Connect with us

Travelogue

മഞ്ഞിന്‍ പട്ടണിഞ്ഞ ദര്‍ഗകള്‍

Published

|

Last Updated

ഞങ്ങള്‍ 28 പേര്‍. ആഗ്ര, ഡല്‍ഹി, ജമ്മു, കശ്മീര്‍, അജ്മീര്‍, അഹമ്മദാബാദ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം യാത്രാ പട്ടികയിലുണ്ട്. പോകുന്നതിന് മുമ്പുതന്നെ ഈ സ്ഥലത്തെ കുറിച്ചുള്ള പൂര്‍ണ വിവരം തയ്യാറാക്കലായിരുന്നു പ്രധാന ജോലി.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസ് വന്നുനില്‍ക്കുന്നു. സര്‍വ ഊര്‍ജവുമെടുത്ത് ലഗേജുകളും വഹിച്ച്് വേഗത്തില്‍ ഓടി തീവണ്ടിയില്‍ കയറിപ്പറ്റി. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ഈ യാത്ര തന്നെ ഇല്ലാതായേനെ. വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരുമായി സമയം പങ്കിട്ട് വിരസതയെ പടിക്കുപുറത്താക്കി. പഠാന്‍കോട്ടിലും കശ്മീരിലും സൈനിക സേവനം നടത്തുന്ന രണ്ട് മലയാളികള്‍, മധ്യപ്രദേശിലെ ഭോപ്പാലില്‍ ജോലി ചെയ്യുന്ന പോലീസ് കോണ്‍സ്റ്റബിള്‍, തലസ്ഥാന നഗരിയിലെ അഭിഭാഷകന്‍, മലയാളക്കരയില്‍ ജോലിക്കെത്തിയ ലക്‌നോ സ്വദേശി തഹ്‌സീല്‍ മുഹമ്മദ് ഇവരെയൊക്ക എനിക്കും കൂട്ടുകാര്‍ക്കും “ഇര”യായി കിട്ടി. സൈന്യത്തില്‍ താഴെത്തട്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുഭവിക്കേണ്ട യാതനകളും ഉറക്കമില്ലാതെ രാജ്യത്തിന്റെ കാവല്‍ ഭടന്മാരായി നില്‍ക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളും ജവാന്മാര്‍ ഞങ്ങളോട് പങ്കുവെച്ചു.

ഒന്നര ദിവസത്തിന് ശേഷം ഞങ്ങള്‍ ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. കശ്മീരിലേക്കുള്ള വഴിയിലെ ഒരു വിശ്രമം. വെണ്ണക്കല്ലില്‍ തീര്‍ത്ത സ്‌നേഹ സാമ്രാജ്യത്തിന്റെ വെള്ളക്കൊട്ടാരം യമുനാ നദിക്കരയില്‍ നിന്ന് ഞങ്ങളെ മാടിവിളിച്ചു. അതിമനോഹരമായ ആഗ്രയിലെ ഒരു പകല്‍. പേര്‍ഷ്യന്‍- മുഗള്‍ ശില്‍പ്പകലയുടെ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ ഒരു ദിവസമൊന്നും മതിയാകില്ല. 17 ഖുര്‍ആന്‍ അധ്യായങ്ങള്‍ കൊത്തിവെച്ച താജ്മഹല്‍ കൊത്തുപണികളാല്‍ അലങ്കാരമണിഞ്ഞ് നില്‍ക്കുന്നു. സൂര്യരശ്മികള്‍ വെണ്ണക്കല്ലില്‍ പതിച്ച് കണ്ണിലേക്ക് പ്രതിഫലിക്കുമ്പോള്‍ വല്ലാത്ത കടച്ചില്‍. ചിലപ്പോള്‍ ആ ചൂടേറ്റ് കണ്ണു ചുവന്ന് തടിക്കും. വേനലിന്റെ കഠിനതയില്‍ യമുനാ നദി അപ്രത്യക്ഷമാകാന്‍ അടുത്തിരിക്കുന്നു. അവിടെ നിന്നും ജമ്മുതാവിലേക്കുള്ള ട്രെയിന്‍ കയറി. ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പാനിപ്പത്ത്, ഹരിയാനയിലെ ലുധിയാന, പഠാന്‍കോട്ട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ജമ്മുവിലേക്കുള്ള മനോഹരമായ യാത്ര. ഒരു രാത്രിയും ഒരു പകലിന്റെ പകുതിയും സഞ്ചരിച്ചാണ് ജമ്മുവില്‍ എത്തിയത്. ജമ്മുവില്‍ നിന്നും 300 കിലോമീറ്ററിലധികം സഞ്ചരിച്ച് വേണം കശ്മീരിലെത്താന്‍. ഞങ്ങള്‍ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു. അവിടെ ജമ്മുതാവിയിലെ യാസീന്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പ്രിന്‍സിപ്പലായ നൗശാദ് ബുഖാരി ഞങ്ങള്‍ക്ക് വേണ്ടി ഒരു ജെ കെ എസ് ആര്‍ ടി സി ബസ് ഏര്‍പ്പാടാക്കയിരുന്നു. കൃത്യം രണ്ട് മണിക്ക് ഞങ്ങള്‍ ഭൂമിയിലെ പറുദീസയിലേക്കുള്ള യാത്ര ആരംഭിച്ചു.

പറുദീസയിലേക്ക് വളഞ്ഞുപുളഞ്ഞ്

ജമ്മുവിന്റെ സമതലങ്ങളില്‍ നിന്നും കശ്മീരിന്റെ ഉയരങ്ങളിലേക്കുള്ള യാത്ര ഓരോ നിമിഷവും വ്യത്യസ്തമായ അനുഭൂതിയാണ് പകര്‍ന്നുതന്നത്. ജമ്മു മുതല്‍ ബാരാമുല്ല വഴിയാണ് യാത്ര പോകുന്നത്. ഉദ്ദംപൂര്‍ വരെയുള്ള ആദ്യത്തെ 60 കി. മീറ്റര്‍ നല്ല റോഡാണ്. ശേഷം പര്‍വതാരോഹണമാണ്. ഭംഗിയുള്ള താഴ്‌വരകള്‍, കുത്തിയൊലിക്കുന്ന നദികള്‍ എല്ലാം കാണാം. പര്‍വതങ്ങളുടെ അരിക് ചെത്തിയുണ്ടാക്കിയ വളഞ്ഞുപുളഞ്ഞു പോകുന്ന ദേശീയ പാത.

തവി എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഝലം നദിക്ക് സമാന്തരമായാണ് ഈ ദേശീയ പാതയുടെ മുന്നോട്ടുള്ള ഗമനം. ഹിമാലയന്‍ മലനിരകളിലെ സിയാച്ചിനില്‍ നിന്ന് ഉത്ഭവിച്ചാണ് നദി താഴോട്ട് ഒഴുകി വരുന്നത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള റെയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ഈ റെയില്‍പാത നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ എവിടെ നിന്നും കശ്മീരിലേക്ക് ട്രെയിനുണ്ടാകും. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ റെയില്‍വേ തുരങ്കങ്ങളിലൊന്ന് (എട്ട് കി. മീറ്ററിലധികം) ഈ പാതയിലാകുകയും ചെയ്യും. റോഡ് മാര്‍ഗവും ഒരു തുരങ്കം കടന്നുവേണം യാത്ര ചെയ്യാന്‍. ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് തുരങ്കമായ ജവഹര്‍ ടണലി (2.85 കി.മീ)ലൂടെയുള്ള യാത്ര ഒന്നൊന്നര അനുഭവമാണ്. ഈ റൂട്ടില്‍ രംബാനി എന്ന സ്ഥലത്ത് നല്ല ഭക്ഷണം കിട്ടും. ഇവിടെ നിന്ന് ജമ്മുവിലേക്കും കശ്മീരിലേക്കും സമദൂരമാണ്. യാത്രക്കിടയില്‍ ഇടക്കിടെയായി വലിയ വലിയ പട്ടാള ക്യാമ്പുകള്‍ കണ്ടു. ഭയപ്പെടുത്തി ഇടക്കിടെ കുതിച്ചുവരുന്ന ടാങ്കറുകളും പട്ടാളവണ്ടികളും. ദേശീയപാതയിലും ഓരത്തും മലമുകളിലുമെല്ലാം സൈനിക സാന്നിധ്യം. ധാരാളം ചരക്കുലോറികളാണ് വഴിയിലുടനീളം. താഴെ ജമ്മുവില്‍ നിന്നും ഭക്ഷണസാധനങ്ങളും മറ്റും ചരക്ക് ലോറികളില്‍ എത്തിയിട്ട് വേണം മുകളിലുള്ള കശ്മീരികള്‍ക്ക് ജീവിതം മുന്നോട്ടുനീക്കാന്‍. പെട്ടെന്ന് ബസ് സഡന്‍ ബ്രേക്കിട്ടു. നോക്കുമ്പോള്‍ മുന്നില്‍ കണ്ണെത്താ ദൂരത്തോളം നിരനിരയായി വാഹനങ്ങള്‍. ജീവിതത്തില്‍ അനുഭവിച്ച വലിയ ഗതാഗത കുരുക്ക്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വലിയ കുരുക്കുകള്‍ ഇവിടെ സ്ഥിരം കാഴ്ചയാണ്. മണ്ണിടിച്ചില്‍, ജമ്മു മുതല്‍ കശ്മീര്‍ വരെയുള്ള സമാന്തര റോഡ് നിര്‍മാണം, അപകടങ്ങള്‍.. കാരണങ്ങള്‍ നിരവധി. സാധാരണ കശ്മീരിലെത്താന്‍ എട്ട്, ഒമ്പത് മണിക്കൂര്‍ പിടിക്കും. ഗതാഗത കുരുക്കുണ്ടായാല്‍ 15 മണിക്കൂര്‍, 24 മണിക്കൂര്‍ അങ്ങനെ നീണ്ടുപോകും. ഞങ്ങള്‍ 20 മണിക്കൂറിലധികം എടുത്തു.

പകുതിയിലധികം ദൂരം പിന്നിട്ടാല്‍ ദൂരെ മഞ്ഞുപുതച്ചു കിടക്കുന്ന ഹിമാലയന്‍ ഗിരിനിരകള്‍ കാണാം. സൂര്യരശ്മികളേറ്റ് അവ വെട്ടിത്തിളങ്ങുന്നു. ദൂരങ്ങള്‍ പിന്നിടുമ്പോള്‍ തണുപ്പ് കൂടി വരുന്നുണ്ട്. പിറ്റേ ദിവസം പ്രഭാത സമയത്ത് ഉസ്താദുമാര്‍ വിളിച്ചുണര്‍ത്തിയപ്പോള്‍ കശ്മീരിലെത്തിയെന്ന പ്രതീക്ഷയോടെയാണ് എഴുന്നേറ്റത്. പക്ഷെ, അപ്പോഴും കുരുക്കഴിയാതെ ബസ്! പര്‍വതത്തിന് മുകളില്‍ ജലലഭ്യതയില്ലാത്തതിനാല്‍ സമയത്തിന്റെ പവിത്രത മാനിച്ച് തയമ്മും ചെയ്ത് റോഡില്‍ വെച്ച് നിസ്‌കരിച്ചു. മഞ്ഞിന്റെ സാന്നിധ്യം കൊണ്ട് പാതയരികിലെ മണ്ണെല്ലാം ജലാംശമുള്ളതായിരുന്നു. ക്രിക്കറ്റ് ബാറ്റുകള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ കശ്മീലേക്കുള്ള വഴിയില്‍ ധാരാളം കാണാനിടയായി.

ഉയരങ്ങളിലെ മഖ്ബറകള്‍

ആദ്യമായി ഞങ്ങള്‍ പോയത് നിഷാത് ബാഗ് ഉദ്യാനത്തിലേക്കാണ്. മുംതാസ് മഹലിന്റെ പിതാവും നൂര്‍ജഹാന്റെ സഹോദരനുമായ അബ്ദുല്ല ഹസന്‍ അസഫ് ഖാന്‍ 1633ല്‍ പണി കഴിപ്പിച്ചതാണ് ഡാല്‍ തടാകത്തിന്റെ കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്ന നിഷാത് ബാഗ്. ഡാല്‍ തടാകക്കരയിലെ ഹസ്രത്ത് ബാല്‍ പള്ളിയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. മുഹമ്മദ് നബി (സ)യുടെ തിരുകേശം സൂക്ഷിച്ച പള്ളിയാണിത്. ഇന്ത്യയിലെ പഴക്കം ചെന്ന മുസ്‌ലിം പള്ളികളിലൊന്ന്. പേര്‍ഷ്യന്‍- അറേബ്യന്‍ വാസ്തു ശില്പ മാതൃകയില്‍ 1634ല്‍ ഷാജഹാനാണ് ഇവിടെ പള്ളി നിര്‍മിച്ചത്. തുടര്‍ന്ന് 1699ല്‍ ഔറംഗസീബിന്റെ കാലത്താണ് ഇവിടെ തിരുകേശം എത്തിയതെന്ന് കണക്കാക്കപ്പെടുന്നു. പിന്നീട് പല ഘട്ടങ്ങളിലായി പള്ളി പുതുക്കിപ്പണിതു. ഇപ്പോള്‍ കാണുന്ന രൂപത്തില്‍ നിര്‍മാണം പൂര്‍ത്തിയായത് 1979ലാണ്. മിഹ്‌റാബിന് മുകളില്‍ പ്രത്യേകം അലങ്കരിച്ച കൂടാരത്തിലാണ് തിരുകേശം. അവിടെ വെച്ച് പ്രവാചക പ്രേമകാവ്യത്തിലെ വരികള്‍ ആലപിച്ച് പ്രാര്‍ഥിച്ചു. വിശേഷ ദിനങ്ങളില്‍ മാത്രമാണ് തിരുകേശ പ്രദര്‍ശനം. അവിടെ നിന്ന് തിരിക്കുമ്പോള്‍ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഈ യാത്രയിലെ ആദ്യ സിയാറത്ത് കേന്ദ്രത്തിലേക്കാണ് പിന്നീട് പോയത്. ഹസ്രത്ത് ഹംസ മഖ്ദൂം കശ്മീരി, ഇവരുടെ ഖലീഫ ബാബാ ദാവൂദ് കാക്കി എന്നീ മഹാരഥന്മാരാണ് അവിടെ അന്തിയുറങ്ങുന്നത്. കശ്മീരിന്റെ ആത്മീയ ഗുരുവായിരുന്നു ഹസ്രത്ത് ഹംസ മഖ്ദൂം. ഉയരങ്ങളിലാണ് കശ്മീരിലെ മഖ്ബറകളെല്ലാം സ്ഥിതിചെയ്യുന്നത്. ഭംഗിയായി നിര്‍മിച്ച പടവുകള്‍ കയറി വേണം മുകളിലെത്താന്‍. പള്ളികള്‍ക്കെല്ലാം നല്ല ചന്തമുണ്ട്. പുരാതന മാതൃകയില്‍ നിര്‍മിച്ചവ. ഈ മഖ്ബറ മുറ്റത്തുനിന്നും പള്ളിയോടു ചേര്‍ന്ന് നോക്കിയാല്‍ മലയുടെ മുകളില്‍ കശ്മീര്‍ ഭരിച്ച രാജാവിന്റെ കോട്ടയുടെ ചുറ്റുമതില്‍ മാത്രം വര്‍ണാഭമായി അലങ്കരിച്ചത് അതിമനോഹരമായി കാണാം. അവിടെ സിയാറത്ത് ചെയ്ത് ഞങ്ങള്‍ പോയത് കശ്മീര്‍ ഓള്‍ഡ് സിറ്റിയിലേക്കായിരുന്നു. മുഗളന്മാരുടെ നിര്‍മാണ സൗന്ദര്യം അത്ഭുതപ്പെടുത്തും വിധമാണ് കശ്മീര്‍ ഓള്‍ഡ് സിറ്റിയിലെ ജാമിഅ മസ്ജിദ്. ഒറ്റമരത്തൂണില്‍ പടുത്തുയര്‍ത്തിയ മസ്ജിദില്‍ ഒരു ജമാഅത്ത് നിസ്‌കാരത്തിന് 33,333 പേരെ ഉള്‍ക്കൊള്ളും. 375 വലിയ ഒറ്റമരത്തൂണുകളാല്‍ നിര്‍മിച്ച പള്ളിയുടെ വിശാലമായ നടുമുറ്റം പൂന്തോട്ടത്താല്‍ അലങ്കരിച്ചിരിക്കുന്നു.
കശ്മീരില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയുള്ള ഗുല്‍മാര്‍ഗിലേക്കാണ് അടുത്ത യാത്ര. കശ്മീര്‍ പറുദീസയെങ്കില്‍ അതിലെ ഒരു താഴ്‌വരയാണ് ഗുല്‍മാര്‍ഗ്. പര്‍വതത്തില്‍ നിന്നും പിറവിയെടുക്കുന്ന ഒരു നദിയുടെ മുകള്‍ ഭാഗം മുഴുവനും മഞ്ഞ് മൂടിയിരിക്കുന്നു. ഞാനും ചില സുഹൃത്തുക്കളും വെള്ളം കാണുന്ന ഭാഗത്തേക്ക് നദിക്ക് മുകളിലൂടെ നടന്നു. പിന്നില്‍ വന്ന ചില കൂട്ടുകാര്‍ മഞ്ഞിടിഞ്ഞ് നദിയില്‍ വീണു. നദി പിറവിയെടുക്കുന്ന ഭാഗമായതുകൊണ്ട് വെള്ളം കുറവായിരുന്നു. കാര്യമായ പരുക്കുകളൊന്നും പറ്റിയില്ല. അല്‍പ്പ സമയം നീണ്ടുനിന്ന മഞ്ഞുമഴയും ഞങ്ങള്‍ ആസ്വദിച്ചു. ഗുല്‍മാര്‍ഗില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ ബാബാ നിയാമുദ്ദീന്‍ റിഷി (ഖ സി)യുടെ മഖ്ബറ സിയാറത്ത് ചെയ്തു.
ഇനി മടക്കയാത്ര. മഞ്ഞുപുതച്ച ഗിരി നിരകള്‍, ചുവന്നുനില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍, പാകമായ ആപ്രിക്കോട്ട് പഴങ്ങള്‍… ഇതെല്ലാം കശ്മീരില്‍ നിന്ന് നുകര്‍ന്ന പുതിയ അനുഭവങ്ങള്‍. ദൈവത്തിന്റെ അത്ഭുതകരവും സുന്ദരവുമായ സൃഷ്ടിപ്പിന്റെ വ്യത്യസ്ത ഭാവങ്ങള്‍ നേരില്‍ അനുഭവിച്ചപ്പോള്‍ മനസ്സില്‍ കുളിര്‍പ്പെയ്ത്ത് തിമിര്‍ക്കുന്നു.
.