Connect with us

Book Review

കവിതയുടെ പാഠപുസ്തകം

Published

|

Last Updated

കവികളുടെ ഗദ്യം എന്നെ ഏറെ ആകര്‍ഷിച്ച സാഹിത്യ പുസ്തകങ്ങളാണ്. ഒരേ സമയം ഭാഷാപരമായി വിസ്മയിപ്പിക്കുന്നവയും ഭാവനാത്മകമായി വിഷയങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നവയാണവ. കവികള്‍ അങ്ങനെയാണല്ലോ. ഭാഷയുടെ അലകും പിടിയും മനസ്സിലാക്കിയവര്‍. വ്യത്യസ്തമായ ബിംബങ്ങളിലൂടെ വരികള്‍ തയ്യാറാക്കുന്നവര്‍. ഫ്രഞ്ച് കവിയായിരുന്ന ചാള്‍സ് ബൗഡലറിയുടെ പ്രസിദ്ധമായൊരു പ്രയോഗമുണ്ട്: Always be a poet, even in prose (എല്ലായ്‌പ്പോഴും ഒരു കവിയാവുക; ഗദ്യമാണ് എഴുതുന്നതെങ്കില്‍ കൂടി).

ഗദ്യത്തില്‍ കവിതയുടെ ഭാവങ്ങള്‍ നിറയെ നിരത്തി എഴുതുന്ന പ്രമുഖനായ ഒരു കവിയുണ്ട് മലയാളത്തില്‍. കല്‍പ്പറ്റ നാരായണന്‍. കവിതയെക്കാള്‍ അദ്ദേഹം എഴുതിയിട്ടുള്ളത് ഗദ്യങ്ങളാണ്. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ ഗദ്യ കൃതിയാണ് “കവിതയുടെ ജീവചരിത്രം”. പുസ്തകത്തിന്റെ ആമുഖത്തില്‍ കവിതയുടെ ലോകത്തേക്ക് തന്നെ ആനയിച്ച ബാല്യകാലം മുതലുള്ള വായനയോടുള്ള അടങ്ങാത്ത അഭിനിവേശത്തെപ്പറ്റി കല്‍പ്പറ്റ സൂചിപ്പിക്കുന്നുണ്ട്. ചെറുപ്പകാലത്ത് കൂട്ടുകാരില്‍ നിന്നെല്ലാം വ്യത്യസ്തമായി വായനാലോകത്ത് മായികമായ ഭ്രമത്തോടെ കഴിഞ്ഞു കൂടിയിരുന്ന ഒരാള്‍. അടുത്ത സുഹൃത്തുക്കള്‍ മുഴുവന്‍ പുസ്തകങ്ങളായിരുന്നു. ജാഥയിലും പാര്‍ട്ടിയിലും ഒന്നും നില്‍ക്കാന്‍ ത്രാണിയോ താത്പര്യമോ ഇല്ലാതെ പുസ്തകങ്ങളോട് അഗാധമായ അനുരാഗം കാട്ടി. ബഷീറും ഒ വി വിജയനും മേതിലും കമലാ സുരയ്യയുമായിരുന്നു തന്റെ പ്രിയപ്പെട്ട വായനക്കാരെന്ന് കല്‍പ്പറ്റ എഴുതി.

കവിത ധാരാളം വായിച്ച എഴുതിയ ഒരാളെന്ന നിലയില്‍, വീട്ടില്‍ നിന്നതിനേക്കാളേറെ കവിതയുടെ ലോകത്തിലൂടെ സഞ്ചരിച്ച ഒരാളെന്ന നിലയില്‍, പല ഘട്ടങ്ങളിലായി കല്‍പ്പറ്റ എഴുതിയ കവിത സംബന്ധിച്ച പഠനങ്ങളും ഉപന്യാസങ്ങളും സമാഹരിച്ച പുസ്തകമാണിത്. മുപ്പത് അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.
കവിതയുട ഭാഷയെക്കുറിച്ചാണ് പ്രഥമമായി അദ്ദേഹം വാചാലനാകുന്നത്. “സംഭാഷണ ഭാഷയില്‍ നിന്ന് ഭിന്നമല്ലാത്തതും എന്നാല്‍ വാക്കുകളെ കൂടുതല്‍ അര്‍ഥവത്തായി ക്രമീകരിച്ചതും അറിയിക്കുന്നതില്‍ കവിഞ്ഞ ധര്‍മമുള്ളതും ക്ഷയിക്കാത്തതും ഭ്രമിപ്പിപ്പിക്കുന്ന രൂപമുള്ളതും ഉത്കടവുമായ ഭാഷയാണ് കവിത” എന്നാണ് കല്‍പ്പറ്റ പറയുന്ന ഒരു നിര്‍വചനം. അദ്ദേഹത്തിന്റെ കവിതകളിലെല്ലാം ഇത്തരത്തിലുള്ള, ഏതു വായനക്കാരുടെയും ഹൃദയത്തിലേക്ക് പതിക്കുന്ന ഭാഷ കാണാം. മറ്റാര്‍ക്കും പറയാന്‍ പറ്റാത്ത വിധത്തില്‍ ഓരോ വിഷയത്തെയും അവതരിപ്പിക്കുന്നതിനുള്ള മിടുക്ക് കാണാം. ഭാഷയുടെ കവിഞ്ഞൊഴുകലാണ് കവിത എന്ന് കല്‍പ്പറ്റ ഒരു പ്രഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്.

“ഒരു മുടന്തന്റെ സുവിശേഷം” എന്ന കവിതാസമാഹാരത്തിലെ “ആശ്വാസം” എന്ന കവിതയില്‍ കല്‍പ്പറ്റയുടെ കാവ്യസങ്കല്‍പ്പത്തിന്റെ പ്രകടനം കാണാം. ചില വരികള്‍: അമ്മ മരിച്ചപ്പോള്‍/ ആശ്വാസമായി/ ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം/ ആരും സൈ്വരം കെടുത്തില്ല/ ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതുവരെ/ തല തുവര്‍ത്തണ്ട/ ആരും ഇഴ വിടര്‍ത്തി നോക്കില്ല/ ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്/ ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം/ പാഞ്ഞെത്തുന്ന ഒരു നിലവിളി/ എന്നെ ഞെട്ടിച്ചുണര്‍ത്തില്ല…./ ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം/ ഞാന്‍ എത്തിയാല്‍ മാത്രം/ കെടുന്ന വിളക്കുള്ള വീട് / ഇന്നലെ കെട്ടു… ഭാഷ പ്രാഥമികമായി വായിക്കാനറിയുന്ന ഏതൊരാളുടെയും ഹൃദയത്തിലേക്ക് ഊക്കോടെ പ്രവേശിക്കുന്ന വരികള്‍. അമ്മയുടെ വിയോഗത്തോടെ അവസാനിക്കുന്ന വിതുമ്പലുകളില്‍ പരിഹാരമാകാത്ത അസാമാന്യമായ ദുഃഖഭാരത്തെ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നു ഈ വരികള്‍.

കാവ്യോല്‍പ്പത്തിയെപ്പറ്റിയുള്ള അധ്യായമാരംഭിക്കുന്നത് തന്റെയുള്ളില്‍ കവിത വിരിയിച്ചവരെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചാണ്. എന്‍ സുഗതന്‍ എന്ന അധ്യാപകന്‍ പ്രീഡിഗ്രി ക്ലാസില്‍ ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി ചൊല്ലിയപ്പോള്‍ ആ വരികളിലെ കവിത ഹൃദയത്തില്‍ തട്ടിയെന്നും കവിതയെന്ന അത്ഭുതം കണ്ടെന്നും കല്‍പ്പറ്റ എഴുതി. വായനയില്‍ കാലാന്തരങ്ങള്‍ കഴിഞ്ഞാലും സജീവമായി നില്‍ക്കുമെന്ന് തോന്നിച്ച ചില കവിതാവാക്യങ്ങള്‍ക്ക് ആറ്റൂര്‍ രവിവര്‍മയുടെ “പുറപ്പെട്ടേടത്താണൊരായിരം കാതമവള്‍ നടന്നിട്ടും” പോലുള്ളവ അദ്ദേഹം ഉദാഹരിക്കുന്നു.

കവിതക്കു ഏതുകാലക്കാരെയും പിടിച്ചുനിര്‍ത്താനാവുമെന്ന് കല്‍പ്പറ്റ എഴുതി. “വളരുന്തോറും മറ്റെല്ലാ പാഠ്യവസ്തുക്കളും ചെറുതാകുമ്പോള്‍ കവിത ഒപ്പം വളരുന്നു. ഒന്‍പതാം ക്ലാസുകാരന് രണ്ടാം ക്ലാസിലെ സാമൂഹിക പാഠമോ ഗണിതപാഠമോ പോലെ രണ്ടാം ക്ലാസിലെ കവിത. നോക്കമ്മേ എന്തൊരു ഭംഗി പൂക്കള്‍ പോകുന്നിതാ പറന്നമ്മേ എന്ന് തുടങ്ങുന്ന ആശാന്‍ കവിതയെ തുച്ഛമാക്കുന്നതൊന്നും പിന്നീടെന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ചിട്ടില്ല.”

നിലവിലെ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിലെ കവിതകളില്‍ പലതിനോടും കല്‍പ്പറ്റ വിയോജിക്കുന്നു. വൃത്തം, അലങ്കാരം തുടങ്ങിയവയിലൂന്നിയ പാഠപുസ്തക കവിതകള്‍, മികച്ച കവിത പഠിക്കാനുള്ള മാതൃകകളല്ല. കവിതയെയല്ല , അതിന്റെ സ്ഥൂല ഘടനയെ മാത്രം ആസ്പദിച്ചു ചേര്‍ക്കപ്പെട്ട ഇത്തരം വരികള്‍ ചൊല്ലാന്‍ പാകത്തിലുള്ളവ എന്ന പരിഗണയില്‍ മാത്രം വരുന്നവയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കുമാരനാശാന്‍, ചങ്ങമ്പുഴ, പി കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി, അക്കിത്തം, ആറ്റൂര്‍ രവിവര്‍മ, കെ ജി ശങ്കരപ്പിള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി മലയാള കവിതയില്‍ ഭാവുകത്വത്തിന്റെ പുതുനിര്‍മിതികള്‍ നടത്തിയ വ്യത്യസ്ത കാലഘട്ടങ്ങളിലെ ശ്രേഷ്ഠ കവികളെയും അവരുടെ മികച്ച കവിതകളെയും കുറിച്ചുള്ള പഠനങ്ങളുണ്ട് പുസ്തകത്തില്‍.

സ്വന്തം കാവ്യജീവിതത്തിന്റെ വിവിധ പ്രതലങ്ങള്‍ അനാവരണം ചെയ്ത് എഴുതിയ “എന്നിലൂടെ” എന്ന ദീര്‍ഘാനുഭവക്കുറിപ്പ് പുസ്തകത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. കുഞ്ഞുണ്ണി മാഷെ പരിചയപ്പെട്ടത് പറഞ്ഞാണ് തുടക്കം. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ കുറിച്ചുള്ള ഭാഗം ഏറെ ഹൃദ്യം. “എന്റെ ബഷീര്‍” എന്നൊരു പുസ്തകം കൂടി രചിച്ചിട്ടുണ്ട് കല്‍പ്പറ്റ. മലയാളത്തില്‍ പ്രസിദ്ധീകരിച്ച ബഷീറിനെ കുറിച്ചുള്ള ഏറ്റവും നല്ല പഠനങ്ങളിലൊന്ന്.

ഭാഷയുടെ രൂപാന്തരീകരണത്തെക്കുറിച്ചുള്ള കുറിപ്പാണ് “നട്ടാല്‍ മുളക്കുന്ന ഭാഷ”. സാമൂഹിക പരിസരവുമായി വെച്ചുനോക്കുമ്പോള്‍ നഗ്‌നയാഥാര്‍ഥ്യമായി മുഴച്ചു നില്‍ക്കുന്ന ചില സത്യങ്ങള്‍ കല്‍പ്പറ്റ ഇവിടെ പങ്കുവെക്കുന്നു. വരമൊഴിക്കു പ്രാധാന്യം വന്നതോടെ കാവ്യാത്മകമായ പലരുടെയും വാമൊഴി നിലച്ചു. സവര്‍ണന്റെ ഭാഷക്ക് വരമൊഴിയിലൂടെ വലിയ പ്രാധാന്യം ലഭിച്ചു. അവരുടെ വീട്ടുഭാഷയും ഗ്രന്ഥ ഭാഷയും തമ്മില്‍ സാമ്യമുള്ളതിനാല്‍ സവര്‍ണ കുടുംബങ്ങളില്‍ നിന്നെത്തിയവര്‍ക്ക് വിദ്യാലയങ്ങളില്‍ ഗാര്‍ഹികത്വം അനുഭവിക്കാനായി. പണിയന്‍ പഠിക്കാന്‍ പിന്നോട്ടായത്, അവന്റെ വാമൊഴിയെ ആക്രമിക്കുന്ന കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍ എന്നതിനാലാണ്.

എഴുത്തിന്റെ മാറ്റങ്ങളെപ്പറ്റിയുള്ള ലേഖനമാണ് “അതൊന്ന് എഴുതിത്തരാമോ” എന്നത്. “എഴുത്ത് കണ്ടുപിടിക്കപ്പെട്ട ശേഷമുള്ള സകല മാറ്റങ്ങളിലും എഴുത്തിന്റെ കൂടി പങ്കുണ്ടായിരുന്നു. എഴുത്ത് ആരംഭിച്ചപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന ഭാഷ കാണാനുമായി, കണ്ണിനു മുമ്പില്‍ ഭാഷ നിശ്ചലമായി നിന്നുകൊടുത്തപ്പോള്‍ (ഫ്രീസ് ചെയ്യപ്പെട്ടപ്പോള്‍) നിരീക്ഷണത്തിന്, അപഗ്രഥനത്തിന്, തിരുത്തലിന്, ഏച്ചുകൂട്ടലിന് സൗകര്യമായി. വൈയാകരണനും ചരിത്രകാരനും താര്‍ക്കികനും ഉത്സാഹത്തോടെ പ്രത്യക്ഷപ്പെട്ടു. കവിതയുടെ വലിപ്പം കവിയുടെ ഓര്‍മശക്തിയോളമോ കേള്‍വിക്കാരന്റെ ശ്രദ്ധാശേഷിയോളമോ ആയിരുന്നു”. എത്ര മനോഹരം, കാവ്യാത്മകം ആണീ നിരീക്ഷണങ്ങള്‍.

ഒരു മാതൃഭാഷാ ദിനത്തിലെഴുതിയ “മലയാളമായാലെന്താ” എന്ന കുറിപ്പ് മലയാള ഭാഷയുടെ സമകാലികതയെ കേരളീയര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് സംബന്ധിച്ച നിരീക്ഷണങ്ങളാണ്. മലയാളികളുടെ സംഭാഷണ ഭാഷയില്‍ സര്‍ഗാത്മകത കുറയുന്നു. സംസാര സുഖം കുറഞ്ഞു. മാതൃഭാഷ അഭിമാനമാണെന്നും അതെപ്പോഴും മലയാളി ചേര്‍ത്തുപിടിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

പുസ്തകത്തിലെ അവസാന അധ്യായമാണ് കാവ്യനിഘണ്ടു. പ്രിയപ്പെട്ട ചില പദങ്ങളുടെ വ്യാഖ്യാനം. കാവ്യാവലോകനം. അകം, അത്താഴം, അമ്മ എന്നിങ്ങനെ പോകുന്നു വാക്കുകള്‍. ഇതൊരു നിഘണ്ടുവിന്റെ ആരംഭം മാത്രമാണെന്നും എന്ന് മുഴുമിപ്പിക്കുമെന്നു ഒരു നിശ്ചയവുമില്ലെന്നും കല്‍പ്പറ്റ എഴുതുന്നു. ഓരോ പദത്തിനും നല്‍കിയിരിക്കുന്നു, മലയാളത്തിലെ അത് സംബന്ധിച്ച തീവ്രമായ വരികള്‍.

കവിതയെഴുതുന്നവരും വായിക്കുന്നവരും ആവര്‍ത്തിച്ചു പാരായണം ചെയ്യേണ്ട പുസ്തകമാണിത്. മലയാള നിരൂപണത്തില്‍ ഫിലോസഫിയുടെ ജൈവികത സൂക്ഷ്മമായി കാണുന്ന ഗ്രന്ഥം. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.
.

Latest