുസാക്ഷി ഉദയകുമാറിന്റെ സുഹൃത്ത് മണി അടക്കം ഏഴ് സാക്ഷികള്‍ കൂറുമാറിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ജില്ലാ കോടതിയില്‍ നടന്ന ആദ്യഘട്ട വിചാരണയില്‍ മണി കൂറുമാറിയപ്പോള്‍ ഇതിന്റെ പിന്നില്‍ കള്ളക്കളികളുണ്ടെന്ന് മനസ്സിലാക്കിയ സി ബി ഐ അയാളെ തെളിവ് നശിപ്പിച്ച കേസില്‍ പ്രതിയാക്കി. തുടര്‍ന്ന് കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന ഉറപ്പില്‍ കോടതി മണിയെ മാപ്പുസാക്ഷിയാക്കിയെങ്കിലും വിചാരണാ വേളയില്‍ പിന്നെയും പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് ഇയാള്‍ സ്വീകരിച്ചത്.

കേസ് തെളിയിക്കാനായി കൊടുംകുറ്റവാളിയെ പോലും ശാരീരികമായി പീഡിപ്പിക്കുകയോ മര്‍ദിക്കുകയോ അരുതെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ രാജ്യത്ത് പൊതുവേയും ഏറെക്കുറെ മെച്ചപ്പെട്ട പോലീസ് സംവിധാനമുള്ള സംസ്ഥാനമെന്ന ഖ്യാതിയുള്ള കേരളത്തില്‍ പോലും പോലീസിന്റെ മൂന്നാംമുറ പ്രയോഗവും കസ്റ്റഡി മരണവും വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ 16 പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ 30 ശതമാനവും പോലീസിനെതിരെയാണ്. മൂന്നാംമുറ മൂലമുണ്ടാകുന്ന കസ്റ്റഡി മരണങ്ങളില്‍ പ്രതികള്‍ പോലീസുകാരായതിനാല്‍ മിക്ക കേസുകളിലും വ്യാജ എഫ് ഐ ആറുകളാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രതിപ്പട്ടികയില്‍ സ്ഥലംപിടിക്കുന്ന പോലീസുകാരെ രക്ഷപ്പെടുത്താ ന്‍ സേനക്കകത്ത് നിന്നുള്ളവര്‍ തന്നെ കരുക്കള്‍ നീക്കും. കസ്റ്റഡി മരണങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നതിനാല്‍ സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും രഹസ്യമായി അതിനെ പിന്തുണക്കുകയും ചെയ്യും. പോലീസുകാര്‍ പ്രതികളായ കേസുകളിലെല്ലാം സി ബി ഐ അന്വേഷണം വേണമെന്ന മുറവിളി ഉയരുന്നതിന്റെ പശ്ചാത്തലമിതാണ്. ഈ മുറവിളി തികച്ചും ന്യായമാണെന്ന് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് അന്വേഷണത്തിന്റെ തുടക്കവും പരിണാമവും ബോധ്യപ്പെടുത്തുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ശ്രീജിത്തിന്റെതുള്‍പ്പെടെ സമീപകാലത്ത് നടന്ന പല കസ്റ്റഡി മരണങ്ങളിലും സി ബി ഐ അന്വേഷണത്തിന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇതിനോട് യോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇരകള്‍ക്ക് നീതി ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ കസ്റ്റഡിമരണ കേസുകളില്‍ പുറമെ നിന്നുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്നത് തന്നെയാണ് അഭികാമ്യം.

Latest