മോഹന്‍ലാലിനെതിരായ നിവേദനത്തിന് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങളെന്ന് കമല്‍

Posted on: July 24, 2018 1:20 pm | Last updated: July 24, 2018 at 9:06 pm

കൊച്ചി: മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെയുള്ള നിവേദനത്തിന് പിറകില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങളെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മോഹന്‍ലാലിനെ ചടങ്ങിലേക്കു വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കു മെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്് മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്നും കമല്‍ പറഞ്ഞു.

മോഹന്‍ലാലിനെതിരായ ഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജും വ്യക്തമാക്കിയിട്ടുണ്ട്. ഈ ആവശ്യത്തിന് തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഒന്നും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, പുരസ്‌കാരവിതരണ ചടങ്ങിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം കിട്ടിയിട്ടില്ലെന്നും അറിയാത്ത കാര്യത്തെക്കുറിച്ചു അഭിപ്രായും പറയുന്നില്ലെന്ന് മോഹന്‍ലാലും പ്രതികരിച്ചിട്ടുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 108 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്നറിയുന്നു.